ന്യൂഡല്‍ഹി: കേരളത്തിലെ റെയില്‍ ഗതാഗത വികസനത്തിന് വലിയ പ്രാധാന്യമുള്ള മരാരിക്കുളം-ആലപ്പുഴ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്ക് റെയില്‍വേ അംഗീകാരം നല്‍കി. 10.65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത 220.51 കോടി രൂപ ചെലവിലാണ് ഇരട്ടിപ്പിക്കുന്നത്. ദക്ഷിണ റെയില്‍വേ ശൃംഖലയിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനും ട്രെയിന്‍ ഗതാഗതം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രധാന നടപടിയായാണ് ഈ പദ്ധതിയെ റെയില്‍വേ വിലയിരുത്തുന്നത്.
ഡബ്ലിങ്, ട്രിപ്ലിങ്, ക്വാഡ്രുപ്ലിങ്, ഫ്‌ളൈഓവര്‍, ബൈപാസ് തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി അംഗീകരിച്ചിരിക്കുന്നത്. നിലവില്‍ എറണാകുളം-തുറവൂര്‍-ആലപ്പുഴ-അമ്പലപ്പുഴ-കായംകുളം റെയില്‍ ഇടനാഴിയില്‍ അവശേഷിക്കുന്ന ഏക സിംഗിള്‍ ലൈന്‍ ഭാഗമാണ് മരാരിക്കുളം-ആലപ്പുഴ സെക്ഷന്‍. ഈ ഭാഗവും ഇരട്ടിപ്പിക്കപ്പെടുന്നതോടെ മുഴുവന്‍ പാതയിലും ട്രെയിന്‍ ഗതാഗതം കൂടുതല്‍ സുഗമമാകും.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഓരോ ദിശയിലേക്കും ദിവസം ഒമ്പത് അധിക യാത്രാ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. ഇതിനുപുറെ പ്രതിവര്‍ഷം 2.88 ദശലക്ഷം ടണ്‍ ചരക്ക് ഗതാഗതം കൈകാര്യം ചെയ്യുന്നതിനും ഇത് സഹായകരമാകും. ഇതിലൂടെ പ്രതിവര്‍ഷം 3.08 കോടി രൂപ അധിക വരുമാനം റെയില്‍വേയ്ക്ക് ലഭിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
നിലവില്‍ സിംഗിള്‍ ലൈന്‍ ആയതിനാല്‍ എതിര്‍ദിശയില്‍ വരുന്ന ട്രെയിനുകള്‍ക്ക് വഴിയൊരുക്കാന്‍ പലപ്പോഴും ട്രെയിനുകള്‍ സ്റ്റേഷനുകളില്‍ പിടിച്ചിടേണ്ടിവരുന്നുണ്ട്. പാത ഇരട്ടിപ്പിക്കുന്നതോടെ കാത്തിരിപ്പുസമയം ഗണ്യമായി കുറയും. ആലപ്പുഴ ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും യാത്രക്കാര്‍ക്കും ചരക്ക് ഗതാഗത മേഖലയ്ക്കും ഇത് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates