മലപ്പുറം: മലബാറിലെ പരമ്പരാഗത ശക്തികേന്ദ്രങ്ങൾക്കപ്പുറം തെക്കൻ കേരളത്തിലും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ശക്തമായ സംഘടനാ അടിത്തറ കെട്ടിപ്പടുത്തതായി പാർട്ടി നേതൃത്വം. കൊച്ചിയിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മഹാറാലിയിലെ വൻ ജനപങ്കാളിത്തം തെക്കൻ ജില്ലകളിൽ പാർട്ടി കൈവരിച്ച വളർച്ചയുടെ തെളിവായാണ് നേതൃത്വം ഉയർത്തിക്കാട്ടുന്നത്. മൂന്ന് ദിവസം നീണ്ട സമ്മേളനത്തിൽ തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തത് സംഘടനാ പ്രവർത്തനങ്ങൾ ലക്ഷ്യം കണ്ടതിന്റെ സൂചനയാണെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
തെക്കൻ കേരളത്തിലെ സംഘടനാ അടിത്തറ വിപുലീകരിക്കാൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ലീഗ് ബൂത്ത് തലത്തിൽ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. അംഗത്വവിതരണവും ജനസമ്പർക്ക പരിപാടികളും സംഘടനാ പുനഃസംഘടനയുമെല്ലാം ഇതിന്റെ ഭാഗമായി നടന്നു. ആലപ്പുഴയിൽനിന്നുള്ള നേതാവ് സി. ശ്യാംസുന്ദറിനെ പാർട്ടി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തതും ഈ നീക്കത്തിന്റെ ഭാഗമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിൽ അടുത്ത പ്രധാന തെരഞ്ഞെടുപ്പിന് മുമ്പ് തെക്കൻ ജില്ലകളിലെ സ്വാധീനം കൂടുതൽ ഉറപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനം പാർട്ടിയുടെ വളർച്ച വ്യക്തമാക്കുന്നതാണെന്ന് സംസ്ഥാന സമ്മേളനത്തിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. "കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സീറ്റുകളിൽ സിപിഎം 48 ശതമാനത്തിലും കോൺഗ്രസ് 46 ശതമാനത്തിലുമാണ് വിജയിച്ചത്. എന്നാൽ ലീഗ് മത്സരിച്ച സീറ്റുകളിൽ 79.9 ശതമാനത്തിലും വിജയിച്ചു. തെക്കൻ ജില്ലകളിൽ പാർട്ടി കൂടുതൽ ശക്തിപ്പെടുന്ന കാലമാണിത്. സമ്മേളനത്തിലെ ജനപങ്കാളിത്തം അതിന്റെ വ്യക്തമായ തെളിവാണ്," അദ്ദേഹം പറഞ്ഞു.
തെക്കൻ ജില്ലകളിൽനിന്നുള്ള പ്രവർത്തകരുടെ വലിയ പങ്കാളിത്തം കഴിഞ്ഞ ഏതാനും വർഷങ്ങളായി പാർട്ടി നടത്തിയ സംഘടനാ പ്രവർത്തനങ്ങളുടെ ഫലമാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
"തിരുവനന്തപുരം ജില്ലയിൽനിന്ന് മാത്രം നൂറോളം ട്രാവലർ ബസുകളിലാണ് പ്രവർത്തകർ അവസാനദിവസം എത്തിയത്. തെക്കൻ ജില്ലകളിൽ പാർട്ടിയുടെ വളർച്ച വലിയ തോതിലാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി യൂത്ത് ലീഗും മുസ്ലിം ലീഗും ബൂത്ത് തലത്തിൽ തന്നെ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ജനസമ്പർക്ക പരിപാടികളും അംഗത്വ ക്യാമ്പയിനുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. അവസാനദിവസത്തെ മഹാറാലിയിൽ ഒരു ലക്ഷത്തിലേറെ പ്രവർത്തകർ പങ്കെടുത്തു. ഇതിൽ തെക്കൻ ജില്ലകളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകരുമുണ്ടായിരുന്നു. ജില്ലാ നേതൃത്വവും പ്രവർത്തകരും നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണിത്," അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ സംസ്ഥാന സമ്മേളനം നടത്താനുള്ള തീരുമാനം തെക്കൻ കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്ന് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി. ശ്യാംസുന്ദർ പറഞ്ഞു.
തെക്കൻ ജില്ലകളിലെ ജില്ലാ കൺവെൻഷനുകളിലും സംഘടനാ പുനഃസംഘടനാ യോഗങ്ങളിലും പ്രവർത്തകരുടെ പങ്കാളിത്തത്തിൽ വലിയ വർധനയാണ് കണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിലും തെക്കൻ കേരളത്തിൽ ലീഗിന്റെ വളർച്ച പ്രകടമായി. ജില്ലാ കമ്മിറ്റി യോഗങ്ങളിൽനിന്ന് ലഭിച്ച മികച്ച പ്രതികരണമാണ് സംസ്ഥാന സമ്മേളനം തെക്കൻ കേരളത്തിൽ നടത്താനുള്ള ആത്മവിശ്വാസം നൽകിയത്. മൂന്ന് ദിവസങ്ങളിലായി ഓരോ തെക്കൻ ജില്ലയിൽനിന്നും 1,000 മുതൽ 2,000 വരെ പ്രവർത്തകർ സമ്മേളനത്തിനെത്തി. മലബാറിന്റെ മാത്രം പാർട്ടിയല്ല മുസ്ലിം ലീഗെന്ന് ഇന്ന് അഭിമാനത്തോടെ പറയാനാകും," അദ്ദേഹം അവകാശപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates