അന്തരിച്ച ആയുര്‍വേദാചാര്യന്‍ ഡോ. പി കെ വാര്യരെ കുറിച്ച് ദി ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍ എഴുതുന്നു
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ സ്ഥാപകന്‍, ആയൂര്‍വേദത്തിന്റെ മഹിമ ലോകത്താകെ പടര്‍ത്തിയ മഹാന്‍, ഒരു വൈദ്യശാഖയുടെ തന്നെ തലതൊട്ടപ്പനായി വാഴുന്ന കാലത്തും ലാളിത്യവും സ്‌നേഹവും കൊണ്ട് ചുറ്റിലും നില്‍ക്കുന്ന മനുഷ്യരെ അത്രമേല്‍ സന്തോഷിപ്പിക്കാന്‍ കഴിയുന്ന മനസ്സിന് ഉടമ. കോട്ടയ്ക്കലിലെ ഏറ്റവും വലിയ ചെറിയ കുട്ടിയായിരുന്നു പരിചയമുള്ള ഏവരും സ്‌നേഹത്തോടെ കുട്ടിമ്മാന്‍ എന്നുവിളിച്ചിരുന്ന ഡോ. പി കെ വാര്യര്‍.
എത്ര തെളിച്ചമുള്ള ജീവിതമാണദ്ദേഹം ജീവിച്ചു തീര്‍ത്തതെന്ന് ഇന്നിപ്പോള്‍ ആ വലിയ ശൂന്യതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ തോന്നുന്നു. എത്രായിരം മനുഷ്യര്‍ക്കാണ് ജീവിതം തിരിച്ചുകൊടുത്തത്. എത്ര മനുഷ്യരുടെ അകമറിഞ്ഞ് പറഞ്ഞ നന്ദികളാകണം ഇത്രനാളാ മനുഷ്യനെ മുന്നോട്ടു നയിച്ചത്....
കണക്കില്‍ പ്രിയങ്കരനായിരുന്ന, എഞ്ചിനീയിറങ്ങിന് പോകാന്‍ ആഗ്രഹിച്ചിരുന്നൊരു കുട്ടി ചെന്നെത്തിയത് ആയുര്‍വേദമെന്ന വലിയ കവാടത്തിന് മുന്നില്‍. ആ വലിയ കവാടം തുറിന്നിട്ടൊരു കോട്ട പണിതിരിപ്പുറപ്പിച്ച ഡോ. പി കെ വാര്യര്‍ കൈപ്പുനീരിറ്റിയ കഷായം കൊണ്ടുമാത്രമായിരുന്നില്ല രോഗങ്ങളകറ്റിയിരുന്നത്. അത്രമേല്‍ സ്‌നേഹാര്‍ദ്രമായ മനസ്സുകൊണ്ടു കൂടിയാണ്.
തേജസ്സുറ്റ മുഖം ഒരിക്കലെങ്കിലും വാടിക്കണ്ടിട്ടുണ്ടോ ഇത്രനാള്‍ ആ മുന്നിലേക്ക് ചെന്നുകയറുമ്പോഴെല്ലാം? ഇല്ലായെന്ന് നിസംശയം പറയാന്‍ സാധിക്കും. അത്രയേറെ വാത്സല്യത്തോടെയല്ലാതെ പെരുമാറിയിട്ടില്ലൊരിക്കലും...ആയിരക്കണക്കിന് ആളുകളെ പരിചരിക്കുമ്പോഴും നമ്മോട് കാണിക്കുന്ന കരുതല്‍, നിറഞ്ഞ ചിരി, വാത്സല്യം എല്ലാം തെളിഞ്ഞു കത്തുന്ന വിളക്കുപോലെ ഹൃദയത്തെ പ്രകാശപൂരിതമാക്കുന്നു.
പ്രശസ്തിയുടെ പരകോടിയില്‍ നില്‍ക്കുമ്പോഴും, അദ്ദേഹം എന്നും ഉള്ളിലൊരു കുട്ടിയെ നിലനിര്‍ത്തി. എല്ലാത്തിലും കൗതുകമുള്ള, അറിവ് നേടിയെടുക്കാന്‍ അടങ്ങാത്ത ആഗ്രഹമുള്ള, അത്രയും നിഷ്‌കളങ്കനായൊരു കുട്ടിയായിരുന്നു അത്. ഭഗവാന്‍ വിശ്വംഭരന്റെ അചഞ്ചലനായ ഭക്തനായിരുന്നു. ഒരുപക്ഷേ ചില നഷ്ടങ്ങളെ പോലും ചിരിച്ചുകൊണ്ട് നേരിടാന്‍ അദ്ദേഹത്തിന് സാധിച്ചത് ആ അചഞ്ചലമായ ഭക്തികൊണ്ടാകണം.
വ്യക്തികള്‍ക്കിടയില്‍ വളര്‍ന്നുവരുന്ന വിദ്വേഷങ്ങളെ വേരോടെ പറിച്ചെറിഞ്ഞ് അവരെ ബന്ധങ്ങളുടെ ഊഷ്മള കണ്ണികളില്‍ ചേര്‍ത്തെടുക്കാന്‍ കുട്ടിമ്മാന് പ്രത്യേക കഴിവുണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. കോട്ടയ്ക്കല്‍ എന്നാല്‍ സ്ഥിരം എത്തുന്നവര്‍ക്ക് കൈപ്പേറിയ കഷായക്കൂട്ടികള്‍ അല്ല, മറിച്ച് സൗമ്യ ഭാവത്തിന്റെ ചിരി നിറഞ്ഞ ആ മുഖത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകളാണ്... ആ നിറഞ്ഞ ചിരിക്കു മുന്നില്‍, മനസ്സുതുറന്നുള്ള കരുതലിന് മുന്നില്‍ സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നു...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates