കെഎസ്ആര്‍ടിസി ബസ്, സിപി ജോണ്‍ 
Kerala

കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചാല്‍ 10,000 രൂപ; സര്‍ക്കാരിന്റെ പുതിയ ഗ്യാരണ്ടി!

മരണാനന്തര ചടങ്ങുകള്‍ക്ക് ഉപകാരപ്പെടാനാണ് തുക

Author : വിദ്യാനന്ദന്‍ എംഎസ്‌

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണാണ് നിയമസഭയില്‍ പ്രഖ്യാപനം നടത്തിയത്. മരണാനന്തര ചടങ്ങുകള്‍ക്ക് ഉപകാരപ്പെടാനാണ് തുക.

നിലവില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാര തുക കിട്ടാനായി വലിയ കാലതാമസമെടുക്കുന്നുണ്ടെന്ന് മന്ത്രി സഭയില്‍ പറഞ്ഞു. 'കെഎസ്ആര്‍ടിസി ബസിടിച്ച് മരിക്കുന്നയാളുകള്‍ക്ക് MACT തുക കിട്ടാന്‍ വര്‍ഷങ്ങള്‍ കഴിയും. പലയാളുകളും വളരെ പാവപ്പെട്ടവരാണ്. അവരുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും ഒന്നും കൊടുക്കാന്‍ ഇപ്പോള്‍ വകുപ്പില്ല,' മന്ത്രി പറഞ്ഞു.

10,000 രൂപയെങ്കിലും ആശ്വാസ ധനം കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ജോണ്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. ചൊവ്വാഴ്ച്ച സഭയില്‍ നടന്ന ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്.

വാഹനാപകടത്തില്‍ പെടുന്നവര്‍ക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതി 'പിഎം-റാഹത്' (PM RAHAT - Road Accident Victim Hospitalisation and Assured Treatment Scheme) സംസ്ഥാനത്ത് അടുത്തുതന്നെ നിലവില്‍ വരുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യമന്ത്രി കെ. മുരളീധരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ പദ്ധതിയുടെ ഉത്ഘാടനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടത്തും.

റോഡപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.50 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ കിട്ടുന്ന പദ്ധതിയാണിത്. ആളുകളുടെ സാമ്പത്തിക സ്ഥിതിയോ ഏതു തരം റോഡ് എന്നതോ പ്രശ്നമല്ല. എല്ലാവര്‍ക്കും പദ്ധതിയുടെ പ്രയോജനം കിട്ടും.

സംസ്ഥാനത്ത് ഇനിമുതല്‍ വലിയ അപകടങ്ങള്‍ നടന്നാല്‍ മോട്ടോര്‍ വാഹന വകുപ്പ് പോസ്റ്റ് ക്രാഷ് റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് ജോണ്‍ പറഞ്ഞു. ഭാവിയില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികളെടുക്കാനായി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സഹായിക്കും. അടുത്തിടെ കൊട്ടാരക്കര നടന്ന ടിപ്പര്‍ ലോറി അപകടത്തില്‍ പോസ്റ്റ് ക്രാഷ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. മരണം സംഭവിക്കുന്ന അപകടങ്ങള്‍ മാത്രമല്ല, ആളുകള്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുന്ന അപകടങ്ങളിലും റിപ്പോര്‍ട്ട് തയ്യാറാക്കും.

സ്ഥിരം അപകടങ്ങള്‍ സംഭവിക്കുന്ന ബ്ലാക്ക് സ്‌പോട്‌സ് അപകടരഹിതമാക്കാന്‍ നടപടികളെടുക്കും. അവിടങ്ങളില്‍ റോഡിന്റെ ആകൃതി മാറ്റുന്നത്, അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് എന്നിങ്ങനെയുള്ള നടപടികള്‍ കൈക്കൊള്ളും. വാഹനാപകടങ്ങള്‍ കുറയ്ക്കാനായി ബൃഹത്തായൊരു പ്രചരണ പരിപാടി സര്‍ക്കാര്‍ തയ്യാറാക്കുകയാണ്. സാക്ഷരതാ യജ്ഞത്തിന്റെ മാതൃകയില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെ പദ്ധതിയുടെ ഭാഗമാകും. ഒരു വര്‍ഷം ശരാശരി 4000ത്തിലധികം വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടാകുന്നത്. ഇത് ആയിരമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

Govt assures Rs 10000 as relied amount if killed in KSRTC bus accident

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴ: രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മൂന്ന് മാസത്തിനിടെ വിറ്റത് 50 ടണ്‍ സ്വര്‍ണം; ഇന്ത്യന്‍ കുടുംബങ്ങളുടെ വമ്പന്‍ വില്‍പ്പനയ്ക്ക് പിന്നിലെ കാരണമെന്ത്?

ട്രംപിന് തിരിച്ചടി; ജന്മാവകാശ പൗരത്വ നിയന്ത്രണ നീക്കം തടഞ്ഞ് യുഎസ്‌ സുപ്രീംകോടതി

'നിങ്ങളല്ലേ ബാപ്പ; കുട്ടിയെ ഉണ്ടാക്കിയ ശേഷം ഞങ്ങളോട് അബോര്‍ഷന്‍ ചെയ്യാന്‍ പറയുന്നു'- വിഡിയോ

അനില്‍ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു