തൊടുപുഴ: തൊടുപുഴയില്‍ കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ വ്യാപക വെള്ളക്കെട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയാണ് നഗരത്തെ വെള്ളക്കെട്ടിലാക്കിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ മഴയെത്തുടര്‍ന്ന് നഗരത്തിലെ പ്രധാന റോഡുകളും കവലകളും പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.
ഇതോടെ മണിക്കൂറുകളോളമാണ് നഗരത്തില്‍ ഗതാഗതക്കുരുക്കും ജനജീവിതവും സ്തംഭിച്ചത്. മണക്കാട് ജംഗ്ഷന്‍, റോട്ടറി ക്ലബ്ബ് ജങ്ഷന്‍, കാഞ്ഞിരമറ്റം ജംഗ്ഷന്‍, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് മുന്‍വശം, മങ്ങാട്ടുകവല-കാരിക്കോട് റോഡ്, മാര്‍ക്കറ്റ് റോഡ്, പച്ചക്കറി മാര്‍ക്കറ്റ്, ന്യൂമാന്‍ കോളജിന് മുന്‍വശം, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, മൗണ്ട് സിനായ് റോഡ് എന്നിവിടങ്ങളിലെല്ലാം വലിയ രീതിയിലാണ് വെള്ളം ഉയര്‍ന്നത്. റോഡുകളില്‍ മുട്ടോളം വെള്ളം ഉയര്‍ന്നതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയായി.
വെള്ളക്കെട്ടിലൂടെ കടന്നുപോയ പല വാഹനങ്ങളുടെയും എഞ്ചിനില്‍ വെള്ളം കയറി റോഡിന് നടുവില്‍ ഓഫായിപ്പോയത് ദുരിതം ഇരട്ടിയാക്കി. ഇതിനുപുറമേ, പോക്കറ്റ് റോഡുകളില്‍ നിന്ന് ശക്തമായ കുത്തൊഴുക്കില്‍ കല്ലും മണ്ണും പ്രധാന റോഡിലേക്ക് ഒലിച്ചിറങ്ങിയതും വാഹനയാത്രികരെയും കാല്‍നട യാത്രക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ചു. മാര്‍ക്കറ്റ് റോഡിലെയും മങ്ങാട്ടുകവലയിലെയും കടകളിലേക്ക് വെള്ളം കയറിയത് വ്യാപാരികളെ വന്‍തോതില്‍ വലച്ചു. സ്‌കൂളുകളും കോളജുകളും വിട്ട സമയത്തായതിനാല്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് വെള്ളക്കെട്ട് കാരണം ഏറെ നേരം റോഡ് മുറിച്ചുകടക്കാനോ യാത്ര ചെയ്യാനോ കഴിഞ്ഞില്ല. മഴ മാറി ഏറെ സമയം കഴിഞ്ഞാണ് നഗരത്തിലെ വെള്ളമിറങ്ങിയതും ഗതാഗതം സാധാരണ നിലയിലായതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates