തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട സസ്‌പെന്‍സിന് ഇന്ന് അവസാനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം എന്ത് വിധിയെഴുതിയെന്ന് ഇന്നറിയാം. വോട്ടെണ്ണല്‍ രാവിലെ എട്ട് മുതല്‍ ആരംഭിക്കും.
രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകളും 8.30 മുതല്‍ ഇവിഎമ്മിലെ വോട്ടുകളും എണ്ണും. സ്‌ട്രോങ് റൂമില്‍നിന്നു തപാല്‍ വോട്ടുകള്‍ ആദ്യം വോട്ടെണ്ണല്‍ ഹാളില്‍ എത്തിച്ച് 50 വീതം കെട്ടുകളാക്കിയാണ് എണ്ണുക.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍. ആദ്യ ഫലസൂചനകള്‍ 9 മണിയോടെ അറിയാം. ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. വൈകിട്ട് 5 മണിയോടെ മുഴുവന്‍ ഫലവും പുറത്തുവരും. 2.71 കോടി വോട്ടര്‍മാര്‍, 30,495 ബൂത്തുകളിലും അല്ലാതെയും രേഖപ്പെടുത്തിയ വോട്ടാണ് എണ്ണുന്നത്. ഓരോ റൗണ്ടിലുമുള്ള വോട്ടുവിവരങ്ങള്‍ results.eci.gov.in എന്ന പോര്‍ട്ടലിലും ECINET മൊബൈല്‍ ആപ്പിലും കിട്ടും.
തമിഴ്നാട്, ബംഗാൾ, അസം, പുതുച്ചേരി ഫലവും ഇന്ന്
കേരളത്തിനു പുറമേ തമിഴ്നാട്, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്നു നടക്കും. സാമാജികരുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന 6 സംസ്ഥാനങ്ങളിലെ 8 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണലും ഇതോടൊപ്പം നടക്കും. തമിഴ്നാട്ടിൽ 234, ബംഗാളിൽ 294, അസമിൽ 126, പുതുച്ചേരിയിൽ 30 എന്നിങ്ങനെ 824 മണ്ഡലങ്ങളാണുള്ളത്. ഇതിൽ ബംഗാളിലെ ഫാൽത്ത മണ്ഡലത്തിലെ വോട്ടെണ്ണൽ 24നേ നടക്കൂ. ഗുരുതര ക്രമക്കേടുകൾ നടന്നുവെന്ന പരാതികളെത്തുടർന്ന് 21ന് ഇവിടെ റീപോളിങ് പ്രഖ്യാപിച്ചിട്ടുണ്ട്..
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates