തിരുവനന്തപുരം: ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. ഒരു തരം, രണ്ടു തരം, മൂന്നു തരം യുഡിഎഫ് ഭരണം ഉറപ്പിച്ചുവെന്നും എ കെ ആന്റണി പ്രതികരിച്ചു. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.
കേരളത്തില്‍ ഉടനീളം ഉയര്‍ന്ന ഭരണവിരുദ്ധ വികാരം ജനരോഷമാകുന്ന കൊടുങ്കാറ്റായി രൂപപ്പെട്ടുവെന്നും ആന്റണി പറഞ്ഞു. 10 വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ക്ക് കണക്കു ചോദിക്കാന്‍ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തില്‍ നല്‍കാവുന്ന കടുത്തശിക്ഷ വോട്ടര്‍മാര്‍ ഈ സര്‍ക്കാരിനു നല്‍കും. യുഡിഎഫ് ഇത്തവണ കേരളം തൂത്തുവാരുമെന്നും ആന്റണി പറഞ്ഞു.
കഴിഞ്ഞ കാലത്തു യുഡിഎഫിനെ എതിര്‍ത്ത, എസ്എഫ്ഐയുടെ സ്ഥാപക പ്രസിഡന്റ് ഉള്‍പ്പെടെ തുടര്‍ഭരണത്തിന് എതിരായി യുഡിഎഫിനൊപ്പം കൈകോര്‍ക്കുകയാണ്. ഇടതുപാര്‍ട്ടികളെ സ്നേഹിക്കുന്നവര്‍ തുടര്‍ഭരണത്തിന് എതിരാണ്. ബംഗാളിലെ പരമദയനീമായ സ്ഥിതി കേരളത്തില്‍ ഉണ്ടാകുമെന്നും അവര്‍ ഭയപ്പെടുന്നു. അവരെല്ലാം ഇത്തവണ യുഡിഎഫിനൊപ്പമാണ്. ഇന്ന് 6 മണിക്ക് പോളിങ് കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിക്കും. പിന്നീട് പിണറായി സര്‍ക്കാര്‍ കെയര്‍ടേക്കര്‍ സര്‍ക്കാരായി മാറുമെന്നും എ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
മെയ് 4ന് ശേഷം ഇടതുനേതാക്കള്‍ക്ക് പ്രതിപക്ഷത്തിരുന്നു തെറ്റുതിരുത്തല്‍ നടത്താം. കേരളത്തിനു ചേര്‍ന്ന പാര്‍ട്ടിയല്ല ബിജെപി. അവര്‍ക്കു കേരളത്തില്‍ വേരോട്ടം ലഭിക്കില്ല. അവര്‍ക്ക് ജയിക്കാവുന്ന ഒരു സീറ്റും കാണുന്നില്ലെന്നും ആന്റണി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates