മുൻമന്ത്രിമാരുടെ വാർത്താസമ്മേളനത്തിൽ നിന്ന്  ഫെയ്സ്ബുക്ക്
Kerala

'സ്വന്തം കുഞ്ഞുങ്ങളെ ആരെങ്കിലും പരീക്ഷണത്തിന് നല്‍കുമോ?, മരുന്നു കമ്പനികളുമായുള്ള മന്ത്രിയുടെ ബന്ധം അന്വേഷിക്കണം'; കെ മുരളീധരനെതിരെ മുന്‍ ആരോഗ്യമന്ത്രിമാര്‍

ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ആരോഗ്യ വകുപ്പ് എന്ന് മുരളീധരന്‍ മനസ്സിലാക്കണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിന്റെ അനാസ്ഥയ്ക്കും, വകുപ്പിനെതിരെയുള്ള ആരോപണങ്ങളിലും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ആരോഗ്യമന്ത്രിമാര്‍. സംസ്ഥാനത്തെ ആരോഗ്യരംഗം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുന്‍ ആരോഗ്യമന്ത്രിയുമായ പി കെ ശ്രീമതി പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നുപോകുമോ എന്ന ഭയമുണ്ടെന്നും ശ്രീമതി വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യമന്ത്രി കെ മുരളീധരനെതിരെയും പി കെ ശ്രീമതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. എല്ലാം നിസാരമായി പരിഹരിച്ചു കളയും എന്ന നിലപാടാണ് കെ.മുരളീധരനുള്ളത്. ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ പറ്റുന്ന ഒന്നല്ല ആരോഗ്യ വകുപ്പ് എന്ന് മുരളീധരന്‍ മനസ്സിലാക്കണം. പലയിടത്തും ഡോക്ടര്‍മാരും മരുന്നുമില്ലാത്ത നിലയാണ്. മസിലുകള്‍ക്കു ശോഷണം വരുന്ന സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ( എസ് എം എ )രോഗം ബാധിച്ച കുട്ടികള്‍ക്ക് ക്ലിനിക്കല്‍ ട്രയലിനുള്ള മരുന്നു നല്‍കിയത് ആശങ്കയുണര്‍ത്തുന്നതാണെന്നും പി കെ ശ്രീമതി പറഞ്ഞു.

ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ഉള്ളപ്പോഴാണ് യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെ ഇത്തരം മരുന്നുകള്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. സംഭവം അങ്ങേയറ്റം തെറ്റാണ്. ഇതിനെതിരെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്. പുതിയ മരുന്ന് കൊടുക്കുമ്പോള്‍ അത് രക്ഷിതാക്കളെ ബോധ്യപ്പെടുത്തണം. പി കെ ശ്രീമതി ആവശ്യപ്പെട്ടു. എസ്എംഎ മരുന്ന് ഉല്‍പാദിപ്പിക്കുന്ന ഹൈദരാബാദിലെ കമ്പനിയുടെ മേധാവിമാര്‍ ആരോഗ്യമന്ത്രി കെ മുരളീധരനെ സന്ദര്‍ശിച്ചതിനെയും പി കെ ശ്രീമതി വിമര്‍ശിച്ചു.

മരുന്ന് വാങ്ങുന്നതുമായി ബന്ധപ്പെട്ട് മന്ത്രിക്ക് യാതൊരു റോളുമില്ല. മരുന്ന് കമ്പനികളേയോ മേധാവികളേയോ ഏജന്റുമാരെയോ മന്ത്രിമാർ കാണാൻ പാടില്ലെന്ന കർശന ചട്ടവുമുണ്ട്. മരുന്ന് ടെൻഡർ ചെയ്ത് വാങ്ങേണ്ട ഉത്തരവാദിത്വം ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ്. മരുന്നുകമ്പനികള്‍ക്കു വിധേയത്വം പുലര്‍ത്തുന്ന സ്ഥിതിയിലേക്ക് മന്ത്രി മാറിയിരിക്കുന്നു.ആരോഗ്യമന്ത്രി സ്ഥാനത്തിരിക്കാനുള്ള അര്‍ഹത കെ.മുരളീധരന് നഷ്ടമായി. കൂടിക്കാഴ്ചയിൽ അന്വേഷണം വേണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു.

'പൊതുജനാരോഗ്യ സംവിധാനം തകര്‍ക്കുന്നു'

കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കുന്ന നടപടികളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ആരോപിച്ചു. എസ്എംഎ രോഗികൾക്ക് നൽകുന്ന മരുന്നിന്റെ എല്ലാ ബാച്ചുകളും പരിശോധിക്കണം. മരുന്നിന്റെ ബയോ ഇക്വലൻസ് ടെസ്റ്റ് നടന്നിട്ടുണ്ടോയെന്നും കെ കെ ശൈലജ ചോദിച്ചു. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മരുന്നുകൾ ഉപയോഗിച്ചുനോക്കുക എന്ന സമീപനം സ്വീകരിക്കാനാകില്ല. ഇൻഷുറൻസ് പദ്ധതി പഠിച്ച് വിവരങ്ങൾ നൽകാൻ സ്വകാര്യ കമ്പനികളുടെ പട്ടിക തയ്യാറാക്കുകയും അവയെ സമിതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നത് ദുരൂഹമാണെന്നും കെ കെ ശൈലജ പറഞ്ഞു.

'മരുന്ന് പരീക്ഷണം ഞെട്ടിക്കുന്നത്'

എസ്എംഎ ബാധിച്ച കുഞ്ഞുങ്ങളെ മരുന്ന് പരീക്ഷണത്തിന് ഇരയാക്കിയെന്ന വാർത്ത ഞെട്ടിക്കുന്നതാണെന്ന് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. പുതിയ മരുന്ന് കൊടുക്കുമ്പോൾ അത് രക്ഷിതാക്കൾ അറിയേണ്ടേ?. അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കേണ്ട ബാധ്യത സർക്കാരിനില്ലേ?. കെഎംഎസ്‌സിഎൽ ആണോ ഈ മരുന്ന് സപ്ലൈ ചെയ്തതെന്ന് വ്യക്തമാക്കണം. സ്വന്തം കുഞ്ഞുങ്ങളുടെ ജീവന്റെ കാര്യമായതുകൊണ്ട് രക്ഷിതാക്കൾക്ക് ഇക്കാര്യങ്ങളെല്ലാം അറിയാൻ അവകാശമുണ്ട്. സ്വന്തം മക്കളെ ആരെങ്കിലും പരീക്ഷണത്തിന് വിടുമോ എന്ന് വീണാ ജോർജ് ചോദിച്ചു.

Former Health Ministers against Minister K. Muraleedharan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുരേഷ് ബാബു സ്വയം മാറിയെന്നാണ് പറഞ്ഞത്, കുത്തിച്ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല: പികെ ശ്രീമതി

'നടന്‍ ബാലു വര്‍ഗീസ് അനുവാദമില്ലാതെ സ്പര്‍ശിച്ചു, മാപ്പ് പറയണം'; വക്കീല്‍ നോട്ടീസ് അയച്ച് യുവതി

കാലിക്കറ്റ് സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

അഴിമതിരഹിത കേരളം കെട്ടിപ്പടുക്കാം; 'പ്രോജക്ട് സീറോ' വിജിലന്‍സ് കമാന്‍ഡോ പദ്ധതിയുമായി സർക്കാർ

നാളെ ഹാജരാകില്ലെന്ന് ഇഡിയോട് പിണറായി, കോണ്‍ഗ്രസ് അധികാരത്തിലെത്തില്ലെന്ന് അമിത് ഷാ, ത്രില്ലറിൽ 'ഇന്ത്യ'; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍