ബെംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ വിക്ഷേപണ-നിർമ്മാണ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി രംഗത്ത്. ഐഎസ്ആർഒ ഒരു പരമാധികാര ദേശീയ സ്വത്താണെന്നും അതിനെ കേവലമൊരു ഗവേഷണ സ്ഥാപനം മാത്രമായി ഒതുക്കി മാറ്റരുതെന്നും ആവശ്യപ്പെട്ട് ഒൻപത് പ്രമുഖ തൊഴിലാളി യൂണിയനുകൾ ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ വി. നാരായണന് കത്ത് നൽകി.
സ്വകാര്യവൽക്കരണ നീക്കങ്ങൾ ശക്തമായതിന് ശേഷം ഇതാദ്യമായാണ് തൊഴിലാളി സംഘടനകൾ ഔദ്യോഗികമായി ആശങ്കകൾ അറിയിച്ച് രംഗത്തെത്തുന്നത്. നിലവിലെ സ്ഥിതിയിൽ തന്നെ സ്ഥാപനത്തെ സംരക്ഷിക്കണമെന്നും ഭാവി നയങ്ങളിലും നിയമനങ്ങളിലും വ്യക്തത വേണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.
റോക്കറ്റ്, ഉപഗ്രഹ നിർമ്മാണത്തിൽ നിന്ന് ഐഎസ്ആർഒ പിൻവാങ്ങുന്നുവെന്ന പ്രചാരണം ജീവനക്കാരുടെയും കുടുംബങ്ങളുടെയും ഇടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, സേവന വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് ബഹിരാകാശ വകുപ്പ് ഇതുവരെ വിശദീകരണമൊന്നും നൽകിയിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. നിർമ്മാണവും പരീക്ഷണങ്ങളും പുറത്തേക്ക് പോകുന്നതോടെ സ്ഥാപനത്തിനുള്ളിലെ തൊഴിലവസരങ്ങൾ ഗണ്യമായി കുറയും.
കൂടാതെ, രാജ്യത്തിന്റെ ബഹിരാകാശ-പ്രതിരോധ രഹസ്യങ്ങളുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ സ്വകാര്യവൽക്കരിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ദേശീയ സുരക്ഷയെപ്പോലും ബാധിക്കാനിടയുണ്ടെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകുന്നു. വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പന, ഘടക നിർമ്മാണം, സുരക്ഷാ പരിശോധന എന്നിവ വെറുമൊരു നിർമ്മാണ കരാർ പണിയല്ലെന്നും അത് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ കഴിവും വൈദഗ്ധ്യവുമാണെന്നും കത്തിൽ ഓർമ്മിപ്പിക്കുന്നു.
കൃത്യമായ മാനദണ്ഡങ്ങളോടെയുള്ള വാണിജ്യ പങ്കാളിത്തത്തെയോ സ്വകാര്യ പങ്കാളിത്തത്തെയോ തങ്ങൾ പൂർണ്ണമായി എതിർക്കുന്നില്ലെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി. എന്നാൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിന്റെ മറവിൽ ഐഎസ്ആർഒയുടെ അടിസ്ഥാന ശേഷിയും ആഭ്യന്തര നിർമ്മാണ ശേഷിയും ഇല്ലാതാക്കുന്ന സമീപനം അംഗീകരിക്കാനാവില്ല.
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്റർ , ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്റർ തുടങ്ങി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലെ ഒൻപത് അംഗീകൃത തൊഴിലാളി സംഘടനകളാണ് സംയുക്തമായി ചെയർമാന് പരാതി നൽകിയത്. ജീവനക്കാരുടെ തൊഴിൽ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates