High-speed rail corridor പ്രതീകാത്മക ചിത്രം
Kerala

ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷന്‍, അഞ്ചുമിനിറ്റ് കൂടുമ്പോള്‍ ട്രെയിന്‍, പരമാവധി 200 കിലോമീറ്റര്‍ വേഗം; കേരളത്തില്‍ അതിവേഗ റെയില്‍പാത, കേന്ദ്രത്തിന്റെ അംഗീകാരം

സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരമായി കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്ക് അംഗീകാരം നല്‍കി കേന്ദ്രം

അനു കുരുവിള

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്ക് പകരമായി കേരളത്തില്‍ അതിവേഗ റെയില്‍പാതയ്ക്ക് അംഗീകാരം നല്‍കി കേന്ദ്രം. കേരളത്തിന്റെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ റെയില്‍വേ മന്ത്രാലയം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ ചുമതപ്പെടുത്തി. ഡിഎംആര്‍സി മുന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തിലാകും ഡിപിആര്‍ തയ്യാറാക്കുന്നത് അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍. ഡിപിആര്‍ തയ്യാറാക്കുന്നത് ഒന്‍പത് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.

ജനുവരി 16 ന് ഡല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ശ്രീധരന്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ശ്രീധരന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പദ്ധതി നിര്‍ദ്ദേശം അവതരിപ്പിച്ചിരുന്നു. പുതിയ പദ്ധതി വിവാദമായ സില്‍വര്‍ലൈന്‍ പദ്ധതിയെ ഫലപ്രദമായി മറികടക്കുമെന്നും നിര്‍ദ്ദിഷ്ട ഇടനാഴി രൂപകല്‍പ്പനയിലും നിര്‍വ്വഹണത്തിലും അടിസ്ഥാനപരമായി സില്‍വര്‍ ലൈനില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

പുതിയ ഇടനാഴിയില്‍ ഓരോ 20-25 കിലോമീറ്ററിലും സ്റ്റേഷനുകളും ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുകള്‍ ഓടുമെന്നും ഇ ശ്രീധരന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാന്‍ സാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത പ്രശ്നങ്ങള്‍ ലഘൂകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ ഒരു വലിയ തടസ്സമാകില്ലെന്നും ശ്രീധരന്‍ പറഞ്ഞു. കാരണം നിര്‍ദ്ദിഷ്ട പദ്ധതിക്ക് സില്‍വര്‍ലൈനിനായി വിഭാവനം ചെയ്ത ഭൂമിയുടെ മൂന്നിലൊന്ന് മാത്രമേ ആവശ്യമുള്ളൂ. ഇടനാഴിയുടെ ഏകദേശം 70-75 ശതമാനവും ഉയരപ്പാതയാണ്. ചെറിയ ശതമാനം മാത്രമാണ് ഭൂമിക്കടിയിലൂടെ പോകുക. പുതിയ ഭൂമി ഏറ്റെടുക്കല്‍ നയം പ്രകാരം, ഉയരപ്പാതയ്ക്ക് താഴെയുള്ള ഭൂമി കാര്‍ഷിക ഉപയോഗത്തിന് അടക്കം ഉപയോഗിക്കുന്നതിന് ഉടമകള്‍ക്ക് തിരികെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍ദിഷ്ട പാത പ്രധാനമായും തിരുവനന്തപുരം മുതല്‍ കൊല്ലം വരെയുള്ള നിലവിലുള്ള റെയില്‍വേ ലൈനിനെ പിന്തുടരും. അതിനുശേഷം കണ്ണൂര്‍ വരെ മറ്റു പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുക. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ആദ്യഘട്ടം ആസൂത്രണം ചെയ്തിട്ടുണ്ട്. കാസര്‍കോട് കഴിഞ്ഞ് മംഗലൂരു, മുംബൈ വരെ പോലും നീട്ടുന്നതിനുള്ള സാധ്യതയുണ്ട്.

ശ്രീധരന്‍ കാണാന്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് അനുമതി നല്‍കിയതായി ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് പറഞ്ഞു. റെയില്‍വേ മന്ത്രാലയം അനുമതി നല്‍കാന്‍ വിമുഖത കാണിച്ചതിനാലാണ് കാലതാമസം ഉണ്ടായത്. എന്നിരുന്നാലും, ഇപ്പോള്‍ അംഗീകാരം ലഭിച്ചു. ഡിപിആര്‍ തയ്യാറാക്കല്‍ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍, സംസ്ഥാന സര്‍ക്കാര്‍ വികസനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി-മീററ്റ് ലൈന്‍ പോലുള്ള റീജിണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റങ്ങളുടെ (ആര്‍ആര്‍ടിഎസ്) മാതൃകയിലായിരിക്കും ഇടനാഴി നിര്‍മ്മിക്കുക. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ ഭാരം കുറഞ്ഞ ട്രെയിനുകള്‍ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്തിനും കണ്ണൂരിനും ഇടയില്‍ മൂന്നര മണിക്കൂറിനുള്ളില്‍ യാത്ര സാധ്യമാക്കുമെന്നും ശ്രീധരന്‍ പറഞ്ഞു. പദ്ധതി കൊങ്കണ്‍ റെയില്‍വേ മാതൃക പിന്തുടരും. കേന്ദ്രവും സംസ്ഥാനവും യഥാക്രമം 51%, 49% എന്നിങ്ങനെ നിര്‍മ്മാണത്തിന്റെ ചെലവ് വഹിക്കും. ഏകദേശ 1 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടം തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ്. മുംബൈ വരെ നീട്ടുന്നതിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

High-speed rail corridor gets green light, Metro Man to take the lead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും'

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ട്രിപ്പിള്‍ റിയര്‍ കാമറ; സാംസങ് ഗാലക്‌സ് എ57 ഉടന്‍ വിപണിയില്‍

​പ്രാണിയോ പൂപ്പലോ ഇല്ലാതെ ​ഗോതമ്പു മാവ് ദീർഘകാലം സൂക്ഷിക്കാം

'ആളുമാറി വെട്ടുകിട്ടിയ കമല്‍, ഫ്രിഡ്ജില്‍ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം'; ഉര്‍വശിയുടെ സഹോദരങ്ങളുടെ മരണത്തെപ്പറ്റി ആലപ്പി അഷ്‌റഫ്

ഇംഗ്ലീഷിനോടുള്ള പേടി മാറ്റാം; ഒപ്പമുണ്ട്, ഈ നാല് കോഴ്സുകൾ

SCROLL FOR NEXT