കാസർകോട്: കേരളം ഭരിക്കുന്നവർ തെക്കും വടക്കും വ്യത്യാസം കാണരുതെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. വർഗീയത പ്രചരിപ്പിക്കുന്നവരോട് ഒരിക്കലും കൈകൊടുക്കില്ല. ആര് ഭരിച്ചാലും വർഗീയതക്കെതിരായ ആശയത്തിൽ നിന്ന് പിന്നോട്ടില്ല. കേരളം ഭരിക്കുന്നവരും രാജ്യം ഭരിക്കുന്നവരും മനുഷ്യരെ ഒരു പോലെ കാണണമെന്നും കാന്തപുരം പറഞ്ഞു.
കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരള യാത്രയിൽ കാസർകോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും മനുഷ്യരാണെന്ന പരിഗണന കൈവിട്ടു പോകാൻ പാടില്ല. ഒരാൾ സഹജീവികൾക്കു വേണ്ടി ചെയ്യുന്ന സദ്കർമങ്ങളെ അയാളുടെ വർഗം നോക്കി വിലയിരുത്തി നിരുത്സാഹപ്പെടുത്തുന്ന സ്ഥിതിയുമുണ്ടാവരുത്. സ്വസ്ഥ ജീവിതം എല്ലാവരുടെയും അവകാശമാണ്.
ഇസ്‌ലാം സ്‌നേഹമാണ്. എല്ലാവരുമായും നന്മയിൽ വർത്തിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നും കാന്തപുരം പറഞ്ഞു. കേരള മുസ്‌ലിം ജമാഅത്ത് രാഷ്ട്രീയ പാർട്ടിയല്ല. രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുമില്ല. ഒരു നാടിന് ഏറ്റവും വേണ്ടത് പുരോഗതിയും സമാധാനവുമാണ്. സമാധാന സന്ദേശങ്ങൾ പരസ്‌പരം കൈമാറാനും പട്ടിണി മാറ്റി പാവപ്പെട്ടവരെ ചേർത്തുനിർത്താനുമാണ് പ്രവാചകർ ഓർമപ്പെടുത്തിയതെന്നും കാന്തപുരം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates