ജോലി തട്ടിപ്പ് കേസിലെ പ്രതികള്‍ 
Kerala

ജോബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക!, കല്യാണ്‍ ജ്വല്ലറിയുടെ പേരില്‍ ജോലി തട്ടിപ്പ്: വന്‍ ഓണ്‍ലൈന്‍ തട്ടിപ്പു സംഘം പിടിയില്‍

തൃശൂർ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലി തട്ടിപ്പു നടത്തി വന്നിരുന്ന വന്‍ സംഘം തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂർ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ജോലി തട്ടിപ്പു നടത്തി വന്നിരുന്ന വന്‍ സംഘം തൃശൂര്‍ സിറ്റി സൈബര്‍ പൊലീസിന്റെ പിടിയില്‍. ഇന്ത്യയിലും വിദേശത്തും ശാഖകളുള്ള കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഷോറൂമുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വന്‍ തുക തട്ടിയെടുത്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈസ്റ്റ് ദല്‍ഹി ഷക്കര്‍പൂര്‍ നെഹ്‌റു എന്‍ക്ലേവ് സ്‌കൂള്‍ ബ്ലോക്കില്‍  പ്രമോദ് സാവോ (23), ദല്‍ഹി ഫസല്‍പൂര്‍ മാന്‍ഡവല്ലി സ്വദേശി വരുണ്‍ (26), വിശാഖപട്ടണം മുലഗഡേ ഹൌസിങ്ങ് കോളനി ജേക്കബ്ബ് രാജ് (22) എന്നിവരെയാണ് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിന്നും തൃശൂര്‍ സൈബര്‍ െ്രെകം എസ് ഐ  കെ എസ് സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. 

കല്യാണ്‍ ജ്വല്ലേഴ്‌സ് കോര്‍പ്പറേറ്റ് ഓഫീസ് ജനറല്‍ മാനേജര്‍ കെ ടി ഷൈജു സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സിറ്റി സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സൈബര്‍ ഇന്‍സ്‌പെക്ടര്‍ എ എ അഷ്‌റഫിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.

ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു.രാജ്യത്തെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങളുടെ പേരുകളിനോട് സാമ്യമുള്ള രീതിയിലുള്ള വ്യാജ ഇമെയില്‍ വിലാസങ്ങളും, വെബ്‌സൈറ്റുകളും സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.ഇത്തരം ഇമെയിലുകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളുടെ ഇമെയില്‍ വിലാസത്തിലേക്ക് പ്രമുഖ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ഇമെയില്‍ അയക്കും.

ഉദ്യോഗാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയും പ്രായവും പരിഗണിച്ചുകൊണ്ടുള്ള ജോലി ഓഫറുകളായിരിക്കും ഇമെയില്‍ വിലാസത്തില്‍ അയച്ചു നല്‍കുക. ഇതിനായി സ്ഥാപനങ്ങളുടെ പേരില്‍ ലെറ്റര്‍പാഡുകളും, രേഖകളും വ്യാജമായി സൃഷ്ടിക്കും. അങ്ങനെ ഉദ്യോഗാര്‍ത്ഥികളെ വിശ്വാസത്തിലെടുത്തായിരുന്നു തട്ടിപ്പെന്നും പൊലീസ് പറയുന്നു.

ഇമെയില്‍ ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍, അതില്‍ നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുന്നതോടെയാണ് തട്ടിപ്പിന് ഇരയാകുന്നത്. തുടര്‍ന്ന്, തട്ടിപ്പുകാരില്‍ വിശ്വാസം ജനിപ്പിക്കുന്നതിനുവേണ്ടി, ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ, ഓണ്‍ലൈന്‍ ടെസ്റ്റുകള്‍ എന്നിവ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീണു എന്ന് ഉറപ്പുവരുത്തുന്നതോടെ, അഡ്മിഷന്‍ ഫീസ്, ട്രെയിനിങ്ങ് ചാര്‍ജ്, തുടങ്ങി പലവിധ ആവശ്യങ്ങള്‍ പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം ചെറിയ തുകകളായി അവരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിപ്പിക്കുന്നു. നിയമനം ലഭിച്ച് ആദ്യ ശമ്പളത്തോടൊപ്പം നിക്ഷേപിച്ച തുക തിരികെ ലഭിക്കും എന്ന വാഗ്ദാനം കൂടി നല്‍കുന്നതോടെ ഉദ്യോഗാര്‍ത്ഥികള്‍ അത് വിശ്വസിച്ച്  പണം നിക്ഷേപിച്ചതായും പൊലീസ് പറയുന്നു. 

ഉദ്യോഗാര്‍ത്ഥികള്‍ ചെറിയ തുകകളായി പണം നിക്ഷേപിക്കുന്നതുകൊണ്ട് പലപ്പോഴും, പണം നഷ്ടപ്പെട്ട കാര്യത്തിന് പൊലീസില്‍ പരാതി നല്‍കുന്നതിന് വിമുഖത കാണിക്കുന്നു. ഇതാണ് തട്ടിപ്പുകാര്‍ അവരുടെ രീതി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതിന് കാരണമെന്നും പൊലീസ് പറയുന്നു.

ഇങ്ങനെ പണം നിക്ഷേപിച്ചതിനുശേഷവും, ജോലി ലഭിക്കാതായതോടെ ഏതാനും പേര്‍ കല്യാണ്‍ ജ്വല്ലേഴ്‌സില്‍ സമീപിച്ചപ്പോഴാണ് തട്ടിപ്പു നടക്കുന്ന വിവരം മനസ്സിലായത്. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുമാണ് പണം നഷ്ടമായിട്ടുള്ളത്. കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ഇത്തരം സംഭവങ്ങള്‍ സ്ഥാപനത്തിന്റെ സത്‌പേരിന് കളങ്കം വന്നതായി പരാതിയില്‍ പറയുന്നു.

അറസ്റ്റുചെയ്തവരില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, പെന്‍െ്രെഡവ് എന്നിവ പരിശോധിച്ചതില്‍ നിന്നും വിമാനകമ്പനികളുടേതടക്കം ഇന്ത്യയിലെ പ്രശസ്തമായ പല സ്ഥാപനങ്ങളുടെ പേരിലും ലെറ്റര്‍ഹെഡുകളും വ്യാജരേഖകളും സൃഷ്ടിച്ച് തട്ടിപ്പു നടത്തിവരുന്നതായി മനസ്സിലായിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അതാതു അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പൊലീസിന്റെ നിര്‍ദേശം:

ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ഓഫര്‍ ലെറ്ററുകള്‍ യഥാര്‍ത്ഥ സ്ഥാപനത്തിന്റേതാണെന്ന് ഉറപ്പുവരുത്തുക. ഇമെയിലുകളില്‍ അയച്ചു ലഭിക്കുന്ന ലിങ്കുകളല്ലാതെ, യഥാര്‍ത്ഥകമ്പനി വെബ് സൈറ്റ് പരിശോധിക്കുക. 

നിങ്ങള്‍ക്ക് ജോലി ഓഫര്‍ അയച്ചു നല്‍കുന്ന രേഖകളുടെ ആധികാരികത ഉറപ്പുവരുത്തുക. യഥാര്‍ത്ഥ സ്ഥാപനങ്ങളുടേതെന്നു തോന്നിപ്പിക്കുന്ന വെബ്‌സൈറ്റുകളും, വ്യാജ രേഖകളും സൃഷ്ടിക്കാനും, നിങ്ങളെ വിശ്വസിപ്പിക്കുന്നതിനും തട്ടിപ്പുകാര്‍ക്ക് കഴിയും. 

മികച്ച സ്ഥാപനങ്ങള്‍ ഒരിക്കലും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം ആവശ്യപ്പെടുകയോ, സ്വീകരിക്കുകയോ ചെയ്യുകയില്ല. പണം മുന്‍കൂര്‍ ആവശ്യപ്പെടുകയും നിങ്ങള്‍ അത് നല്‍കുകയും ചെയ്യുമ്പോള്‍ നഷ്ടസാധ്യത മുന്‍കൂട്ടി കാണുക.

നിങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തില്‍ നേരിട്ട് ബന്ധപ്പെടുക. അവരുടെ യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍, ബന്ധപ്പെടുവാനുള്ള ഇമെയില്‍ വിലാസം എന്നിവ ശേഖരിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

'ഷേവിങ് ലോഷനായി ഉപയോഗിച്ചതായിരിക്കില്ലേ?' 10 മില്ലീലിറ്റര്‍ മദ്യം കൈവശം വച്ച യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസിന് നേരെ കോടതി

SCROLL FOR NEXT