നല്ല ഭക്ഷണം, തൊഴില്‍, മാന്യമായ വേതനം, പറയുന്നത് ഏതെങ്കിലും കമ്പനികളെ കുറിച്ചല്ല കേരളത്തിലെ ജയിലുകളെ കുറിച്ചാണ്. 'ചെയ്ത തെറ്റിന് ഗോതമ്പുണ്ട തിന്നാം' എന്ന പറച്ചില്‍ ഇപ്പോള്‍ കേരളത്തിന് ചേരില്ല. കാരണം മികച്ച രീതിയിലാണ് സംസ്ഥാനത്തെ ജയിലുകളിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍. എന്നാല്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടിട്ടും കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന വ്യക്തികളും സമൂഹത്തിലുള്ളപ്പോള്‍ എന്താണ് കേരളത്തിലെ ജയിലുകളില്‍ സംഭവിക്കുന്നത് എന്നതില്‍ വിശദമായ ചര്‍ച്ചകള്‍ വേണ്ടിവരും.
ഫെബ്രുവരി മൂന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം കേരളത്തിലെ ജയിലുകളില്‍ 17,568 പേരാണുള്ളത്. ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുന്നവര്‍ വെറും തടവുകാര്‍ മാത്രമല്ല, തൊഴിലാളികള്‍ കൂടിയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനത്തില്‍ പലവിധ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍. 63 രൂപ മുതല്‍ 230 രൂപ വരെയാണ് തടവുകാരുടെ വേതനം. അധിക ജോലി ചെയ്യുന്ന തടവുകാരന് ദിവസ വേതനവും അധിക തുകയും ഉള്‍പ്പെടെ 230 രൂപ ലഭിക്കും. 127 രൂപയാണ് തടവുകാരുടെ അടിസ്ഥാന വേതനം. അധിക ജോലിക്ക് 168 രൂപ ലഭിക്കും. വൈദഗ്ധ്യം ആവശ്യമായ ജോലികള്‍ക്ക് 152 രൂപയും, അപ്രന്റിസുകള്‍ 63 രൂപയും ലഭിക്കും. തുറന്ന ജയില്‍ 170 രൂപയാണ് അടിസ്ഥാന വേതനം. അധിക ജോലിക്ക് 230 രൂപയും ലഭിക്കും.
നേരത്തെ കഠിനമായ ജോലികള്‍ തടവുകാര്‍ക്ക് ലഭിച്ചിരുന്നു എങ്കില്‍ നിലവില്‍ അതിനും മാറ്റം വന്നുകഴിഞ്ഞു. ജയിലിലെ ഇന്‍ഡ്രസ്ട്രിയല്‍ യൂണിറ്റുകള്‍, കാര്‍പെന്ററി വര്‍ക്കുകള്‍, പെയിന്റിങ്, നെയ്ത്ത്, പാചകം, കൃഷിപണി തുടങ്ങിയ ജോലികള്‍ ചെയ്യാനുള്ള അവസരവും മിക്ക ജയിലുകളിലും ഉണ്ട്.
തടവുകാരുടെ വേതനം ഓരോ മാസത്തേക്കാണ് കണക്കാക്കുന്നത്. മൂന്ന് വിഹിതങ്ങളായി തിരിച്ചാണ് വേതനം വിതരണം. ആദ്യ വിഹിതം കുടുംബാംഗത്തിന്റെ അക്കൗണ്ടിലേക്ക് നല്‍കും. രണ്ടാം വിഹിതം തടവുകാലം പൂര്‍ത്തിയാക്കുമ്പോള്‍ നല്‍കാന്‍ നീക്കിവയ്ക്കും. മൂന്നാം വിഹിതം കാന്റീന്‍ ചെലവിനായും നീക്കിവയ്ക്കപ്പെടുന്നു.
തടവുകാര്‍ക്കുള്ള ഭക്ഷണവും വളരെ മെച്ചപ്പെട്ട രീതിയിലാണ് വിതരണം ചെയ്യുന്നത്. 2014 ലെ ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തതു പ്രകാരമുള്ള ഡയറ്റ് പ്ലാനാണ് തടവുകാര്‍ക്കായി നടപ്പാക്കുന്നതെന്ന്. ചോറ്, ചപ്പാത്തി, ഇഡ്ഡലി, ഉപ്പുമാവ്, കപ്പ, ഗ്രീന്‍ പീസ്, കടല, അവിയല്‍, സാമ്പാര്‍ എന്നിവ പതിവ് ഭക്ഷണത്തിന്റെ ഭാഗമാണ്. ഇതിനൊപ്പം ആഴ്ചയില്‍ ഒരു ദിവസം ആട്ടിറച്ചിയും, മീനും ലഭിക്കും. ശനിയാഴ്ചകളില്‍ ഒരു വ്യക്തിക്ക് 100 ഗ്രാം മട്ടണും, തിങ്കളാഴ്ച 140 ഗ്രാം മീനുമാണ് നല്‍കുന്നത്. വിശേഷ ദിവസങ്ങളില്‍ ചിക്കന്‍, ബീഫ് വിഭവങ്ങള്‍ നല്‍കും. പ്രതിവര്‍ഷം ഒമ്പത് ദിവസങ്ങളില്‍ ഇത്തരം വിഭവങ്ങള്‍ ലഭിക്കും.
തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയായ ജയിലുകളില്‍ മികച്ച ഭക്ഷണ, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും തടവുകാരുടെ മാനസികാരോഗ്യം കൈകാര്യം ചെയ്യുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു എന്ന വാദവും ശക്തമാണ്. ഒരിക്കല്‍ കുറ്റം ചെയ്ത വ്യക്തി ജയില്‍ മോചിതനായി വീണ്ടും അതേ കുറ്റകൃത്യം ആര്‍ത്തിക്കാന്‍ ഇടവരുന്നത് ബോധവത്കരണത്തിന്റെയും മാനസികാവസ്ഥയുടേയും ഫലമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. നെന്‍മാറയില്‍ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വീണ്ടും ഇരട്ടക്കൊലകള്‍ നടത്താന്‍ തയ്യാറയത് ജയിലുകളില്‍ ശരിയായ കൗണ്‍സിലിങ്ങിന്റെയും തെറാപ്പിയുടെയും അഭാവം മൂലമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates