തിരുവനന്തപുരം: മാസത്തിലെ ആദ്യ ദിവസം മദ്യവിലക്കായുള്ള ഡ്രൈ ഡേ നിയമം കേരളത്തിലെ വ്യാവസായിക വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകാനുള്ള സാധ്യത പങ്കുവച്ച് ടൂറിസം മന്ത്രി പിസി വിഷ്ണുനാഥ്. മദ്യനിയന്ത്രണങ്ങൾ കാരണം വൻകിട ബിസിനസ്സ് ഇവന്റുകളും കോൺഫറൻസുകളും ഗോവയിലേക്കോ ശ്രീലങ്കയിലേക്കോ മാറിപ്പോകാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു മന്ത്രി
"മിക്ക കോൺഫറൻസുകളും മാസാവസാനത്തോടനുബന്ധിച്ചാണ് നിശ്ചയിക്കാറുള്ളത്. മൂന്ന് ദിവസത്തെ ഒരു കോൺഫറൻസിന്റെ ആദ്യ ദിവസം മദ്യം അനുവദിക്കുകയും, മാസത്തിലെ ആദ്യ ദിവസത്തെ ഡ്രൈ ഡേ നിയമം മൂലം രണ്ടാമത്തെ ദിവസം അത് നിഷേധിക്കുകയും, മൂന്നാമത്തെ ദിവസം വീണ്ടും അനുവദിക്കുകയും ചെയ്താൽ സംഘാടകർ എന്തുചെയ്യും? തടസ്സങ്ങളില്ലാത്ത മികച്ച സൗകര്യങ്ങൾ ലഭിക്കുന്ന ഗോവയിലേക്കോ ശ്രീലങ്കയിലേക്കോ അവർ പരിപാടികൾ മാറ്റുകയേ ഉള്ളൂ," മന്ത്രി പറഞ്ഞു. വൈനും ബീയറും ഉൾപ്പെടെയുള്ളവയ്ക്കുള്ള സീസണൽ പെർമിറ്റുകൾ ഉൾപ്പെടെയുള്ള നയപരമായ ഇളവുകൾക്കായി ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ നിന്ന് ശക്തമായ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഇത് സംസ്ഥാനത്തിന്റെ പുതിയ മദ്യനയവുമായി പൊരുത്തപ്പെടേണ്ടതുണ്ടെന്നും, ചർച്ചകൾ പുരോഗമിക്കുകയാണെന്നും അന്തിമ നയപ്രഖ്യാപനത്തിനായി ടൂറിസം വകുപ്പ് കാത്തിരിക്കുകയാണെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
പുതിയ ബാർ ലൈസൻസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള ചട്ടലംഘനങ്ങളും ചർച്ചയാകുന്നതിനിടയിലാണ് ടൂറിസം മേഖലയിൽ നിന്ന് പുതിയ ആവശ്യങ്ങൾ ഉയർന്നിരിക്കുന്നത്. ഡെസ്റ്റിനേഷൻ കേരള പ്രൊജക്റ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച 39 പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ അർഹരായ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ആറുമാസത്തെ സീസണൽ ബീയർ, വൈൻ ലൈസൻസുകൾ നൽകണമെന്ന് ടൂറിസം റെപ്രസെന്റേറ്റീവ്സ് അസോസിയേഷൻ ഓഫ് കേരള ആവശ്യപ്പെട്ടു. പുതിയ അബ്കാരി നയത്തിൽ ഈ നിർദ്ദേശം ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനം സമർപ്പിക്കും.
നിലവിലുള്ള ലൈസൻസിങ് വ്യവസ്ഥകളും ചെറുകിട-ഇടത്തരം ഹോസ്പിറ്റാലിറ്റി സംരംഭങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് തടസ്മാകുന്നുണ്ടെന്നാണ് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നത്. വിനോദ സഞ്ചാര മേഖലയ്ക്കായി പ്രത്യേകവും ലളിതവുമായ ലൈസൻസിങ് സംവിധാനം കൊണ്ടുവരണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates