തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ കൃത്രിമമായ വർദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കളക്ടർമാരുടേയും, ജില്ലാ സപ്ലൈ ഓഫീസർമാരുടേയും, ലീഗൽ മെട്രോളജി കൺട്രോളറുടേയും യോഗത്തിലാണ് ഭക്ഷ്യ മന്ത്രി നിർദ്ദേശം നൽകിയത്.
വില നിലവാരം കൃത്യമായി പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കും. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളിൽ കൃത്യമായ അവലോകന യോഗം നടത്തി സ്ഥിതി വിലയിരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് അരി വില വർദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രമായി വില വർദ്ധനവിന് പ്രത്യേക കാരണങ്ങളൊന്നും സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മന്ത്രി അനിൽ വ്യക്തമാക്കി.
റേഷൻ കടകളിലൂടെയും സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെയും സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെയും കൂടുതൽ അരി റേഷൻ കാർഡുടമകൾക്ക് എത്തിക്കുന്നതിനു നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ പി. ബിജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ സെക്രട്ടറി അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡി. സജിത് ബാബു, ലീഗൽ മെട്രോളജി കൺട്രോളർ ജോൺ സാമുവൽ, ജില്ലാ കളക്ടർമാർ, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates