കണ്ണൂര്‍: കോണ്‍ഗ്രസില്‍ രാഷ്ട്രീയമായി പിടിച്ചു നില്‍ക്കുക ലക്ഷ്യമിട്ടാണ്, വോട്ടെണ്ണലിന് മുമ്പെ കെ സുധാകരന്‍ എം പി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതെന്ന് സൂചന. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ കെ സുധാകരന്‍ ഇപ്പോള്‍ കെ സി ക്ക് അനുകൂലമായി പ്രതികരിക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായ വിഡി സതീശന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍ കുളം കലക്കി മീന്‍ പിടിക്കുകയാണ് സുധാകരന്റെ തന്ത്രം.
ഭരണം കിട്ടിയാല്‍ വി ഡി സതീശനോ രമേശ് ചെന്നിത്തലയോ?. ഇവരില്‍ ആരാകും മുഖ്യമന്ത്രിയാകുമെന്ന ആശയക്കുഴപ്പം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനുണ്ട്. ഇവിടെയാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേരും ഉയരുന്നത്. കോണ്‍ഗ്രസ് എം എല്‍ എ മാരില്‍ ഹിത പരിശോധന നടത്തുകയാണെങ്കില്‍ മുന്‍തൂക്കം കെ സി വേണുഗോപാലിനാണ്. തന്റെ അനുകൂലികളെ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും മത്സരിപ്പിക്കുകയെന്ന തന്ത്രമാണ് കെ സി വേണുഗോപാല്‍ പയറ്റിയത്.
മറ്റു ഗ്രൂപ്പുകളില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്വന്തം പക്ഷക്കാരാക്കിയാണ് സ്ഥാനാര്‍ത്ഥികളെ കെ സി വേണുഗോപാല്‍ അവതരിപ്പിച്ചത്. കണ്ണുര്‍ ജില്ലയില്‍ അപ്രമാദിത്വമുള്ള കെ സുധാകരന് വലിയ തിരിച്ചടിയാണ് ഇത്തവണ നേരിട്ടത്. സുധാകരന്റെ അഭിപ്രായം പരിഗണിക്കാതെയാണ് കണ്ണൂര്‍ മണ്ഡലത്തില്‍ മുന്‍ മേയര്‍ ടി ഒ മോഹനനെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഇരിക്കൂറില്‍ സജീവ് ജോസഫും കല്യാശേരിയില്‍ രാജീവന്‍ കപ്പച്ചേരിയും മട്ടന്നൂരില്‍ ചന്ദ്രന്‍ തില്ലങ്കേരിയു കെ സി വേണുഗോപാലിന്റെ സ്ഥാനാര്‍ത്ഥികളാണ്.
യാതൊരു വിജയ സാദ്ധ്യതയുമില്ലാത്ത തലശേരിയില്‍ സുധാകര പക്ഷക്കാരനായ കെ പി സാജുവിനെ സ്ഥാനാര്‍ത്ഥിയാക്കി. രമേശ് ചെന്നിത്തലയോട് അടുപ്പമുള്ള വി പി അബ്ദുള്‍ റഷീദിന് വിജയ സാധ്യതയുണ്ടായിട്ടും തളിപ്പറമ്പ് സീറ്റ് നല്‍കാതെ, ധര്‍മ്മടത്തേക്ക് മാറ്റി. സിപിഎം വിമതരായ വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും പയ്യന്നൂരും തളിപ്പറമ്പും കെ സി വേണുഗോപാലിന്റെ പിന്‍തുണയോടെ മത്സരിക്കുന്നവരാണ്.
കണ്ണുരില്‍ ഒരു കാലത്ത് ഏറെ ശക്തിയുണ്ടായിരുന്ന എ വിഭാഗം ഇപ്പോള്‍ തുടച്ചുനീക്കപ്പെട്ടിരിക്കുകയാണ് ശ്രീകണ്ഠാപുരം നഗരസഭയിലെ ഭരണമല്ലാതെ അവര്‍ക്ക് ഒന്നുമില്ല. കണ്ണൂര്‍ കോര്‍പറേഷനില്‍ കെ സി വേണുഗോപാല്‍ പക്ഷക്കാരിയായ അഡ്വ. പി ഇന്ദിരയാണ് മേയര്‍. പേരാവൂരില്‍ സ്ഥാനാര്‍ത്ഥിയായ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നേരത്തെ സുധാകര പക്ഷത്ത് നിന്നും വിട പറഞ്ഞിരുന്നു. നിലനില്‍പ്പിനായി കെ സി യോട് അനുഭാവം കാണിക്കുകയാണ് സണ്ണി ജോസഫ്.
സുധാകരന്റെ തട്ടകമായ കണ്ണൂര്‍ ഡിസിസിയും ഇപ്പോള്‍ കെ സി യോടൊപ്പമാണ്. സുധാകരന് വലിയ വില കല്‍പിക്കാതെയാണ് ഡി സി സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും സംഘവും മുന്‍പോട്ടു പോകുന്നത്. തന്റെ കാലിലെ മണ്ണൊലിച്ചു പോകുന്ന സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ കെ സുധാകരന്‍, വേണുഗോപാലിനെ പിന്‍തുണയ്ക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ കണ്ണൂരില്‍ നിന്നും സുധാകരന്‍ ഓടിച്ചു വിട്ട നേതാവാണ് കെ സി വേണുഗോപാല്‍. ഇപ്പോള്‍ ഒരു കണ്ണൂരുകാരന്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ് സുധാകരന്‍ കളം മാറ്റുമ്പോള്‍ ലക്ഷ്യമിടുന്നത് സണ്ണി ജോസഫ്, വിഡി സതീശന്‍ എന്നിവരെ ഒതുക്കാന്‍ തന്നെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates