തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന്റെ മാനസികാരോഗ്യ നിലയറിയാൻ കിടത്തിച്ചികിത്സ വേണമെന്ന് ഡോക്ടർമാർ. ഇയാളെ ആശുപത്രിയിൽ കിടത്തി വിശദമായി പരിശോധിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശിച്ചു. ഒരു ദിവസത്തെ പരിശോധന കൊണ്ട് പ്രതിയുടെ മാനസിക നില പൂർണമായും തിരിച്ചറിയാൻ കഴിയില്ലെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആർഎംഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പൊലീസിന് കൈമാറി. ഡോ. മോഹൻ റോയ് അടക്കം ഏഴ് ഡോക്ടർമാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.മനശാസ്ത്ര വിദഗ്ധരുടെ പ്രത്യേക സംഘം ആറര മണിക്കൂർ നേരം സന്ദീപിനെ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്.
കസ്റ്റഡിയിലായിരുന്ന പ്രതിയെ ഇന്നലെ ഇയാളുടെ ചെറുകരകോണത്തെ വീട്ടിലും, അയൽവാസിയുടെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. പുലർച്ചെ എങ്ങനെ ശ്രീകുമാറിന്റെ വീട്ടിൽ എത്തി എന്ന ചോദ്യത്തിന് സന്ദീപ് വ്യക്തമായി മറുപടി നൽകിയില്ല. അയൽവാസിയും സുഹൃത്തുമായ ശ്രീകുമാറിനെ ഇയാൾ തിരിച്ചറിഞ്ഞുമില്ല. സന്ദീപ് പൊലീസിനെ വിളിച്ചുവരുത്താനുള്ള കാരണം കണ്ടെത്തുകയാണ് തെളിവെടുപ്പിന്റെ പ്രധാന ലക്ഷ്യം.
സന്ദീപിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു തെളിവെടുക്കാനുള്ള തീരുമാനം പ്രതിഷേധം ഭയന്ന് മാറ്റി. ശനിയാഴ്‌ച വരെയാണ് പ്രതിയെ കസ്റ്റഡിയിൽ കിട്ടിയിരിക്കുന്നത്. കസ്റ്റഡി കാലാവധി തീരും മുമ്പ് പരമാവധി തെളിവ് ശേഖരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. അതേസമയം വന്ദനയുടെ ശ്വാസകോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും കിട്ടിയിരുന്നു. വന്ദനയുടെ ശരീരത്തിൽ മൊത്തം 17 കുത്തുകളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates