കൊച്ചി: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്റെ മരണത്തില്‍ ഒരു നാട് മുഴുവന്‍ ഞെട്ടലിലാണ്. കുവൈത്തില്‍ നിന്നും മിഥുന്റെ അമ്മ സുജ എത്തിയപ്പോള്‍ വൈകാരിക രംഗങ്ങള്‍ക്കായിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. എന്നാല്‍ ഈ സമയത്തും മാധ്യമപ്രവര്‍ത്തകര്‍ കാണിക്കേണ്ട മര്യാദ കാണിച്ചില്ലെന്ന് വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് എഴുത്തുകാരി ഹണി ഭാസ്‌കരന്‍.
മനസാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളായി പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരാകരുതെന്നും ഇതൊക്കെ മോശമാണെന്നും ഹണി ഭാസ്‌കര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്തില്ലെങ്കിലുണ്ടാകുന്ന പ്രശ്‌നം എന്താണെന്നാണ് ഹണി വിമര്‍ശനം ഉന്നയിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
രാവിലെ തന്നെ ഹൃദയം നുറുങ്ങി പോകുന്ന ഒരു കാഴ്ച്ച ന്യൂസില്‍ കണ്ടതാണ്.
സ്‌കൂളില്‍ നിന്ന് ഷോക്കേറ്റ് മരിച്ച കുഞ്ഞിന്റെ അമ്മ അവസാനമായി മകനെ കാണാന്‍ പ്രവാസത്തു നിന്നെത്തുന്നു.
ചോരാത്ത കൂരയും ചോറും നല്‍കാന്‍ മക്കള്‍ക്ക് വേണ്ടി കടല്‍ കടന്നു പോയ സ്ത്രീയാണ്. അതിലൊരു കുഞ്ഞിനെ കാണാന്‍ പോകുന്നത് ജീവനില്ലാതെയാണ്.
എയര്‍പോര്‍ട്ടില്‍ വന്നെത്തുമ്പോ അവരെ കടന്നല്‍ക്കൂട്ടം പോലെ വളയുന്ന മാധ്യമ പ്രവര്‍ത്തകര്‍. പുറത്തേക്കു ഇറങ്ങുമ്പോ തന്നെ രണ്ട് സ്ത്രീകളുടെ തോളിലേക്ക് അവര്‍ ആര്‍ത്തലച്ചു കരഞ്ഞു തളര്‍ന്നു വീഴുന്നുണ്ട്. പോലീസുകാര്‍ ചുറ്റും ഉണ്ടായിട്ടും താങ്ങി എടുത്തോണ്ട് നടക്കുന്നതിനിടയിലേക്ക് ക്യാമറയും കോലുമായി ചെന്ന് മാധ്യമ പ്രവര്‍ത്തകര്‍ നടക്കാന്‍ പോലും അവരെ സമ്മതിക്കുന്നില്ല.
ഇന്നലെ കുട്ടിയുടെ അച്ഛന്റെ വായിലേക്ക് മൈക്ക് തിരുകുമ്പോള്‍ അദ്ദേഹം പൊട്ടിക്കരഞ്ഞു അടുത്ത് നില്‍ക്കുന്നവന്റെ തോളില്‍ വീണ് കൊണ്ടു പറയുന്നുണ്ട്. 'സ്‌കൂളിലേക്ക് യാത്ര പറഞ്ഞു പോയ കുഞ്ഞാണ്. പിന്നെ കാണുന്നത് ഇങ്ങനെയാണ്. എനിക്ക് വേറൊന്നും അറിയാന്‍ പാടില്ല'.
സത്യത്തില്‍ ഈ രംഗങ്ങള്‍ ഷൂട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രശ്‌നം എന്താണ്? നിങ്ങള്‍ക്കല്ലാതെ ആര്‍ക്കാണ് അവരുടെ കണ്ണീരും തളര്‍ച്ചയും കാണേണ്ടത്? അവരുടെ വായില്‍ കോലിട്ട് കുത്തിയിട്ട് എന്തു വാര്‍ത്തയാണ് നിങ്ങള്‍ക്ക് കിട്ടാന്‍ ഉള്ളത്? പറഞ്ഞു തരാമോ?
മനസാക്ഷി മരക്കൊമ്പില്‍ തൂക്കിയിട്ട് ജഡങ്ങളായി പണിയെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരാകരുത്.....!
മോശമാണ് ഇതൊക്കെ... വളരെ വളരെ മോശം.
മനുഷ്യനാണ് എന്നതിന്റെ ചെറിയ ലക്ഷണം എങ്കിലും ഇതുപോലെയുള്ള അവസരങ്ങളില്‍ കാണിക്കാന്‍ പഠിക്കണം.
മരണം ഒരുനാള്‍ ഓര്‍ക്കാപ്പുറത്തു ഇതുപോലെ നിങ്ങളുടെ കുടുംബത്തിലേക്കും കയറി വന്നേക്കാം. അപ്പോഴും ഇതുപോലെ സ്വയം ആഘോഷിക്കാന്‍ നിങ്ങള്‍ക്കും പറ്റണം...!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates