ആലപ്പുഴ: ബാറുടമകളിൽനിന്ന് എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തിൽ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെആർ അജയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. ആലപ്പുഴ വിജിലൻസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥനിൽനിന്ന് മൊഴിയെടുത്തത്.
മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവു സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കെആർ അജയ്ക്കെതിരെ ഗുരുതര പരാമർശങ്ങളുണ്ടായിരുന്നു. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്.വിനോദും ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറും ബാറുടമകളിൽനിന്ന് പണം വാങ്ങിയെന്നതായിരുന്നു റിപ്പോർട്ടിലെ പ്രധാന ആരോപണങ്ങളിലൊന്ന്. കായംകുളം കറ്റച്ചിറയിലെ റോയൽ ഫോർട്ട് ലക്ഷ്വറി (റോമ സെന്റർ) ബാറുടമയിൽനിന്ന് പരിശോധനയ്ക്കിടെ 30,000 രൂപ കൈപ്പറ്റിയെന്നും, ഓണത്തിന് ശേഷം ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 20,000 രൂപ വാങ്ങിയെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. കൂടാതെ, കോട്ടയം ജില്ലയിൽ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന കാലത്ത് കള്ളുഷാപ്പ് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഇതിൽ ഉൾപ്പെടുന്നു.
ഇരുവരെയും ഫീൽഡ് ചുമതലകളിൽനിന്ന് മാറ്റണമെന്നും അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്തണമെന്നും മുൻ എക്സൈസ് കമ്മീഷണർ ശുപാർശ ചെയ്തിരുന്നു. റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ ആരോപണങ്ങൾ പരിശോധിക്കാനുള്ള നടപടികൾ സർക്കാർ തലത്തിൽ സജീവമായിരുന്നു. ആരോപണങ്ങൾ സംബന്ധിച്ച് തെളിവുകൾ ഹാജരാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ടവർക്കുണ്ടാകുമെന്നും വിജിലൻസ് അന്വേഷണം മുന്നോട്ടുപോകുമ്പോൾ സാംബശിവറാവുവിൽനിന്ന് കൂടുതൽ രേഖകൾ തേടുമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കെആർ അജയെ വിജിലൻസ് ഓഫീസിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates