തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബൽ കമ്പനിയുമായുള്ള അഴിമതിക്കരാറിനെ വെള്ളപൂശാൻ മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനം ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ടെണ്ടറിൽ ആരും പങ്കെടുത്തില്ലെന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല. ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായുള്ള ടെണ്ടർ തുറന്നത് സെപ്റ്റംബർ 25-നാണ്. എന്നാൽ അതിന് മുമ്പ്, സെപ്റ്റംബർ 23-ന് തന്നെ വിഇഎച്ചുമായി കരാർ ഒപ്പിട്ടുവെന്ന് പിണറായി വിജയൻ ഫെയ്സ്ബുക്കിൽ വ്യക്തമാക്കി.
25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് കരാർ ഒപ്പിടുമ്പോൾ എങ്ങനെ മനസ്സിലായി?. ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ആവശ്യമായ വൈദ്യുതി കെഎസ് ഇ ബി നേരത്തെ ഉറപ്പാക്കിയിരുന്നു. വി ഇ എച്ച് ഗ്ലോബലിൽ നിന്ന് കരാർ പ്രകാരമുള്ള വൈദ്യുതി കിട്ടാതിരുന്നിട്ടും ഒക്ടോബറിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടായില്ലെന്നത് കരാർ അനാവശ്യമായിരുന്നു എന്നതിന് തെളിവാണ്.
വി.ഇ.എച്ച് ഗ്ലോബലിന്റെ ഉടമസ്ഥരായ INOXGFL സെബി അന്വേഷണവും കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടപടികളും നേരിടുന്ന കമ്പനിയാണ്. തൊടുന്യായങ്ങൾ മാറ്റിവെച്ച് ജി.എൻ.എ, വി.ഇ.എച്ച്, ഹിമാചൽ കരാറുകളുടെ മുഴുവൻ രേഖകളും പുറത്തുവിടാനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.
പിണറായിയുടെ കുറിപ്പിന്റെ പൂർണരൂപം:
വി.ഇ.എച്ച്. ഗ്ലോബൽ കമ്പനിയുമായുള്ള അഴിമതിക്കരാറിനെ വെള്ളപൂശാൻ മുഖ്യമന്ത്രി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനം ദുരൂഹത വർദ്ധിപ്പിക്കുകയാണ്. ടെണ്ടറിൽ ആരും പങ്കെടുത്തില്ലെന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല.
2026 സെപ്റ്റംബർ 10-ന് തുറന്ന ടെണ്ടർ ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായിരുന്നില്ല; ഒക്ടോബർ മുതൽ മെയ് വരെയുള്ള രാത്രികാല വൈദ്യുതിക്കും മാർച്ച് - മെയ് പീക്ക് സമയത്തേക്കുമുള്ളതായിരുന്നു. ആഗസ്റ്റ് 20-ന് ഡീപ്പ് പോർട്ടലിൽ പ്രസിദ്ധീകരിച്ച ഈ ടെണ്ടറിൽ 19 കമ്പനികൾ പങ്കെടുത്തതായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ 29-10-2026-ലെ ഉത്തരവിൽ (പെറ്റീഷൻ 42/2026) വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബറിലെ പീക്ക് വൈദ്യുതിക്കായുള്ള അടുത്ത ടെണ്ടർ തുറന്നത് സെപ്റ്റംബർ 25-നാണ്. എന്നാൽ അതിന് മുമ്പ്, സെപ്റ്റംബർ 23-ന് തന്നെ വി.ഇ.എച്ചുമായി കരാർ ഒപ്പിട്ടു. സെപ്റ്റംബർ 14-ന് പ്രസിദ്ധീകരിച്ച് 25-ന് തുറന്ന ടെണ്ടറിൽ ഒക്ടോബർ പീക്ക് ഉൾപ്പെടുത്തിയിട്ടും ആരും ഓഫർ നൽകിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ന്യായീകരണം. പക്ഷേ, 25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് കരാർ ഒപ്പിടുമ്പോൾ എങ്ങനെ മനസ്സിലായി? വി.ഇ.എച്ച് കരാറിന് ന്യായീകരണം ഉണ്ടാക്കാനാണ് സെപ്റ്റംബർ 14-ലെ ടെണ്ടറിൽ ഒക്ടോബർ പീക്ക് ഉൾപ്പെടുത്തിയതെന്ന് സംശയിക്കാൻ ന്യായമായ കാരണങ്ങളുണ്ട്.
ഒക്ടോബറിലെ പീക്ക് സമയത്തേക്ക് ആവശ്യമായ വൈദ്യുതി കെ.എസ്.ഇ.ബി നേരത്തെ ഉറപ്പാക്കിയിരുന്നു. മൂന്ന് കരാറുകളിലൂടെ 788 മെഗാവാട്ടും സ്വാപ്പ് കരാർ കാലാവധി കഴിഞ്ഞതിലൂടെ 300 മെഗാവാട്ടും ഉൾപ്പെടെ 1088 മെഗാവാട്ട് ലഭ്യമായിരുന്നു. യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി അമിതവിലയ്ക്ക് ഈ കൊള്ളക്കരാർ ഒപ്പുവെച്ചത്. വി.ഇ.എച്ച് ഗ്ലോബലിൽ നിന്ന് കരാർ പ്രകാരമുള്ള വൈദ്യുതി കിട്ടാതിരുന്നിട്ടും ഒക്ടോബറിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടായില്ലെന്നത് കരാർ അനാവശ്യമായിരുന്നു എന്നതിന് തെളിവാണ്.
കാറ്റിന്റെ ലഭ്യത കുറഞ്ഞതുകൊണ്ട് മാത്രം കൊള്ള പ്രതീക്ഷിച്ച രീതിയിൽ നടക്കാതെ പോയതിനെ ന്യായീകരണമാക്കുകയാണ് മുഖ്യമന്ത്രി. വി.ഇ.എച്ച് ഗ്ലോബലിന്റെ ഉടമസ്ഥരായ INOXGFL സെബി അന്വേഷണവും കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടപടികളും നേരിടുന്ന കമ്പനിയാണ്. തൊടുന്യായങ്ങൾ മാറ്റിവെച്ച് ജി.എൻ.എ, വി.ഇ.എച്ച്, ഹിമാചൽ കരാറുകളുടെ മുഴുവൻ രേഖകളും പുറത്തുവിടാനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ തയ്യാറാകണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates