കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്  facebook
Kerala

'ബെഡ്ഡിന് മുകളില്‍ കയറിനിന്ന് ഒരു കസവുമുണ്ട് ഫാനില്‍ കെട്ടാന്‍ ശ്രമിക്കുന്നു'; സിനിമയെ വെല്ലുന്ന കഥ, യുവാവിനെ രക്ഷിച്ച അനുഭവം പങ്കിട്ട് കേരള പൊലീസ്

വാതിലില്‍ മുട്ടി, ഇടിച്ചു. പ്രതികരണമില്ല. റൂം ബോയോട് സ്‌പെയര്‍ കീ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തുറക്കാന്‍ ശ്രമിച്ചു. നടന്നില്ല. അകത്തുനിന്ന് കുറ്റിയിട്ടിട്ടുണ്ട്. കീഹോളിലൂടെ നോക്കി. ബെഡ്ഡിന് മുകളില്‍ കയറിനിന്ന് ഒരു കസവുമുണ്ട് ഫാനില്‍ കെട്ടാന്‍ ശ്രമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കാണാതായ യുവാവിനെ കണ്ടെത്തി ആത്മഹത്യയില്‍ നിന്നും രക്ഷിച്ച് കേരള പൊലീസ്. സിനിമാ കഥയെ വെല്ലുന്ന തരത്തിലാണ് യുവാവിന്റെ ജീവന്‍ രക്ഷിച്ചത്. ഹോട്ടലില്‍ ആത്മഹത്യ ചെയ്യാന്‍ ഫാനില്‍ കുരുക്കിടാന്‍ തുടങ്ങുമ്പോള്‍ പൊലീസ് എത്തി വാതില്‍ ചവിട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് പൊലീസ് രക്ഷകരായ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

പൊലീസ് പറയുന്നതിങ്ങനെ:

''കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കാണാനില്ല. ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് നടക്കാവ് സ്റ്റേഷന്‍ പരിധിയിലാണ്. ഫോട്ടോ, ഫോണ്‍നമ്പര്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അയക്കാം'' ഇതായിരുന്നു വെള്ളിയാഴ്ച രാത്രി നടക്കാവ് സ്റ്റേഷനിലെ എഎസ്‌ഐ പി സുനീഷിന് കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍.

കിട്ടിയ ലൊക്കേഷന്‍ എരഞ്ഞിപ്പാലം, ശാസ്ത്രിനഗര്‍ എന്നുമാത്രം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം. ഒട്ടേറെ ഹോട്ടല്‍, ഹോസ്റ്റല്‍, ആശുപത്രി എന്നിവയുമുണ്ട്. ആലോചിച്ചുനിന്ന് സമയം കളയേണ്ടാ, ഇറങ്ങുകതന്നെ എന്ന തീരുമാനത്തില്‍ എഎസ്‌ഐയും, സിപിഒ എന്‍ നിഷോബും ഡ്രൈവര്‍ എം മുഹമ്മദ് ജിഷാദുമെത്തി.

പ്രദേശത്തെത്തി പലസ്ഥലങ്ങളിലും തെരഞ്ഞു. ഹോട്ടലുകള്‍ കയറി ഫോട്ടോ കാണിച്ചന്വേഷിച്ചു. നാട്ടുകാരെയും ഫോട്ടോ കാണിച്ചുനോക്കി. രക്ഷയില്ല. ജീപ്പ് പോകാന്‍ പ്രയാസമുള്ള സ്ഥലങ്ങളിലൂടെ നടന്ന് അന്വേഷണം തുടര്‍ന്നു. പല വീടുകളിലും തിരക്കി. എല്ലാവരോടും പറഞ്ഞു, ഇത് പ്രതിയൊന്നുമല്ല, കാണാനില്ലെന്നു മാത്രം. നാട്ടുകാരും തെരച്ചിലിന് ഒപ്പംകൂടി. പൊലീസ് സംഘത്തിനുനേരേ നായ ചാടിവീണെങ്കിലും രക്ഷപ്പെട്ടു. എന്നിട്ടും അന്വേഷണം തുടര്‍ന്നു.

നടപ്പ് ഏകദേശം അഞ്ചുകിലോമീറ്ററിലും അധികമായി. ആദ്യം ചെന്ന സ്ഥലങ്ങളില്‍ രണ്ടാംറൗണ്ട് ആരംഭിക്കാന്‍ തീരുമാനമായി. ചെന്ന സ്ഥലങ്ങളില്‍ വീണ്ടും ചെന്നു. അങ്ങനെ കോ-ഓപ്പറേറ്റീവ് ആശുപത്രിയുടെ അടുത്തുള്ള ഹോട്ടലുകാരന്‍ ആളെ തിരിച്ചറിഞ്ഞു. മൂന്നാംനിലയിലെ മുറിയിലേക്ക് സംഘം ഓടിയടുത്തു.

വാതിലില്‍ മുട്ടി, ഇടിച്ചു. പ്രതികരണമില്ല. റൂം ബോയോട് സ്‌പെയര്‍ കീ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. തുറക്കാന്‍ ശ്രമിച്ചു. നടന്നില്ല. അകത്തുനിന്ന് കുറ്റിയിട്ടിട്ടുണ്ട്. കീഹോളിലൂടെ നോക്കി. ബെഡ്ഡിന് മുകളില്‍ കയറിനിന്ന് ഒരു കസവുമുണ്ട് ഫാനില്‍ കെട്ടാന്‍ ശ്രമിക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നു.

പ്രണയ നൈരാശ്യത്തെതുടര്‍ന്ന് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതാണ്. ആത്മഹത്യക്കുറിപ്പില്‍ എല്ലാമുണ്ടായിരുന്നു. തുടര്‍ന്ന് ജീവിക്കാന്‍ പ്രേരണനല്‍കുന്ന വാക്കുകള്‍കൊണ്ട് യുവാവിനെ പിന്തിരിപ്പിച്ചു. യുവാവിന്റെ വീട്ടുകാര്‍ സ്ഥലത്തെത്തി. ജീവിതം ഇനിയുമുണ്ട് ആസ്വദിക്കാനുള്ളതാണെന്ന് പറഞ്ഞ് വീട്ടുകാരോടൊപ്പം തിരികെയയച്ചു.

Kerala Police shares experience of rescuing young man

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കണം: മുഖ്യമന്ത്രി

കൊടുങ്കാറ്റായി അഭിഷേക്, 'തീ തുപ്പി' ബുംറ; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പര

വാര്‍ത്ത വന്നപ്പോള്‍ വിമാനത്തിലായിരുന്നു; വിദേശത്ത് വെച്ചു പ്രതികരിക്കുന്നില്ലെന്ന് തരൂര്‍

'മലയാള സിനിമ കഴിവുകളുടെ ഖനി, ഒരുപാട് നിധികള്‍ കോരിയെടുക്കാനുണ്ട്'; ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി

'സംസ്ഥാന സര്‍ക്കാര്‍ പേര് നിര്‍ദേശിച്ചോ എന്നറിയില്ല; ആഹ്ലാദിക്കാനോ ദുഃഖിക്കാനോ ഇല്ല'

SCROLL FOR NEXT