റോജി എം ജോണ്‍ Sabha TV
Kerala

നീറ്റില്‍ ജനവിശ്വാസം നഷ്ടപ്പെട്ടു, പരീക്ഷ നടത്തിപ്പില്‍ പരിഷ്‌കാരം വേണം; പ്രമേയം പാസാക്കി നിയമസഭ

ആവര്‍ത്തിച്ചുണ്ടാകുന്ന ക്രമക്കേടുകള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിലും (നീറ്റ്) മറ്റ് മത്സര പരീക്ഷകളിലും സമഗ്ര പരിഷ്‌കാരങ്ങള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ആവര്‍ത്തിച്ചുണ്ടാകുന്ന ക്രമക്കേടുകള്‍ രാജ്യത്തെ പ്രവേശന പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഗുരുതര ഭീഷണിയാണെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷയിലെ ക്രമക്കേടുകള്‍, സാങ്കേതിക തകരാറുകള്‍, മൂല്യനിര്‍ണയത്തിലെ അപാകതകള്‍ എന്നിവയെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീറ്റിലുള്ള ജനവിശ്വാസം തകര്‍ത്തതായി റോജി എം ജോണ്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദേശീയ പ്രവേശന പരീക്ഷയുടെ സുതാര്യത, നിഷ്പക്ഷത, സമഗ്രത എന്നിവയെക്കുറിച്ച് ഈ സംഭവവികാസങ്ങള്‍ ഗുരുതര ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. വിവാദങ്ങള്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ദോഷകരമായി ബാധിച്ചുവെന്നും ഇതിനോട് കൃത്യമായി പ്രതികരിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടുവെന്നും മന്ത്രി വിമര്‍ശിച്ചു.

'മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്നത് നീറ്റ് പരീക്ഷയാണ്. പരീക്ഷയെച്ചൊല്ലിയുള്ള ആരോപണങ്ങളും അന്വേഷണങ്ങളും കോടതി ഇടപെടലുകളും വിവാദങ്ങളും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനത്തിനും ഇടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗുരുതര വീഴ്ചകള്‍ പുറത്തുവന്നിട്ടും, കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും സ്ഥിതിഗതികളുടെ ഗൗരവം യഥാസമയം അംഗീകരിക്കാനും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാനും തയ്യാറായില്ല,' -അദ്ദേഹം പറഞ്ഞു.

നീറ്റ്, സിയുഇടി-യുജി, യുജിസി-സിഎസ്‌ഐആര്‍ പരീക്ഷകള്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, സിബിഎസ്ഇ പരീക്ഷകള്‍ എന്നിവയെച്ചൊല്ലി ആവര്‍ത്തിച്ചുണ്ടാകുന്ന വിവാദങ്ങള്‍ ദേശീയ പരീക്ഷാ സംവിധാനത്തിന്റെ ഘടനാപരമായ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷാ ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണം. ഭരണ പരാജയങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ദേശീയ പരീക്ഷകളില്‍ വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി ശക്തമായ സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും സ്വതന്ത്രമായ മേല്‍നോട്ടവും സമഗ്രമായ നിയമനിര്‍മാണവും ഏര്‍പ്പെടുത്താന്‍ അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന വിഷയമാണ് വിദ്യാഭ്യാസം എന്നതിനാല്‍, ഫെഡറല്‍ തത്വങ്ങള്‍ പാലിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ച ശേഷമേ ദേശീയ പ്രവേശന പരീക്ഷകളില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാവൂ എന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

പ്രമേയത്തെ എതിര്‍ത്ത ബിജെപി എംഎല്‍എ വി മുരളീധരന്‍, നീറ്റ് ക്രമക്കേടുകളെക്കുറിച്ചുള്ള ആശങ്കകള്‍ ന്യായമാണെന്ന് സമ്മതിച്ചെങ്കിലും, വീഴ്ചകള്‍ പുറത്തുവന്നയുടന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടനടി നടപടിയെടുത്തതായി വാദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഈ പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് കണ്ടത്. നീറ്റ് പരീക്ഷ നരേന്ദ്ര മോദി സര്‍ക്കാരല്ല കൊണ്ടുവന്നത്. ഈ വീഴ്ചകള്‍ വെളിച്ചത്തു വന്ന നിമിഷം തന്നെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ണായകമായി ഇടപെട്ടു. പ്രധാനമന്ത്രിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തില്‍ പുനഃപരീക്ഷകള്‍ നടത്തിയെന്നും മുരളീധരന്‍ പറഞ്ഞു. പ്രമേയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് പകരം, സര്‍ക്കാരിന്റെ ഇടപെടലുകളെ അഭിനന്ദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഭേദഗതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഭേദഗതി നിര്‍ദേശം സഭ അംഗീകരിച്ചില്ല.

അതേസമയം, നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസിലെ 10 പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി ന്യൂഡല്‍ഹിയിലെ റൗസ് അവന്യൂ കോടതി ജൂലൈ 11 വരെ നീട്ടിയിട്ടുണ്ട്. ചോദ്യപേപ്പര്‍ ചോര്‍ത്തി വന്‍ തുകയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്ന ശൃംഖലയുടെ ഭാഗമായിരുന്നു പ്രതികളെന്ന് സിബിഐ പറയുന്നു. ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്.

Keralam Assembly passes resolution seeking reforms in national examination system over NEET concern

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിനി ടോമിനെതിരെ കേസെടുക്കണം; അൻസിബയുടെ പരാതിയിൽ കോടതി നിര്‍ദേശം

ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 526 lottery result

'അദ്ദേഹത്തിന്റെ മൈൻഡ് സെറ്റ് വേറെയാണ്, വരുമ്പോൾ ഒരു വലിയ വരവായിരിക്കും'; 'രക്ഷിത് ഷെട്ടി എവിടെ ?' ചോദ്യത്തിന് മറുപടിയുമായി അജനീഷ്

ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുറയുന്നു, ബാരലിന് 70 ഡോളറില്‍ താഴെ; എന്തുകൊണ്ട് ഇന്ധനവില കുറയുന്നില്ല?

​ഗോൾ, പ്രാർഥന, കണ്ണീർ...​നെഞ്ചുല‍ഞ്ഞ പോരാളിക്ക് എഴുന്നേറ്റു നിന്ന് നിറ കൈയടികളോടെ ആദ​രം!