തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിലെ ധാരണാപത്രത്തില്‍ കേരളം ഒപ്പിട്ടത് ഒക്ടോബര്‍ പതിനേഴിന്. പതിനാറ് സാക്ഷികള്‍ ഒപ്പിട്ടു. മന്ത്രിസഭയില്‍ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായത് ഒക്ടോബര്‍ 22നാണ്. ഒപ്പിട്ട കാര്യം സിപിഐ മന്ത്രിമാരെ അറിയിക്കുന്നത് മറച്ചുവയ്ക്കുകയും ചെയ്തു. ദേശീയ വിദ്യാഭ്യാസ നയമാണ് പദ്ധതിയുടെ പ്രധാനലക്ഷ്യമെന്ന് ധാരണാപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കേണ്ടതെന്ന് ധാരണാപത്രത്തില്‍ പറയുന്നു.
എംഒയു റദ്ദാക്കാനുള്ള അവകാശം കേന്ദ്രത്തിനുമാത്രമാണ്. ഏതുമാറ്റത്തിനും കേന്ദ്ര അംഗീകാരം വേണം. ഫണ്ട് നല്‍കുന്നത് പൂര്‍ണമായും കേന്ദ്ര നയമനുസരിച്ചാകും എന്നും വ്യക്തമാക്കുന്നുണ്ട്. ഒരു സ്‌കൂളിന് പിഎംശ്രീ എന്ന പേരു നല്‍കിയാല്‍ അത് പീന്നീട് മാറ്റാനാകില്ല. അധ്യാപകരെ നിരന്തരം വിലയിരുത്താന്‍സംവിധാനം വരും . അതിന് പുറത്തു നിന്നുള്ള വിദഗ്ധരുടെ സേവനവും ഉപയോഗിക്കും. ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായും നടപ്പാക്കുമെന്നും മുഴുവന്‍സംസ്ഥാനത്തിനും ഇത് ബാധകമാണെന്നും പറഞ്ഞാണ് എം.ഒ.യു വിലെ നിബന്ധനകള്‍ തുടങ്ങുന്നത്. പിഎം ശ്രീ പദ്ധതി സ്‌കൂളുകളുടെ പ്രധാന ലക്ഷ്യംമെന്നും എം.ഒ.യു അസന്നിഗ്ധമായി പറയുന്നുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ വാസുകിയും സമഗ്ര ശിക്ഷാ കേരള ഡയറക്ടര്‍ സുപ്രിയ എ ആര്‍ എന്നിവര്‍ ചേര്‍ന്നാണ് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിച്ചത്. കെ വാസുകിക്ക് പുറമേ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ജോയിന്റെ സെക്രട്ടറി ധീരജ് സാഹുവാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഡറക്ടര്‍ പ്രീതി മീന, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ചിത്ര എസ് എന്നിവരാണ് സാക്ഷികളായി ഒപ്പുവെച്ചിരിക്കുന്നത്.
പിഎംശ്രീ പദ്ധതി എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാതെയാണ് എംഒയു ഒപ്പിട്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുന്നണി മര്യാദ ലംഘിക്കുന്നതാണ് സിപിഎം നടപടിയെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കാനാകുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍ഡിഎഫ് മുന്നോട്ടുപോകേണ്ടതെന്നും തിരുത്തിയേ തീരുവെന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ ഒപ്പിട്ടതിനെ ആദ്യം പിന്തുണച്ചത് ബിജെപിയാണ് അതുകൊണ്ടുതന്നെ സംതിങ് ഈസ് റോങ് എന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates