
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ വിധിയെഴുത്ത് ഇന്ന്. പതിനാറാം നിയമസഭയിലേക്കുള്ള 140 പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരളം ഇന്ന് പോളിങ് ബൂത്തിലെത്തും. 883 സ്ഥാനാർഥികളാണ് സംസ്ഥാനത്ത് ജനവിധി തേടുന്നത്.
രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. കേരളത്തിൽ 53984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. വോട്ടെടുപ്പിനായി 30495 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഇവയിൽ 24 എണ്ണം അനുബന്ധ ബൂത്തുകളാണ്.
ഇതിൽ പ്രശ്നബാധിത ബൂത്തുകള്‍ 2040 ആണ്. വോട്ടെടുപ്പിനായി 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പോളിങ് കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്. 76000ത്തിലധികം പോലീസുകാര്‍ സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കും. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളായി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ നേത്യത്വത്തിൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
സംസ്ഥാനത്ത് ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ടു ജില്ലകളിലാണ് സാധാരണയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും ഉയരാന്‍ (സാധാരണയെക്കാള്‍ 2 to 3°C വരെ കൂടുതല്‍) സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.
എല്ലായിടത്തും നല്ല മത്സരമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ബഹുഭൂരിപക്ഷം സീറ്റുകളും ലീഗ് നേടും. യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഭരണമാറ്റം വേണ്ടെന്നോ, വേണമെന്നോ തങ്ങള്‍ പറയുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരും കോടതിയും കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടോ എന്നും പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
തിരുവനന്തപുരം മുടവൻമുഗളിൽ നടൻ മോഹൻലാൽ വോട്ട് രേഖപ്പെടുത്തി. അരമണിക്കൂർ ക്യൂ നിന്ന ശേഷമാണ് മോഹൻലാൽ സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.
കണ്ണൂര്‍: ഈ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം വികസിത കേരളത്തിലേക്ക് നല്ല ചുവടുവെച്ച് നില്‍ക്കുകയാണ്. ഒരുപാട് നേട്ടങ്ങള്‍ എല്ലാ മേഖലയിലും കൈാവരിക്കാന്‍ സാധിച്ചു. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാവരുത്. ജനങ്ങള്‍ പൊതുവേ ആഗ്രഹിക്കുന്നത് വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് അധികാരത്തില്‍ വരണമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ സി അമല സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
'നാടിന് വികസനം വേണം. നാടിന് പുരോഗതി വേണം. ജനത്തിന് അറിയാം എല്‍ഡിഎഫിന് മാത്രമേ നാടിന്റെ പുരോഗതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ എന്ന്. എതിര്‍ക്കുന്നവര്‍ ഉള്‍പ്പെടെ ആഗ്രഹിക്കുന്നത് വികസനമാണ്. കേരളം രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ജനം ഒരു സംശയവുമില്ലാതെ പറയും എല്‍ഡിഎഫിന്റെ സംസ്‌കാരം കൊണ്ടാണ് ഇത് നേടിയത് എന്ന്. ഇത് മറ്റെതെങ്കിലും കൂട്ടര്‍ക്ക് കഴിയില്ല എന്നും ജനം കാണുകയാണ്. 2021ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ എല്‍ഡിഎഫിന് ലഭിക്കും. ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍. ഞങ്ങള്‍ക്കൊപ്പമാണ് ജനം. വികസിത കേരളം സാധ്യമാകുന്ന പദ്ധതികളുമായി മുന്നോട്ടുനീങ്ങുന്നതിന് എല്‍ഡിഎഫ് വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. വര്‍ഗീയ നീക്കങ്ങള്‍ കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ സാധിക്കില്ല.' - പിണറായി പറഞ്ഞു.
പിണറായി വിജയൻ ആർ സി അമല സ്കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തി pic.twitter.com/PJBFZDRopf
— Samakalika Malayalam (@samakalikam) April 9, 2026
ഡാഷ് അവരവര്‍ പൂരിപ്പിക്കേണ്ടതാണെന്ന് വിവാദ ഡാഷ് മോന്‍ പ്രയോഗത്തെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു മുഖ്യമന്ത്രി അഴിമതി കേസില്‍ അറസ്റ്റിലായി ജയിലിലായിട്ടുള്ളത് ആരാണ്? അത് ഇദ്ദേഹമാണ്. കൂടുതല്‍ പറയുന്നില്ല.തെരഞ്ഞെടുപ്പ് കഴിഞ്ഞ് പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇത്തവണ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ കേരളത്തില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ബിജെപി നിര്‍ണായക ശക്തിയായി മാറുന്ന കാഴ്ചയാകും കാണാന്‍ സാധിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറില്‍ 20.2 ശതമാനം പോളിങ്. സംസ്ഥാനത്ത് പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. ആളുകള്‍ കൂട്ടത്തോടെ എത്തി വോട്ട് ചെയ്യുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് മൂന്ന് മുന്നണികളും പങ്കുവെയ്ക്കുന്നത്.
മുടവന്‍മുഗളിലെ ഗവ.എല്‍പി സ്‌കൂളില്‍ നടന്‍ മോഹന്‍ലാല്‍ വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വോട്ട് ചെയ്തു.
കേരളത്തില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രചാരണം ആരംഭിച്ചപ്പോള്‍ തന്നെ ശക്തമായ ഭരണവിരുദ്ധ വികാരം കേരളത്തിലുടനീളം പ്രകടമായിരുന്നു. പ്രചാരണത്തിന്റെ അവസാന ദിനങ്ങളില്‍ ഈ വികാരം ജനരോഷമായി മാറുന്ന കാഴ്ചയാണ് കണ്ടത്. പത്തുവര്‍ഷത്തെ ജനദ്രോഹ നയങ്ങള്‍ക്ക് കണക്ക് ചോദിക്കാന്‍ ജനാധിപത്യ കേരളം കാത്തിരിക്കുകയാണ്. ജനാധിപത്യത്തില്‍ കൊടുക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ ഈ സര്‍ക്കാരിന് നല്‍കുമെന്നും എ കെ ആന്റണി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റണി.
എല്ലാവരും നിര്‍ബന്ധമായി വോട്ട് ചെയ്യണമെന്ന് നടന്‍ ആസിഫ് അലി. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടന്‍.
'എല്ലായ്‌പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ നമ്മള്‍ക്ക് കിട്ടിയിട്ടുള്ള പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സര്‍ക്കാരായിരിക്കണം നമുക്ക് വേണ്ടത്. അതാണ് ഞാന്‍ എപ്പോഴും പറയുന്നത്. നമുക്ക് ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന , നമുക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന നമ്മുടെ കൈയെത്തും ദൂരത്തുള്ള ഒരു ഭരണ സംവിധാനം തന്നെ വേണം നമുക്ക് എപ്പോഴും. പിഷാരടി മാത്രമല്ല, നമുക്ക് വ്യക്തിപരമായി അറിയാവുന്ന ഒരുപാട് പേര്‍, നിലവില്‍ മന്ത്രിമാരായിരിക്കുന്നവരും എംഎല്‍എമാരായിട്ടിരിക്കുന്നവരും ഇഷ്ടപ്പെടുന്നവരും മത്സരരംഗത്തുണ്ട്. അവരുമായി സംസാരിക്കുന്നുണ്ട്. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. കൃത്യമായി ഗൈഡന്‍സ് നല്‍കുകയും യുവതലമുറയ്ക്കായി മാറി നില്‍ക്കുകയും ചെയ്യുന്നത് സീനിയര്‍ നേതാക്കള്‍ പിന്തുടരേണ്ട കാര്യമാണ്. സ്ഥാനാര്‍ഥിത്വ ഘട്ടത്തില്‍ എന്റെ പേര് ഉണ്ടായിരുന്നു. പി ജെ ജോസഫ് സാര്‍ വിളിച്ചു ചോദിച്ചു. ഞാന്‍ ഇലക്ഷന് നില്‍ക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. വീട്ടില്‍ ബാപ്പയ്ക്കും ഉമ്മയും വലിയ അത്ഭുതമായിരുന്നു. ചെറുപ്പം മുതല്‍ അറിയാവുന്ന രണ്ട് പേരുകളാണ്. പി ജെ ജോസഫും പി ടി തോമസുമായി ചെറുപ്പം മുതല്‍ തന്നെ വ്യക്തിപരമായ അടുപ്പം ഉണ്ട്.'- ആസിഫ് അലി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 40 ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന. എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.
രാവിലെ മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളില്‍ പ്രകടനമാകുന്ന തിരക്ക് പോളിങ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് നല്‍കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, നടന്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ആസിഫ് അലി, മുകേഷ്, കുഞ്ചാക്കോ ബോബന്‍, തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ പോളിങ് പൊതുവേ സമാധാനപരമായിരുന്നു.
വാണിയംപാറ ഇകെഎം യുപി സ്‌കൂളില്‍ 37-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കൊമ്പട രാമന്‍ചിറ സ്വദേശി വിനോദ് (ഉണ്ണി ചെക്കന്‍-65)ആണ് മരിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്. ഉച്ചയ്ക്ക് ഒരു രണ്ട് മണി വരെയുള്ള കണക്ക് പ്രകാരം 53.01 ശതമാനമാണ് പോളിങ്. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന
ഉച്ചകഴിഞ്ഞ് 3 മണിവരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് 62.71 ശതമാനമാണ് പോളിങ്. നിലവിലെ കണക്കുകള്‍ പ്രകാരം ഉയര്‍ന്ന പോളിങ് എറണാകുളം ജില്ലയിലാണ്. 66 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.
കനത്ത പോളിങ്, അഞ്ച് മണിവരെ 75.01 ശതമാനം പോളിങ്
8 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബസൈറ്റ് പ്രകാരം സംസ്ഥാനത്ത് 78.05 ശതമാനം പോളിങ് രേഖപ്പെടുത്തി
78.21 ശതമാനം പോളിങ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates