തിരുവനന്തപുരം: കേരളത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റിയതുകൊണ്ട് എന്തു വ്യത്യാസമാണ് ഉണ്ടാവുകയെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. കേരളത്തിന് എയിംസോ, വികസന പദ്ധതികളോ പുതിയ സ്ഥാപനങ്ങളോ കേന്ദ്രം നല്‍കിയിട്ടില്ല. പകരം സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'മലയാളത്തില്‍ 'കേരളം' എന്ന വാക്ക് ഇതിനകം തന്നെ ഉണ്ട്. ഇപ്പോള്‍, ഇംഗ്ലീഷിലേക്ക് ഒരു മലയാളം വാക്ക് വരുന്നു. അത് എന്ത് വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്ന് എനിക്കറിയില്ല. സര്‍ക്കാര്‍ നമുക്ക് ഒരു എയിംസ് തന്നിട്ടില്ല, പുതിയ സ്ഥാപനങ്ങളൊന്നും തന്നിട്ടില്ല. കേന്ദ്ര ബജറ്റില്‍ അവര്‍ ഒരു പദ്ധതിയും നല്‍കിയിട്ടില്ല. എന്നാല്‍ പേര് മാറ്റത്തിന്റെ കാര്യം വരുമ്പോള്‍, അവര്‍ അതിന് അംഗീകാരം നല്‍കാന്‍ തയ്യാറാണ്. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇടയില്‍ സംഭവിക്കുന്നത് ഇതുമാത്രമാണ്' -അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ബില്ലിന് കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീര്‍ത്ഥി'ല്‍ ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗമാണ് കേരളത്തിന്റെ ആവശ്യം അംഗീകരിച്ചത്. ബില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരള നിയമസഭയ്ക്ക് അയയ്ക്കും. നിയമസഭയുടെ അഭിപ്രായം തേടിയശേഷം കേന്ദ്രം തുടര്‍നടപടി സ്വീകരിക്കും. പാര്‍ലമെന്റും ബില്‍ പാസാക്കേണ്ടതുണ്ട്.
ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 'കേരളം' എന്നാക്കി ഭേദഗതി ചെയ്യുന്നതിനുവേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടാണ് 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസ്സാക്കിയത്. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും 'കേരളം' എന്ന് മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഭേദഗതികള്‍ ഇല്ലാതെ പ്രതിപക്ഷം അംഗീകരിക്കുകയായിരുന്നു. കേരളത്തിന്റെ ഈ ആവശ്യമാണ് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചത്. 2023 ഓഗസ്റ്റില്‍ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം കേരള നിയമസഭ പാസ്സാക്കിയിരുന്നു. പക്ഷെ, സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കേന്ദ്രം അത് മടക്കി. തുടര്‍ന്നാണ് പരിഷ്‌കരിച്ച പ്രമേയം കേരള നിയമസഭ പാസ്സാക്കി കേന്ദ്രത്തിന് വീണ്ടും അയച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates