കൊച്ചി: ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു. ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്. ബുക്കിങ് തീയതിയും സമയവും മാറിയാല്‍ കടത്തി വിടേണ്ടതില്ല. വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളില്‍ ബുക്കിങ് എടുത്തും വരുന്നത് കര്‍ശനമായി തടയണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ. ബുക്കിങ് എടുത്തവരെ കൃത്യസമയം പാലിക്കണമെന്ന് എസ്എംഎസിലൂടെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates