തിരുവനന്തപുരം: കേരളം അടുത്തത് ആര് ഭരിക്കുമെന്ന് നിർണയിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൻറെ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. ഇതിനകം തന്നെ രണ്ട് ലക്ഷത്തിലേറെ വോട്ടർമാർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചുകഴിഞ്ഞു. പോളിങ് ബൂത്തിലേക്ക് എത്തുമ്പോൾ എന്തൊക്കെ കൈയിൽ കരുതണം, എന്തൊക്കെ സാധനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ട് തുടങ്ങിയ കാര്യങ്ങൾ വോട്ടർമാർ അറിയേണ്ടതുണ്ട്.
തിരിച്ചറിയൽ കാർഡും സ്ലിപ്പും ഒപ്പം കരുതാൻ വോട്ടർമാർ മറക്കരുത്. തെരഞ്ഞടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡ് ആണ് വോട്ടർമാർ കൈയിൽ കരുതേണ്ടത്. എന്നാൽ ഇത് കൈവശം ഇല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച മറ്റ് പതിനൊന്ന് അംഗീകൃത തിരിച്ചറിയിൽ രേഖകൾ സമ്മതിദാന അവകാശത്തിന് വിനിയോഗിക്കാം.
പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര-സംസ്ഥാന ജീവനക്കാർക്കും പൊതുമേഖല സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനി എന്നിവയിലെ ജീവനക്കാർക്കും നൽകുന്ന ഫോട്ടോ പതിച്ച ഐ.ഡി കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫിസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ, പാൻ കാർഡ്, ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്, എംഎൻആർഇജിഎ തൊഴിൽ കാർഡ് (ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്), തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ, പാർലമെന്റ് അംഗങ്ങൾ/നിയമസഭ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ആധാർ കാർഡ് എന്നിങ്ങനെയാണ്.
വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിൽ ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണനയുണ്ട്. ബൂത്തുകളിൽ റാംപുകളും വീൽചെയറുകളും സജ്ജീകരിച്ചിട്ടുണ്ട്. കാഴ്ച പരിമിതിയുള്ളവർക്കായി ബ്രെയിൽ ലിപി സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ, സഹായത്തിനായി പ്രത്യേക വൊളന്റിയർമാർ, ആവശ്യമായ ഇടങ്ങളിൽ ആംഗ്യഭാഷാ സഹായം എന്നിവയും ലഭ്യമാക്കും.
പോളിങ് ബൂത്തിലെത്തിയാൽ സമ്മതിദായകർ ക്യൂ പാലിക്കണം. സുരക്ഷാ ഉദ്യോഗസ്ഥർ ക്രമമനുസരിച്ച് വോട്ടർമാരെ കടത്തിവിടും. വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ഈ സമയം പോളിങ് ഏജന്റുമാർ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തും. തുടർന്ന് വോട്ടർ സെക്കൻഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോൾ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നു. തുടർന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററിൽ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടർന്ന് വോട്ടേഴ്സ് സ്ലിപ് നൽകും.
കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസർ കൺട്രോൾ യൂണിറ്റിലെ BALLOT ബട്ടൻ അമർത്തും. ഇതോടെ കൺട്രോൾ യൂണിറ്റിലെ Busy എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ Ready എന്നെഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തിൽ പ്രകാശിക്കും. വോട്ടർ തെരഞ്ഞെടുക്കുന്ന സ്ഥാനാർഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടൻ അമർത്തുന്നു. ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാർഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തിൽ പ്രകാശിക്കും. വോട്ടു രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ പേരും ചിഹ്നവും സീരിയൽ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തിൽനിന്നു പുറത്തുവരികയും 7 സെക്കൻഡ് സമയം വിൻഡോയിലൂടെ ദൃശ്യമാകുകയും ചെയ്യും. ഈ സമയം കൺട്രോൾ യൂണിറ്റിൽനിന്നു ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി അറിയാൻ കഴിയും.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടിങ് സമയം. വോട്ടിങ് സമയം തീരുന്ന വൈകിട്ട് ആറു മണിക്ക് ക്യൂവിൽ ആളുണ്ടെങ്കിൽ അവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ voters.eci.gov.in ഇലക്ടറൽ സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ ഐഡി കാർഡ് നമ്പർ (എപിക് നമ്പർ) നൽകി സംസ്ഥാനം നൽകിയാൽ വോട്ടർ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടർ ഹെൽപ് ലൈൻ നമ്പറായ 1950ലേക്ക് വിളിച്ചും എസ്എംഎസ് അയച്ചും വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates