കൊച്ചി: കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ നേട്ടം കൊയ്ത് കേരളം. അരി മുതല്‍ പൂക്കള്‍ വരെ കടല്‍ കടന്നപ്പോള്‍ കേരളം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്വന്തമാക്കിയത് 4699.02 കോടി രൂപ. മുന്‍ വര്‍ഷത്തേക്കാള്‍ 175.54 കോടിയുടെ വര്‍ധനയാണ് ഈ കണക്കില്‍ കേരളത്തിലെത്തിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ മുതല്‍ യുഎസ് വരെയുള്ള രാജ്യങ്ങളിലേക്ക് 6.86 ലക്ഷം ടണ്ണിലധികം കാര്‍ഷികോത്പന്നങ്ങളാണ് ഇക്കാലയളവില്‍ കേരളത്തില്‍ന്നും കയറ്റി അയച്ചിട്ടുള്ളതെന്ന് കേന്ദ്ര കൃഷി, ഭക്ഷ്യോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.
കശുവണ്ടിയാണ് കയറ്റുമതിയില്‍ മുന്നില്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷം 15,578.7 ടണ്‍ കശുവണ്ടി കടല്‍ കടന്നപ്പോള്‍ 1050.21 കോടി രൂപ കേരളത്തിന്റെ അക്കൗണ്ടിലെത്തി. കൊച്ചി തുറമുഖംവഴിയാണ് കശുവണ്ടി കയറ്റുമതി കുടുതല്‍ നടന്നത്. 956.89 കോടി മൂല്യം വരുന്ന കശുവണ്ടി കൊച്ചിവഴി കയറ്റുമതി ചെയ്തു. 92.89 കോടി വിലവരുന്ന കശുവണ്ടി കൊച്ചി പ്രത്യേക സാമ്പത്തികമേഖല വഴിയും കൈമാറ്റം ചെയ്യപ്പെട്ടു. കൊച്ചി വിമാനത്താവളംവഴിയുള്ള കയറ്റുമതിയിലൂടെ 43 ലക്ഷവും നേടി.
അരിയാണ് കാര്‍ഷികോത്പന്ന കയറ്റുമതിയില്‍ (ബസുമതി ഒഴികെ) രണ്ടാംസ്ഥാനത്ത്. 487.49 കോടിയുടെ 88,672.70 ടണ്‍ അരി കഴിഞ്ഞവര്‍ഷം കയറ്റുമതി ചെയ്തു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍, കൊച്ചി തുറമുഖം എന്നിവിടങ്ങളിലൂടെ 164.05 കോടിയുടെ 2679.57 ടണ്‍ പാല്‍ ഉത്പന്നങ്ങള്‍ എന്നിവയും കയറ്റുമതി ചെയ്തു. പച്ചക്കറികള്‍, പഴങ്ങള്‍, പഴച്ചാറുകള്‍, പൗള്‍ട്രി ഉത്പന്നങ്ങള്‍, ധാന്യപ്പൊടികള്‍, പൂക്കള്‍ എന്നിവയും കയറ്റുമതി ചെയ്യപ്പെട്ട കാര്‍ഷിക ഉത്‌നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
യുഎഇ ആണ് ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. 3,18,604.17 ടണ്‍ കാര്‍ഷിക വിഭവങ്ങള്‍ കഴിഞ്ഞ വര്‍ഷം യുഎഇയിലേക്ക് കയറ്റി അയച്ചു. അമേരിക്ക ( 18,792.42 ടണ്‍), സൗദി അറേബ്യ(28,288.54 ടണ്‍) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 3738.50 കോടി രൂപ മൂല്യമുള്ള 6,23,476.46 ടണ്‍ കാര്‍ഷികോത്പന്നങ്ങള്‍ കൊച്ചി തുറമുഖംവഴി കടല്‍ കടന്നു. കൊച്ചി പ്രത്യേക സാമ്പത്തികമേഖലയിലൂടെ 373.51 കോടിയുടെയും വിമാനത്താവളം വഴി 295.52 കോടിയുടെയും കയറ്റുമതി നടന്നതായും കണക്കുകള്‍ പറയുന്നു.
2023-24 കാലത്ത് 4523.48 കോടി രൂപയാണ് ഈ മേഖലയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. മൂന്നു വര്‍ഷത്തിനുള്ളില്‍ 838.72 കോടി രൂപയും കാര്‍ഷിത കയറ്റുമതിയിലൂടെ കേരളം അധികം നേടി. നടപ്പു സാമ്പത്തികവര്‍ഷം തുടക്കത്തില്‍ (ഏപ്രില്‍) 401.60 കോടിയുടെ (1,38,913.08 ടണ്‍) കയറ്റുമതി നേടിയതായും കണക്കുകള്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates