മലപ്പുറം: മുസ്ലീംലീഗിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ നിയമസഭയിലെത്തിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി നേതൃത്വം. നിയമസഭയില്‍ ആദ്യമായി ലീഗിന്റെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാന്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വനിതകള്‍ക്ക് മാറ്റിവെയ്ക്കാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്. ലീഗില്‍ നിന്ന് ഒരു വനിതാ നിയമസഭാംഗം ഇപ്പോള്‍ അനിവാര്യമാണെന്ന് മുതിര്‍ന്ന നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
വനിതാ സീറ്റുകളിലേക്ക് പ്രധാനമായി ജയന്തി രാജനെയും സുഹറ മമ്പാടിനെയുമാണ് പരിഗണിക്കുന്നത്. ജയന്തിയെ പാര്‍ട്ടിയുടെ മതേതര മുഖമായി ഉയര്‍ത്തിക്കാട്ടാന്‍ സാധ്യതയുണ്ട്. അതേസമയം വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ആയ സുഹറ മമ്പാട് മലപ്പുറം ജില്ലയില്‍ നിന്ന് മത്സരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പാര്‍ട്ടിയുടെ പട്ടികയില്‍ ജയന്തി ഒന്നാമതാണെന്ന് മുതിര്‍ന്ന നേതാവ് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'ജയന്തി ലീഗിന്റെ ദേശീയ നേതാവാണ്. പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ അവര്‍ക്ക് എല്ലാ യോഗ്യതയുമുണ്ട്. ഞങ്ങള്‍ ഒരു മുസ്ലീം പാര്‍ട്ടിയാണെന്നാണ് പൊതുവെ പറയുന്നത്. ജയന്തി എല്ലായ്‌പ്പോഴും അതിനുള്ള ഉത്തരമായിരിക്കും. അതേസമയം, സുഹറ ഞങ്ങളുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. സംസ്ഥാന നിയമസഭയില്‍ സ്ത്രീ പ്രാതിനിധ്യം ലഭിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, '-നേതാവ് പറഞ്ഞു.
വയനാട്ടിലെ ഇരുളത്ത് നിന്നുള്ള ദലിത് നേതാവായ ജയന്തി നിലവില്‍ പാര്‍ട്ടിയുടെ ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയാണ്. വനിതാ ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയും ദലിത് ലീഗ് വനിത വിഭാഗം സംസ്ഥാന പ്രസിഡന്റും ഉള്‍പ്പെടെ പ്രധാന സ്ഥാനങ്ങള്‍ അവര്‍ വഹിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാര്‍ട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ജയന്തി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ''എന്റെ ഇപ്പോഴത്തെ സ്ഥാനത്തിന് ഞാന്‍ പാര്‍ട്ടിയോട് കടപ്പെട്ടിരിക്കുന്നു, പാര്‍ട്ടി എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ ഞാന്‍ വളരെയധികം അഭിമാനംകൊള്ളുന്നു''- അവര്‍ പറഞ്ഞു.
ലീഗുമായുള്ള ജയന്തിയുടെ ബന്ധം 2008 ല്‍ ആരംഭിച്ചതാണ്. തുടര്‍ന്ന് 2010 ല്‍ ഔപചാരിക അംഗത്വം നേടി. അതേ വര്‍ഷം തന്നെ ലീഗ് ടിക്കറ്റില്‍ വനിതാ സംവരണ പുതാടി പഞ്ചായത്ത് സീറ്റ് നേടിക്കൊണ്ടാണ് അവര്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാര്‍ട്ടി വൃത്തങ്ങളില്‍ ലീഗിന്റെ മതേതര മുഖമായും പാര്‍ട്ടി സമുദായ കേന്ദ്രീകൃതമാണെന്ന വിമര്‍ശനത്തിന് എതിരായും ലീഗ് ഉയര്‍ത്തിക്കാട്ടുന്നത് ജയന്തിയെയാണ്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമീപകാല വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. എ പി സ്മിജിയെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി നിയമിച്ചത് ഉള്‍പ്പെടെ മുസ്ലീം ഇതര വനിതാ നേതാക്കളെ പ്രധാന സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് ലീഗ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ആ തന്ത്രം ആവര്‍ത്തിക്കാനും വികസിപ്പിക്കാനും സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഈ വര്‍ഷം ലീഗിന് തീര്‍ച്ചയായും ഒരു വനിതാ എംഎല്‍എ ഉണ്ടാകുമെന്ന് മുസ്ലീം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി നജ്മ തബ്ഷീറ പറഞ്ഞു. 'വനിതകള്‍ക്ക് അനുവദിക്കേണ്ട സീറ്റുകളുടെ എണ്ണം സംബന്ധിച്ച് സജീവമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്, അത് രണ്ടോ അതിലധികമോ ആകാം,'- നജ്മ പറഞ്ഞു. സീനിയോറിറ്റിയിലല്ല, പ്രാതിനിധ്യത്തിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്നും യൂത്ത് ലീഗിലെയും ഹരിത വിഭാഗങ്ങളിലെയും നേതാക്കളെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി നജ്മ പറഞ്ഞു.
'യൂത്ത് ലീഗിലെയും ഹരിതയിലെയും മിക്കവാറും എല്ലാ വനിതാ നേതാക്കള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചു, ഞങ്ങളെല്ലാം വിജയിച്ചു. ഇത് ലീഗിനെ സംബന്ധിച്ച ചരിത്രപരമായ മാറ്റമായാണ് ഞങ്ങള്‍ കാണുന്നത്. ജൂനിയര്‍മാര്‍ക്കോ സീനിയര്‍മാര്‍ക്കോ സീറ്റ് ലഭിക്കുമോ എന്നത് ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. വനിതാ പ്രാതിനിധ്യത്തിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്,'- അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി ആദ്യവാരത്തോടെ ലീഗ് നേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ രണ്ടുതവണ മാത്രമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. 1996ല്‍ കമറുന്നീസ അന്‍വര്‍ കോഴിക്കോട് സൗത്ത് (കോഴിക്കോട്-II) നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും അവര്‍ സിപിഎം നേതാവ് എളമരം കരീമിനോട് പരാജയപ്പെട്ടു. 25 വര്‍ഷത്തിനുശേഷം, 2021ല്‍ നൂര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിച്ചു. എന്നാല്‍ എല്‍ഡിഎഫിന്റെ അഹമ്മദ് ദേവര്‍കോവിലിനോട് അവര്‍ പരാജയപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates