കൊച്ചി: ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് വൈസ് ചാൻസലർമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹർജിയും പരിഗണനയ്ക്ക് വരുന്നുണ്ട്.
വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പുറത്താക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരുന്നത്. യുജിസി നിയമങ്ങളും സർവകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.
നോട്ടീസിൽ മറുപടി നൽകാൻ ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകീട്ട് അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വിസിമാരും ഗവർണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവർണറുടെ അഭിഭാഷകൻ ഇന്ന് കോടതിയെ അറിയിക്കും. വൈസ് ചാൻസലർമാർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിച്ചതിന്‍റെ സാഹചര്യവും വിശദീകരിക്കും.
വിസിമാർക്ക് ഹിയറിങ് നടത്തിയ ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് ഗവർണറുടെ നീക്കം. യുജിസി മാർഗ നിർദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാർ ഗവർണറെ അറിയിച്ചത്.
അതിനിടെ, കേരള സാങ്കേതിക സർവകലാശാലയിൽ താത്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണർ നടത്തിയ നിയമനം സർവകലാശാല നിയമത്തിന് വിരുദ്ധമാണെന്നും, റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates