പാലക്കാട്: കൃത്യമായ കണക്ക് കൊടുക്കാതെ വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ലഭിക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. വിശദമായ കണക്ക് കൊടുക്കാതെ ഹർത്താൽ നടത്തിയതുകൊണ്ട് പൈസ കിട്ടുമോ?. അന്തിമ കണക്ക് സമർപ്പിക്കാൻ പോകുന്നതേയുള്ളൂ എന്നാണ് സംസ്ഥാന സർക്കാർ തന്നെ പറയുന്നതെന്നും കെ സുരേന്ദ്രൻ പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദുരന്തവുമായി ബന്ധപ്പെട്ട് വിശദമായ കണക്ക് വേണം. സർവേ വേണം. അതുനൽകാതെയുള്ള വിമർശനങ്ങളിലൊന്നും പ്രസക്തിയില്ല. കേരളത്തിന്റെ കയ്യിൽ ചെലവഴിക്കാൻ ആവശ്യത്തിന് പണമുണ്ട്. സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചപ്പോൾ, നിങ്ങളെന്തുകൊണ്ട് പണം ചിലവഴിക്കുന്നില്ല എന്നാണ് ഹൈക്കോടതി ചോദിച്ചത് എന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പണം ചെലവഴിക്കുന്നതിൽ എന്താണ് തടസ്സമെന്ന് കോടതി ചോദിച്ചിട്ടുണ്ട്. ഇപ്പോഴും പണം ചെലവഴിക്കുന്നുണ്ടല്ലോ. അന്തിമമായ റിപ്പോർട്ട് സമർപ്പിക്കാൻ പോകുന്നതേയുള്ള എന്നാണ് സർക്കാർ തന്നെ പറഞ്ഞിട്ടുള്ളത്. പിന്നെ രാജാവിനേക്കാൾ വലിയ രാജഭക്തി നിങ്ങളെന്തിനാണ് കാണിക്കുന്നതെന്ന്, മാധ്യമങ്ങളെ വിമർശിച്ച് കെ സുരേന്ദ്രൻ ചോദിച്ചു.
ഉപതെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ കോൺഗ്രസ് വർഗീയ ശക്തികളെ കൂട്ടുപിടിക്കുകയാണെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. കോൺഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടു. വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്ഐ നേതാവാണ്. വഖഫ് ബോർഡ് അധിനിവേശം വ്യാപിക്കുന്നു. വി ഡി സതീശൻ ചെയ്യുന്നത് രാജ്യദ്രോഹമാണ്. നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണ്. വി ഡി സതീശന് കണ്ടകശനിയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം. ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates