രാജീവ് ചന്ദ്രശേഖർ ( Rajeev Chandrasekhar ) ഫയൽ
Kerala

'ഹിന്ദു വിശ്വാസങ്ങളെ അപമാനിച്ചതിന് മാപ്പു പറയുക, അല്ലാതെ അയ്യപ്പ സം​ഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല'; പിണറായിക്കും സ്റ്റാലിനും മുന്നറിയിപ്പുമായി ബിജെപി

സിപിഎം സര്‍ക്കാരിന്റെ 'അയ്യപ്പ സംഗമം' 'ജനങ്ങളെ വിഡ്ഢികളാക്കാനുള്ള' കുതന്ത്രത്തിന്റെ ഭാഗമെന്ന് രാജീവ് ചന്ദ്രശേഖർ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ്  രാജീവ് ചന്ദ്രശേഖര്‍. ഹിന്ദു വിശ്വാസത്തെയും ശബരിമലയിലെ പവിത്രമായ പാരമ്പര്യത്തെയും അവഹേളിച്ചവരാണ് ഇരുവരും. ഹിന്ദുക്കളെയും അയ്യപ്പ ഭക്തരെയും അപമാനിച്ചതിന് ഇരു നേതാക്കളും പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അയ്യപ്പ സംഗമം എന്ന മതപരിപാടിയിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചതില്‍ പ്രതികരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍. ഇടതുസര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത് നാടകമാണെന്നും, ജനങ്ങളെ വിഡ്ഡികളാക്കാനുള്ള ശ്രമമാണെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, എം കെ സ്റ്റാലിന്‍ എന്നിവര്‍ക്ക് ബിജെപി പ്രവര്‍ത്തകരും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഹിന്ദുക്കളും നല്‍കുന്ന സന്ദേശമാണിത്. നിങ്ങള്‍ രണ്ടുപേരും വര്‍ഷങ്ങളായി ശബരിമലയെയും അയ്യപ്പ ഭക്തരെയും ഹിന്ദു വിശ്വാസങ്ങളെയും തകര്‍ക്കുന്നതിനും അപമാനിക്കുന്നതിനും വേണ്ട നിരവധി പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്നത് ചരിത്ര സത്യമാണ്. രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു.

പിണറായി വിജയന്‍ നിരവധി അയ്യപ്പഭക്തരെ ജയിലിലടച്ച്, അവര്‍ക്കെതിരെ കേസെടുക്കുകയും പൊലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്തു. ശബരിമലയില്‍ കാലാകാലമായി നിലനിന്ന് പോന്നിരുന്ന ആചാരങ്ങളെ ലംഘിക്കാനും അപമാനിക്കാനും സാധ്യമായതെല്ലാം ചെയ്തു. സ്റ്റാലിനും അദ്ദേഹത്തിന്റെ ഒന്നിനും കൊള്ളാത്ത മകനും ഹിന്ദുക്കളെ ആവര്‍ത്തിച്ച് അപമാനിക്കുകയും ഹൈന്ദവ വിശ്വാസം ഒരു രോഗമാണെന്ന് പോലും പറയുകയും ചെയ്തു.

ഇതെല്ലാം ഓരോ ഹിന്ദുവിന്റെയും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്; അവരാരും ഇത് ഒരിക്കലും മറക്കുകയോ നിങ്ങളോട് പൊറുക്കുകയോ ഇല്ല. അതുകൊണ്ട്, തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സിപിഎം സര്‍ക്കാര്‍ 'അയ്യപ്പ സംഗമം' ആഘോഷിക്കുന്നത് നാടകവും 'ജനങ്ങളെ വിഡ്ഢികളാക്കാനുള്ള' കുതന്ത്രത്തിന്റെ ഭാഗവുമാണ്.

പിണറായിയും സ്റ്റാലിനും ഒരു കാര്യം അറിഞ്ഞിരിക്കുക - ഹിന്ദുക്കളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ നിങ്ങള്‍ക്ക് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. അയ്യപ്പഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണം. ശബരിമലയുടെ ആചാരങ്ങള്‍ ലംഘിച്ചതിന് അയ്യപ്പസ്വാമിയോട് മാപ്പ് അപേക്ഷിക്കുകയും വേണം.

സ്റ്റാലിനും മകന്‍ ഉദയനിധിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ. ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയില്‍ പങ്കെടുക്കാനും ശ്രമിച്ചാല്‍, ബിജെപിയുടെ ഓരോ പ്രവര്‍ത്തകനും ഇതിനെതിരെ തെരുവിലിറങ്ങും.

ഈ വിഷയത്തില്‍ ഞങ്ങളുടെ ശക്തിയെ നിങ്ങള്‍ കുറച്ചുകാണരുത്. ആദ്യം നിങ്ങള്‍ മാപ്പ് ചോദിക്കുക. ഒരു ഇന്ത്യക്കാരന്റെയും വിശ്വാസത്തെ അപമാനിക്കാന്‍ ബിജെപി അനുവദിക്കില്ല. എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Rajeev Chandrasekhar demands apology from Pinarayi Vijayan and MK Stalin for insulting Hindu beliefs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT