മന്ത്രി രമേശ് ചെന്നിത്തല  ഫയൽ
Kerala

ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നു; മദ്യപിച്ച് വാഹനം ഓടിക്കല്‍ ഫാഷനായി മാറി: മന്ത്രി ചെന്നിത്തല

ജുവനൈൽ നിയമങ്ങൾ ദുരുപയോ​ഗം ചെയ്യപ്പെടുന്നതായി പൊതു വികാരമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികള്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ജുവനൈല്‍ നിയമങ്ങള്‍ സൗകര്യപൂര്‍വം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ജുവനൈല്‍ ആക്ട് 2000 ല്‍ പാസ്സാക്കി. തുടര്‍ന്ന് നിരവധി ഭേദഗതികള്‍ ഉണ്ടായി. 2016ലെ ഭേദഗതിക്ക് ശേഷം റൂള്‍ വരികയുണ്ടായി. ഇന്ന് 18 വയസ്സില്‍ താഴെയുള്ള, ജുവനൈല്‍ ആയ കുട്ടികള്‍ ഇതിന്റെ സൗകര്യം ഉപയോഗിച്ച് അക്രമങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെ നടത്തുന്നുവെന്ന് ആഭ്യന്തരവകുപ്പിന് പരാതി ലഭിക്കുന്നുണ്ട്. 2016 ലെ റൂള്‍ പ്രകാരം ക്രൂരമായ കുറ്റകൃത്യം നടത്തുന്നതിന് 7 വര്‍ഷത്തെ കഠിന തടവാണ് ലഭിക്കുക. മനപൂര്‍വമല്ലാത്ത നവരഹത്യയെങ്കില്‍ 5 വര്‍ഷമാണ്. 7 വര്‍ഷത്തെ തടവു ലഭിക്കുന്ന കേസിലാണ് ജാമ്യമില്ലാത്ത നടപടിയുണ്ടാകുന്നത്.

ചേരാനെല്ലൂരില്‍ ഉണ്ടായത് മനപൂര്‍വമല്ലാത്ത നരഹത്യയെന്ന് വ്യാഖ്യാനിച്ചുകൊണ്ടാണ് പ്രായപൂര്‍ത്തിയാകാത്ത ആ പ്രതിക്ക് കോടതി ജാമ്യം കൊടുത്തത്. തിരുവനന്തപുരത്ത് നടന്ന കൊലപാതകം ഞെട്ടിപ്പിക്കുന്നതാണ്. ജുവനൈല്‍ ആയതുകൊണ്ട് രക്ഷപ്പെടാന്‍ കഴിയുമെന്ന് പ്രതികള്‍ പറയുന്നുമുണ്ട്. ഇന്ന് കുട്ടികള്‍ പ്രതിയാകുന്ന കുറ്റകൃത്യങ്ങള്‍ പെരുകി വരികയാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആരെയും ആക്രമിക്കാനോ കൊല്ലാനോ കഴിയുന്ന ഒരു അവസ്ഥയിലേക്ക് വരികയാണ്. അതു വളരെ ഗൗരവമായി കണക്കാക്കേണ്ട കാര്യമാണ്.

സാമൂഹിക സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ജുവനൈല്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയും, മദ്യപിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങളും കൂടുന്നത് കണക്കിലെടുത്ത് ജുവനൈല്‍ ആക്ടില്‍ ഭേദഗതി വേണ്ടി വരുന്നു എന്നുള്ള ചിന്ത സമൂഹത്തിലുണ്ട്. ജുവനൈല്‍ ആക്ട് കേന്ദ്രനിയമമാണ് എന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രതിസന്ധി. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടാന്‍ പാടില്ല എന്നതാണ് വ്യക്തിപരമായ അഭിപ്രായം. ഈ വിഷയത്തില്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ജുവനൈല്‍ നിയമത്തിലെ ഭേദഗതിയുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കാക്കനാട് കാല്‍നടയാത്രക്കാരി സ്വകാര്യ ബസ് ഇടിച്ചു മരിച്ച സംഭവത്തില്‍ ഹൈക്കോടതി പറഞ്ഞത് ശരിയാണ്. കാല്‍നടയാത്രക്കാര്‍ക്ക് ഇപ്പോള്‍ ഒരു സംരക്ഷണവും ഇല്ലാത്ത അവസ്ഥയാണ്. മദ്യപിച്ച് ആളുകള്‍ വാഹനം ഇടിച്ച് അവരെ കൊല്ലുന്നു. സ്‌കൂട്ടറില്‍ പോകുന്ന പാവപ്പെട്ടവരെ വാഹനം ഇടിച്ചു കൊല്ലുന്നു. സാധാരണക്കാരും പാവപ്പെട്ടവരുമാണ് സ്‌കൂട്ടറിലും കാല്‍നടയായും സൈക്കിളിലുമൊക്കെ പോകുന്നത്. മയക്കുമരുന്നും മദ്യപാനവും നടത്തിയശേഷം ആളുകളുടെ ഡ്രൈവിങ് വര്‍ധിക്കുകയാണ്. അവര്‍ മരിക്കുന്നു എന്നു മാത്രമല്ല, മറ്റുള്ളവരെയും കൊല്ലുകയാണ്.

ഡ്രങ്ക് ആന്റ് ഡ്രൈവ് ഒരു കാരണവശാലും കേരളത്തില്‍ അനുവദിക്കാന്‍ കഴിയില്ല. ഇത്തരക്കാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ ഉണ്ടാകും. ഇക്കാര്യം ഗതഗത വകുപ്പുമായി സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസത്തിനിടെ പതിനയ്യായിരം ആളുകളെയാണ് മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടികൂടിയത്. ഇപ്പോള്‍ ആളുകള്‍ മദ്യപിച്ചാലേ വണ്ടി ഓടിക്കൂ എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നത് ശരിയല്ല. ഗള്‍ഫിലൊന്നും ഒരാളുപോലും മദ്യപിച്ച് വാഹനം ഓടിക്കില്ല. ഇവിടെ മദ്യപിച്ച് വാഹനം ഓടിക്കല്‍ ഫാഷനായി മാറിയിരിക്കുകയാണ്. അത് ഒരു കാരണവശാലും അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Juvenile crimes are on the rise; drunk driving has become a trend: Minister Ramesh Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജൂനിയറായ ആ നേതാക്കള്‍ക്ക് സതീശന്‍ വഴങ്ങി, ഞാന്‍ പുറത്തായി: അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്

റീല്‍ ചിത്രീകരിക്കാന്‍ 18കാരനെ കണ്ണുകെട്ടി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി; മൂന്ന് പേര്‍ അറസ്റ്റില്‍

നിയമം പഠിക്കാന്‍ ഇനി പ്രായം തടസമല്ല, ഏത് വയസിലും എല്‍എല്‍ബി പഠിക്കാം; നിയന്ത്രണം നീക്കി ബാര്‍ കൗണ്‍സില്‍

'പാർവതിയും ഉണ്ണിമായയും സീരിയസ് ആണെന്ന് വിചാരിച്ചു, അത് തെറ്റാണെന്ന് മനസിലായി'; ലാൽ ജോസ് പറയുന്നു

രാമായണ വെറും സിനിമയല്ല; ഭാരതീയ സംസ്കാരത്തിനായുള്ള മഹായാ​ഗമെന്ന് വിവേക് ഒബ്‌റോയ്