കണ്ണൂര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ ബേസ് ക്യാംപിലേക്കുള്ള സാഹസിക ട്രക്കിങ്ങിനിടെ തലശേരി സ്വദേശിയായ യുവാവ് നേപ്പാളില്‍ മരിച്ച നിലയില്‍. തലശ്ശേരി എരഞ്ഞോളി സ്വദേശിയായ അഞ്ജുനാഥ് കാവിങ്ങല്‍ വളപ്പിലാണ് (29) മരിച്ചത്.
നവംബര്‍ 19 ന് വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 'ട്രാവല്‍ വിത്ത് അഞ്ജുനാഥ്' എന്ന പേരില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യാത്രാവിവരങ്ങള്‍ പങ്കുവെച്ചിരുന്നു. അന്നപൂര്‍ണ ബേസ് ക്യാംപിൽ നിന്നുള്ള ദൃശ്യങ്ങളും മലനിരകളില്‍നിന്നുള്ള കാഴ്ചകളുമെല്ലാം അഞ്ജുനാഥ് നിരന്തരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ അറിയിച്ചുകൊണ്ടിരുന്നു.
എവറസ്റ്റ് ബേസ് കാംപിലേക്കുള്ള യാത്രാമധ്യേയുള്ള അതീവ ഉയരത്തിലുള്ള പ്രദേശമായ ഗോരക്ഷേപിലാണ് അഞ്ജുനാഥിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 5,164 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. എവറസ്റ്റ് ബേസ് കാംപ് ട്രക്കിങ്ങിലെ അവസാനത്തെ പ്രധാന താമസകേന്ദ്രങ്ങളിലൊന്നായ ഗോരക്ഷേപ്, ഉയര്‍ന്ന പ്രദേശങ്ങളിലെ കഠിനമായ കാലാവസ്ഥയും ഓക്സിജന്റെ കുറവും കാരണം സഞ്ചാരികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന മേഖലയാണ്.
കഴിഞ്ഞവര്‍ഷം അന്നപൂര്‍ണ ബേസ് കാംപ് ട്രക്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അഞ്ജുനാഥ് എവറസ്റ്റ് ബേസ് കാംപ് ലക്ഷ്യമാക്കി യാത്രതിരിച്ചത്. സോഷ്യല്‍ മീഡിയയില്‍ യാത്രാ വിശേഷങ്ങള്‍ പങ്കുവച്ചിരുന്ന ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ട്രക്കിങ് പ്രേമികള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. അക്യൂട്ട് മൗണ്ടന്‍ സിക്‌നസ് (എഎംഎസ്) ആണ് ഇവിടെ വില്ലനായതെന്നാണ് വിവരം. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരമുള്ള പ്രദേശങ്ങളിലേക്ക് വേഗത്തില്‍ കയറുമ്പോള്‍, അവിടത്തെ കുറഞ്ഞ ഓക്സിജന്‍ അളവുമായി ശരീരത്തിന് പൊരുത്തപ്പെടാന്‍ കഴിയാതെവരുന്ന അവസ്ഥയാണ് അക്യൂട്ട് മൗണ്ടന്‍ സിക്‌നസ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates