അതിവേഗം ബഹുദൂരം എന്നതായിരുന്നു ആദ്യ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുദ്രാവാക്യം; ഭരണനടപടികളിലെ വേഗം തന്നെയായിരുന്നു അതിന്റെ മുഖമുദ്ര. ആ വേഗത്തിന് അനുഭവ സാക്ഷ്യം പറയുകയാണ്, ഫൊറന്‍സിക് സര്‍ജന്‍ ആയ ഡോ. എകെ ഉന്മേഷ് ഈ കുറിപ്പില്‍. സൗമ്യ കേസില്‍ പ്രതിഭാഗം ചേര്‍ന്നെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡോ. ഉന്മേഷ് സര്‍വീസില്‍ തിരിച്ചെത്തിയതിനെക്കുറിച്ചാണ്, ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ വിവരിക്കുന്നത്. കുറ്റക്കാരനല്ലെന്നു കോടതി കണ്ടെത്തിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ഭരണയന്ത്രത്തെ ഉമ്മന്‍ ചാണ്ടി ശരവേഗത്തില്‍ ചലിപ്പിച്ചതെങ്ങനെയെന്നു പറയുന്നു, ഡോ ഉന്മേഷ്.
കുറിപ്പു വായിക്കാം:
'ഡോക്ടര്‍ക്ക് ഇപ്പോള്‍ തിരികെ ജോലിയില്‍ കയറണം അല്ലേ..? അതല്ലേ ആവശ്യം..?'
എന്റെ കയ്യിലിരുന്ന അപേക്ഷയും അതോടൊപ്പം ഉണ്ടായിരുന്ന ഹൈ കോര്‍ട്ട് ഓര്‍ഡറും വായിച്ചുനോക്കിയ ശേഷം അദ്ദേഹം ചോദിച്ച ഈ ചോദ്യം ഞാന്‍ എന്റെ ജീവിതത്തില്‍ മറക്കില്ല. കാരണം ഇതേ രേഖകള്‍ ഉണ്ടായിരുന്നിട്ടും ആറ് മാസത്തിലധികമായി തീരുമാനമാക്കാതെ തള്ളിനീക്കിയിരുന്ന ഒരു ഫയലിന്റെ സെക്രട്ടറിയറ്റ് ജീവിതത്തിന് ആ ചോദ്യത്തോടുകൂടി ആത്മശാന്തി ലഭിക്കുകയായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി ആയിരുന്ന ശ്രീ. വി.എസ് ശിവകുമാറിനെ നേരിട്ട് കണ്ടുസംസാരിച്ചിട്ടും അദ്ദേഹത്തിന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങിയിട്ടും അക്ഷരാര്‍ത്ഥത്തില്‍ ഒരല്‍പ്പം ശത്രുതാമനോഭാവത്തോടുകൂടി പൂഴ്ത്തിവെച്ചിരുന്ന ആ ഫയലില്‍ ഒരു കൃത്യമായ തീരുമാനമുണ്ടായത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സാറിനെ നേരിട്ട് കണ്ടതിലൂടെയും അദ്ദേഹത്തിന്റെ ആ ചോദ്യത്തിലൂടെയും മാത്രം ആയിരുന്നു...
അതു കഴിഞ്ഞു വെറും ഒരാഴ്ചയ്ക്കുള്ളില്‍ എനിക്ക് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചു എന്നതാണ് ആ ചോദ്യത്തിന്റെ അനന്തരഫലം...
സൗമ്യകേസുമായി ബന്ധപ്പെട്ട് 2011 നവംബര്‍ മാസത്തില്‍ സസ്‌പെന്‍ഷനില്‍ ആവുകയും തുടര്‍ന്ന് മാലപ്പടക്കം പോലെ എന്‍ക്വയറികള്‍ നടക്കുകയും ചെയ്‌തെങ്കിലും എന്തെങ്കിലും ഒരു വ്യക്തമായ തീരുമാനം എടുക്കാതെ ഓരോരോ ന്യായങ്ങള്‍ പറഞ്ഞ് (സത്യത്തില്‍ ഒന്നും പറഞ്ഞിരുന്നില്ല...വെറും നിശബ്ദത ആയിരുന്നു പ്രതികരണം) നീട്ടിക്കൊണ്ടുപോയിരുന്ന ഒരു സസ്‌പെന്‍ഷന്‍ കാലയളവ്...
അതിനെത്തുടര്‍ന്നാണ് ഞാന്‍ ഹൈ കോടതിയെ സമീപിച്ചതും ഡിവിഷന്‍ ബെഞ്ചിന്റെ ഒരു അനുകൂല ഉത്തരവ് നേടിയതും.
2012 മാര്‍ച്ച് മാസംമുതല്‍ അന്നത്തെ ആരോഗ്യമന്ത്രിയെയും ആരോഗ്യവകുപ്പിലെ മറ്റു അധികാരികളെയും പലതവണ കണ്ടിട്ടും മാസങ്ങളായി യാതൊരു അനുകൂലനടപടിയും ഇല്ലാതായപ്പോഴാണ് മെഡിക്കല്‍ കോളേജ് സെര്‍വിസില്‍ നിന്നും റിട്ടയര്‍ ചെയ്ത അനാട്ടമി വിഭാഗം പ്രൊഫസര്‍ ഡോ. കുര്യന്‍ സര്‍ വിളിച്ചിട്ട് നമുക്കൊന്ന് ഓ.സിയെ നേരിട്ട് കാണാം എന്നു നിര്‍ദ്ദേശിച്ചത്.
ആദ്യം കാര്യം മനസ്സിലായില്ലെങ്കിലും മുഖ്യമന്ത്രിയെ കാണാം എന്നതും ഉമ്മന്‍ ചാണ്ടി സാറിനെ സ്‌നേഹപൂര്‍വ്വം വിശേഷിപ്പിക്കുന്ന പേരായിരുന്നു ഓ.സി എന്നതും പിന്നീടാണ് എനിക്ക് മനസ്സിലായത്...
പിന്നീടൊരു ദിവസം, 2012 ഒക്ടോബര്‍ മാസത്തില്‍ കുര്യന്‍ സാറിനോടൊപ്പം മുഖ്യമന്ത്രിയെ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ ആ ചോദ്യം.
ഏതെങ്കിലും തരത്തിലുള്ള മുന്‍വിധികളില്ലാതെ,
എന്തെങ്കിലും തരത്തിലുള്ള നീരസങ്ങള്‍ കാണിക്കാതെ,
തികച്ചും സൗമ്യമായും, സംയമനത്തോടെയും ആയിരുന്നു അദ്ദേഹം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്...
അതിന്റെ തുടര്‍ച്ചയായിരുന്നു ആ ചോദ്യവും...
അതുകഴിഞ്ഞു ഫോറന്‍സിക് മെഡിസിനെ സംബന്ധിച്ച പൊതുവായ ചില ചോദ്യങ്ങളും.
ഇനി മന്ത്രിയുടെ ഓഫീസില്‍ പോകേണ്ടതില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ ആരോഗ്യവകുപ്പില്‍ അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ അതിന്റെ ഫലപ്രാപ്തിക്കായി ഒരാഴ്ചയില്‍ കുറവേ എടുക്കൂ എന്നു ഞാന്‍ സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല...
അങ്ങനയാണ് ഒരു വര്‍ഷം നീണ്ട ആ സസ്‌പെന്‍ഷന്‍ കാലയളവിന് ഒരു തിരശീല വീഴുന്നതും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിക്കുന്നതും.
ആ 'തിരികെ കയറല്‍' ഒരു നാഴികക്കല്ലായിരുന്നു...
തുടര്‍ന്നും പൊരുതിക്കൊണ്ടേയിരിക്കാനുള്ള ഊര്‍ജ്ജവും ആര്‍ജ്ജവവും പകര്‍ന്നുതന്ന ഒരു മാറ്റം...
കടപ്പാടുണ്ട്, അദ്ദേഹത്തോട്...
പറഞ്ഞറിയിക്കാനോ എഴുതിവയ്ക്കാനോ കഴിയാത്തത്ര...
ആദരാഞ്ജലികള്‍
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates