തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം.പിയുടെ വിദേശത്തെ ചികിത്സയിൽ ദുരൂഹത ആരോപിച്ച് മകൻ സംജോഗ് സുധാകരൻ രംഗത്ത്. ചികിത്സയിലുള്ള അച്ഛനെ കാണാൻ തന്നെ അനുവദിക്കുന്നില്ലെന്നും അച്ഛൻ മറ്റാരുടെയോ നിയന്ത്രണത്തിലാണെന്ന് സംശയമുണ്ടെന്നും സംജോഗ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചതായി മരുമകൻ അജിത്ത് കുമാറും ഇൻകാസ് നേതാക്കളും ആരോപിച്ചു.
നാളെ (തിങ്കളാഴ്ച) പാർലമെന്റിൽ നിർണ്ണായകമായ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനിരിക്കെ ഡൽഹിയിൽ മടങ്ങിയെത്താൻ കോൺഗ്രസ് നേതൃത്വം സുധാകരനോട് നിർദേശിച്ചിരുന്നു. ഇതിനായി ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സുധാകരനെ പെട്ടെന്ന് ഐസിയുവിലേക്ക് മാറ്റിയതായും സന്ദർശകരെ അനുവദിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചതെന്നാണ് ആരോപണം.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സുധാകരന്റെ മരുമകൻ അജിത്ത് കുമാറും പ്രതികരിച്ചു. അതിനിടെ, സുധാകരനെ കാണാൻ ഇൻകാസിന്റെ )ചില നേതാക്കൾ ആശുപത്രിയിൽ എത്തിയെങ്കിലും അനുമതി നൽകാൻ ഡോക്ടർ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ആശുപത്രിയിലേക്ക് വിളിച്ച ശേഷമാണ് ഡോക്ടർമാരുടെ നിലപാടിൽ മാറ്റമുണ്ടായതെന്നാണ് മരുമകൻറെയും ഇൻകാസ് നേതാക്കളുടെയും പരാതി.
യുഎസിലേക്ക് ചികിത്സയ്ക്കായി പോയ സുധാകരൻ നിലവിൽ യുഎഇയിലാണുള്ളത്. നവംബർ 26-ന് രാത്രി അബുദാബി വിമാനത്തിലാണ് ഭാര്യയ്ക്കും മക്കൾക്കും മരുമക്കൾക്കുമൊപ്പം സുധാകരൻ കണ്ണൂരിൽ നിന്ന് യാത്ര തിരിച്ചത്. സുധാകരന്റെ യാത്രയ്ക്ക് മുൻപ് തന്നെ മണ്ഡല പുനർനിർണയ ബിൽ ചർച്ച ചെയ്യാനായി പാർലമെന്റ് വിളിച്ചുചേർക്കുമെന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് വന്നിരുന്നു. നാളെ പാർലമെന്റിൽ എത്തണമെന്ന് കോൺഗ്രസ് നേതൃത്വം കർശന നിർദേശം നൽകുകയും, ചികിത്സയ്ക്കുള്ള തുടർസൗകര്യം പാർട്ടി തന്നെ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിക്കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates