പത്തനംതിട്ട: കാര്യങ്ങളെ സംബന്ധിച്ച് തനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും ഏത് വിഷയങ്ങളിലും തന്നെ പ്രതിയാക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുകയാണെന്നും എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. മുഖ്യമന്ത്രി വിഡി സതീശനെതിരായ അടൂർ പ്രകാശിൻറെ തുറന്നുപറച്ചലിനെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളുടെ പാർട്ടി ഒരു ജനാധിപത്യ പാർട്ടിയാണ്. അവിടെ വ്യത്യസ്ത അഭിപ്രായങ്ങളുള്ളവരുണ്ടാകും. ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസവുമുണ്ടാകും. അഭിപ്രായവ്യത്യാസമുള്ളവരെ തുണ്ടം തുണ്ടമായി അരിഞ്ഞു വീഴ്ത്തി അവരെ ഇല്ലാതാക്കുന്ന പാർട്ടിയൊന്നുമല്ല കോൺഗ്രസ്. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിൽ അത് കേൾക്കേണ്ട വേദികളിൽ പാർട്ടി കേൾക്കും. തന്നെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യുക, അതിന് അവസരം കിട്ടുന്നില്ലെങ്കിൽ പാർട്ടി നേതാക്കളുമായി നേരിട്ട് ചർച്ച ചെയ്യുക എന്നതാണ് ശൈലിയും താൻ ഇഷ്ടപ്പെടുന്നതും. പാർട്ടിക്കകത്ത് ചർച്ചയുണ്ടാകേണ്ടത് ആ രീതിയിലായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് താൻ നേരത്തെയും പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നിട്ടും എന്തുകിട്ടിയാലും ഒരു ഭാഗത്ത് കെ.സി. വേണുഗോപാലിനെ പ്രതിയാക്കാനാണ് ചിലർക്ക് ഇഷ്ടം. "കുറേ തീർത്തില്ലേ, ഇനിയും വേണോ ഇത്?" എന്ന് കെ.സി. വേണുഗോപാൽ ചോദിച്ചു. കഴിഞ്ഞ നാലു മാസമായിട്ടും തന്റെ സർക്കാരിനെ ന്യായീകരിക്കാനല്ലാതെ, സർക്കാരിനെതിരായ നിലപാടുകളെ പ്രോത്സാഹിപ്പിക്കാൻ ഒരു പ്രസ്താവന പോലും താൻ നടത്തിയിട്ടില്ലെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വ്യക്തിപരമായി കോൺഗ്രസിൽ ഒരുപാട് നേതാക്കളുണ്ട്. അവരെല്ലാം ശക്തരും കഴിവുള്ളവരും ഇല്ലാത്തവരുമൊക്കെ ആയിരിക്കാം. അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ പെട്ടെന്ന് കെ.സി. വേണുഗോപാലുമായി കൂട്ടിച്ചേർക്കാൻ ചിലർക്ക് വല്ലാത്ത ധൃതിയാണ്. എന്തിനാണ് ഇത് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
തന്റെ ഹൃദയത്തിലും മനസ്സിലും ഇപ്പോൾ ഒരൊറ്റ ചിന്ത മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. 2029-ൽ ഈ രാജ്യത്തെ തകർക്കുന്ന സംവിധാനം മാറ്റിയിട്ട് അവിടെ പുതിയ ഒരു ജനാധിപത്യ സർക്കാരിനെ കൊണ്ടുവരാനായി കഴിയാവുന്നത് ചെയ്യുക എന്നത് മാത്രമാണത്. ഇതിനു വേണ്ടി ജീവിതത്തിൽ എന്തും ത്യാഗം ചെയ്ത് ജോലി ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഒരാളാണ് താൻ. എല്ലാവരും അങ്ങനെ തന്നെ ആയിരിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates