തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാന്‍ ആഭ്യന്തര വകുപ്പ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി. അജിത് ലാല്‍ എന്നയാളുടെ പരാതിയിലാണ് നടപടി.
സമൂഹത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്ന പ്രസംഗമാണ് മധുസൂദനന്‍ നടത്തിയതെന്നും, ബിഎന്‍സ് പ്രകാരം പരസ്പരം ശത്രുത ഉണ്ടാക്കുന്ന വകുപ്പുകള്‍ ചുമത്താവുന്ന കുറ്റം പ്രസംഗത്തില്‍ ഉണ്ടെന്നും അജിത് ലാല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂരില്‍ രാഷ്ട്രീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട സജിത് ലാലിന്റെ സഹോദരനാണ് പരാതി നല്‍കിയ അജിത് ലാല്‍.
സജിത് ലാല്‍ കൊല്ലപ്പെട്ട കേസില്‍ പയ്യന്നൂര്‍ മുന്‍ എംഎല്‍എയായ ടി ഐ മധുസൂദനന്‍ ആരോപണവിധേയനായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷികളുടെ അനുസ്മരണ ദിനാചരണത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മധുസൂദനന്റെ വിവാദ കൊലവിളി പരാമര്‍ശം. ഈ പ്രസംഗത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഷമ്മാസും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ധനരാജ് വധക്കേസിലെ വിധിയുമായി ബന്ധപ്പെട്ടായിരുന്നു മധുസൂദനന്റെ പരാമര്‍ശം. കണക്ക് പറയേണ്ടത് കണക്ക് പറഞ്ഞുതന്നെ പാര്‍ട്ടി തീര്‍ക്കുമെന്നും ധനരാജ് കൊല്ലപ്പെട്ടില്ലെന്ന് കോടതി പറയാത്തത് മഹാഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. ചീമേനിയില്‍ അഞ്ച് സഖാക്കളെ ചുട്ടുകൊന്നവരെ കോടതി ശിക്ഷിച്ചിട്ടില്ലെന്നും എന്നാല്‍ അവരാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് ഓര്‍ക്കണം. ഞങ്ങളുടെ ക്ഷമ പരീക്ഷിച്ച് മുന്നോട്ടു പോകാന്‍ ശ്രമിക്കരുതെന്നും മധുസൂദനന്‍ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates