കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വിചാരണക്കോടതി വെറുതെ വിട്ട നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. നെടുമ്പാശ്ശേരി എസ്എച്ച്ഒ വഴിയാണ് നോട്ടീസ് അയച്ചത്. ദിലീപിനെ കുറ്റവിമുക്തമാക്കിയത് അടക്കം ചോദ്യംചെയ്താണ് അപ്പീൽ സമർപ്പിച്ചത്.
വിചാരണക്കോടതിയുടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച് 300 പേജുള്ള അപ്പീലാണ് സമർപ്പിച്ചത്. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടുവെന്നും അപ്പീലിൽ പറയുന്നു. എട്ടാം പ്രതി ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നും, ദിലീപ് ഉള്‍പ്പടെ വെറുതെവിട്ട പ്രതികളെ ശിക്ഷിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് നിയമവിരുദ്ധമാണ്. പ്രതികളെ വെറുതെ വിട്ടത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതാണ്. വിധി ക്രിമിനല്‍ നടപടികളുടേയും സ്വാഭാവിക നീതിയുടെയും ലംഘനമാണ്. പ്രതികള്‍ക്ക് അന്യായമായ ആനുകൂല്യം നല്‍കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിലുണ്ട്.
എട്ടാം പ്രതിയായിരുന്ന ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണക്കോടതി വെറുതെ വിട്ടത്. പൾസർ സുനി അടക്കം ഒന്ന് മുതൽ ആറ് വരെ പ്രതികൾക്ക് വിചാരണക്കോടതി 20 വർഷം കഠിനതടവാണ് വിധിച്ചത്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. കേസിൽ 2025 ഡിസംബർ എട്ടിനാണ് വിചാരണക്കോടതി വിധി പ്രസ്താവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates