sabarimala ഫയൽ
Kerala

ഇന്റർവ്യൂ മാര്‍ക്ക് ബോള്‍ പോയിന്റ് പേന കൊണ്ട് രേഖപ്പെടുത്തണം, വീഡിയോ ചിത്രീകരിക്കണം; ശബരിമല മേല്‍ശാന്തി നിയമനത്തില്‍ റിട്ട. ജസ്റ്റിസ് വി ജി അരുണ്‍ നിരീക്ഷകന്‍

വീഡിയോ ദൃശ്യങ്ങള്‍, മാര്‍ക്ക് ഷീറ്റുകള്‍, ചുരുക്കപ്പട്ടിക എന്നിവ ഒക്ടോബര്‍ 15-നകം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ ഹാജരാക്കാനും ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെയും മാളികപ്പുറം ക്ഷേത്രത്തിലെയും മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്ന നടപടികള്‍ നിരീക്ഷിക്കുന്നതിന്, വിരമിച്ച ജസ്റ്റിസ് വി ജി അരുണിനെ നിരീക്ഷകനായി ഹൈക്കോടതി നിയമിച്ചു. ശബരിമല മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുന്ന സ്ഥലത്ത് ഉണ്ടാകണമെന്നും, മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് അരുണിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മേല്‍ശാന്തി തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് രാജ വിജയരാഘവന്‍ വി., ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാന പൂജാരിമാരുടെ നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും നടപടികളിലെ സുതാര്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്.

മേല്‍ശാന്തി സ്ഥാനത്തേക്ക് ഈ വര്‍ഷം 78 അപേക്ഷകളാണ് ലഭിച്ചത്. ശബരിമലയിലേക്ക് 48-ഉം മാളികപ്പുറത്തേക്ക് 30-ഉം. വിജിലന്‍സ് അന്വേഷണത്തിന് ശേഷം, ഒക്ടോബര്‍ 5-ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കാനിരിക്കുന്ന അഭിമുഖത്തിനായി ശബരിമലയിലേക്ക് അഞ്ച് പേരെയും മാളികപ്പുറത്തേക്ക് മൂന്ന് പേരെയും ചുരുക്കപ്പട്ടികയില്‍പ്പെടുത്തി.

അഭിമുഖത്തിന് ശേഷം അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കുകയും, തുടര്‍ന്ന് ശ്രീകോവിലിന് മുന്നില്‍ വെച്ച് നറുക്കെടുപ്പിലൂടെ പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. മേല്‍ശാന്തി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍കാല പരാതികളുടെ അടിസ്ഥാനത്തില്‍, സെലക്ഷന്‍ സമിതി രൂപീകരണം, മാര്‍ക്ക് നല്‍കല്‍, അഭിമുഖ നടപടികള്‍ എന്നിവ സംബന്ധിച്ച് സുപ്രീം കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അഭിമുഖത്തിലെ മാര്‍ക്കുകള്‍ ബോള്‍പോയിന്റ് പേന ഉപയോഗിച്ച് മാത്രമേ രേഖപ്പെടുത്താവൂ എന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. മാര്‍ക്ക് ഷീറ്റുകളില്‍ ജസ്റ്റിസ് അരുണ്‍ ഒപ്പിടുകയും അവ ദേവസ്വം സ്‌പെഷല്‍ കമ്മീഷണര്‍ സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. അഭിമുഖ നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ ചിത്രീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങള്‍, മാര്‍ക്ക് ഷീറ്റുകള്‍, ചുരുക്കപ്പട്ടിക എന്നിവ ഒക്ടോബര്‍ 15-നകം സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ ഹാജരാക്കാനും ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Kerala High Court appoints retired judge Justice VG Arun as observer for Sabarimala Melsanthi selection

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

'എൻ ഇനിയ പൊൻ നിലാവേ'; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി

ഇൻഡോർ ചെടികൾ അലർജി ഉണ്ടാക്കാറുണ്ടോ? ചെയ്യേണ്ട കാര്യങ്ങൾ

ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

'എനിക്ക് നിന്നെ വെറുക്കാൻ ഇഷ്ടമാണെന്ന് ഞാനെപ്പോഴും പറയും'; ഫഹദുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജമൗലി