തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഭിന്നത ദേശീയ നേതൃത്വത്തിലേക്കും. പാര്‍ട്ടിക്കുള്ളില്‍ ഏകോപനവും കൂടിയാലോചനയും ഇല്ലെന്ന ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി ജോസഫ്, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് ന്യൂഡല്‍ഹിയിലെത്തി ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയത്. പരാതികള്‍ ഉന്നയിക്കുകയെന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ നേതൃത്വത്തെ അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.
പാര്‍ട്ടിക്കുള്ളിലെ ഏകോപനം മെച്ചപ്പെടുത്തുന്നതിനും എല്ലാ നേതാക്കളെയും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ പങ്കാളികളാക്കുന്നതിനും നിരവധി നിര്‍ദേശങ്ങളുണ്ടെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. എല്ലാവരോടും കൂടിയാലോചിക്കാന്‍ നേതൃത്വം ബോധപൂര്‍വമായ ശ്രമം നടത്തണം. തങ്ങളുടെ ആശങ്കകള്‍ ഖാര്‍ഗെ കേട്ടെന്നും സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്ന കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം.
പബ്ലിക് സര്‍വീസ് കമ്മിഷന്‍, ഗുരുവായൂര്‍ ദേവസ്വം, വിവിധ ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലെ നിയമനങ്ങളെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. യുഡിഎഫ് അധികാരത്തിലെത്തിയിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വത്തിനുള്ളില്‍ത്തന്നെ പരിഹരിക്കണമെന്നുമാണ് തങ്ങളുടെ നിലപാടെന്നും നേതാക്കള്‍ പറഞ്ഞു. ഭിന്നതകള്‍ പരസ്യമായി പ്രകടിപ്പിക്കാന്‍ താത്പര്യമില്ല. എന്നാല്‍ ചര്‍ച്ചകളില്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനാണ് പാര്‍ട്ടി അധ്യക്ഷനെ കണ്ടതെന്നും അവര്‍ വ്യക്തമാക്കി. കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, സംസ്ഥാനത്തെ സംഭവവികാസങ്ങളെക്കുറിച്ച് എഐസിസിക്ക് അറിയാമെന്നും ഉചിതമായ തീരുമാനമെടുക്കാന്‍ നേതൃത്വത്തിന് കഴിയുമെന്നും പറഞ്ഞു.
ഒക്ടോബറില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നടത്തിയ വാര്‍ത്താസമ്മേളനത്തോടെയാണ് കോണ്‍ഗ്രസിലെ ഭിന്നതകള്‍ കൂടുതല്‍ പുറത്തുവന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സതീശന്റെ പ്രവര്‍ത്തനശൈലിയെച്ചൊല്ലി നേതാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതോടെ വിഡി സതീശനെ പിന്തുണയ്ക്കുന്ന വിഭാഗവും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും തമ്മിലുള്ള രാഷ്ട്രീയ അധികാരത്തര്‍ക്കമായി ഭിന്നത വളര്‍ന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സജീവമല്ലാതിരുന്ന എ ഗ്രൂപ്പും പാര്‍ട്ടിയിലെ പ്രധാന ചര്‍ച്ചകളില്‍ തങ്ങളെ മാറ്റിനിര്‍ത്തുന്നുവെന്ന ആരോപണവുമായി കഴിഞ്ഞയാഴ്ച യോഗം ചേര്‍ന്നിരുന്നു.
അതേസമയം, പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേതൃത്വത്തെ കണ്ട് ആശങ്കകള്‍ അറിയിക്കാന്‍ അവകാശമുണ്ട്. വി.ഡി. സതീശന്റെ നേതൃത്വത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. തുടര്‍ഭരണവും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates