Ration Card പ്രതീകാത്മക ചിത്രം
Kerala

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും: സംസ്ഥാനത്ത് 6 ലക്ഷത്തിലേറെ കാർഡുകൾക്ക് പിടിവീണേക്കും; 44,279 മുൻഗണനാ കാർഡുകൾ പുറത്തേക്ക്

സ്മാർട്ട് പിഡിഎസ് അടുത്ത മാസം മുതൽ; അനർഹരെയും ഇരട്ട കാർഡുകളെയും കണ്ടെത്താൻ കേന്ദ്രീകൃത നിരീക്ഷണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: തുടർച്ചയായി ആറ് മാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ പൂർണ്ണമായും റദ്ദാക്കാനും മരവിപ്പിക്കാനും കേന്ദ്ര സർക്കാർ നിർദ്ദേശം. അടുത്ത മാസം മുതൽ കേന്ദ്ര പദ്ധതിയായ 'സ്മാർട്ട് പിഡിഎസ്' (സ്കീം ഫോർ മോഡനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുന്നതോടെ ആറ് ലക്ഷത്തിലധികം റേഷൻ കാർഡുകൾ വെട്ടിമാറ്റപ്പെടാനാണ് സാധ്യത. 16 ലക്ഷത്തിലേറെ ഗുണഭോക്താക്കളെയാണ് ഈ നടപടി നേരിട്ട് ബാധിക്കുക. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് താഴെത്തട്ടിൽ വരെ കേന്ദ്രം നേരിട്ട് നിരീക്ഷിക്കുന്നതാണ് സ്മാർട്ട് പിഡിഎസ് സംവിധാനം. 2024-ലാണ് കേരളം ഈ പദ്ധതിക്കായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഒരേ വ്യക്തി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഒന്നിലധികം കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും ഈ സോഫ്റ്റ്‌വെയർ വഴി എളുപ്പത്തിൽ കണ്ടെത്താനാകും.

ആദ്യം പുറത്താകുന്നത് 44,279 മുൻഗണനാ കാർഡുകൾ

സ്മാർട്ട് പിഡിഎസിന്റെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് വിഭാഗങ്ങളിലെ മുൻഗണനാ കാർഡുകളിലാണ് കേന്ദ്രം കർശന നടപടി സ്വീകരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസമായി ഒരു തവണ പോലും റേഷൻ വാങ്ങാത്ത 44,279 കുടുംബങ്ങളാണ് മുൻഗണനാ പട്ടികയിൽ നിന്ന് പുറത്താകുന്നത്. ഇതിൽ 5,370 അന്ത്യോദയ അന്നയോജന (എഎവൈ - മഞ്ഞ) കാർഡുകളിലായി 6,401 ഗുണഭോക്താക്കളും, 38,909 മുൻഗണനാ (പിഎച്ച്എച്ച് - പിങ്ക്) കാർഡുകളിലായി 60,300 ഗുണഭോക്താക്കളുമുണ്ട്. മുൻഗണനേതര വിഭാഗത്തിൽപ്പെട്ട (നീല, വെള്ള, ബ്രൗൺ) 5,62,494 കാർഡുകളാണ് ഇത്തരത്തിൽ ആറ് മാസമായി റേഷൻ വാങ്ങാതെ നിർജ്ജീവമായി കിടക്കുന്നത്. ഇതിൽ എൻപിഎൻഎസ് (വെള്ള) വിഭാഗത്തിൽ 4,33,811 കാർഡുകളും, എൻപിഎസ് (നീല) വിഭാഗത്തിൽ 1,19,166 കാർഡുകളും, എൻപിഐ (ബ്രൗൺ) വിഭാഗത്തിൽ 9,517 സ്ഥാപന കാർഡുകളുമുണ്ട്.

റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിലേക്ക്; അന്തർസംസ്ഥാന മാഫിയ സജീവം

ദീർഘകാലമായി ഉപഭോക്താക്കൾ വാങ്ങാതെ കിടക്കുന്ന റേഷൻ വിഹിതം ഉദ്യോഗസ്ഥ-മൊത്തവ്യാപാരി ഒത്തുകളിയിലൂടെ വൻതോതിൽ കരിഞ്ചന്തയിലേക്ക് ചോർത്തുന്നുവെന്ന വിവരത്തെത്തുടർന്നാണ് കേന്ദ്ര ഭക്ഷ്യ മന്ത്രാലയം കർശന നിരീക്ഷണത്തിന് ഉത്തരവിട്ടത്. കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്ന് മാത്രം ഭക്ഷ്യ-സിവിൽ സപ്ലൈസ് വിജിലൻസ് 75,000 കിലോഗ്രാം റേഷൻ അരിയാണ് റെയ്ഡുകളിൽ പിടിച്ചെടുത്തത്. കഴിഞ്ഞദിവസം പാറശ്ശാലയിലെ ഒരു വീട്ടിൽ നിന്ന് ആറായിരത്തോളം കിലോ അരിയും ഗോതമ്പും പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ സൗജന്യമായി വിതരണം ചെയ്യുന്ന റേഷൻ അരി അതിർത്തി കടത്തി കേരളത്തിലെത്തിച്ച് രഹസ്യ ഗോഡൗണുകളിൽ സൂക്ഷിക്കുകയും, പിന്നീട് ഇവ പോളിഷ് ചെയ്ത് ബ്രാൻഡഡ് ചാക്കുകളിലാക്കി കിലോയ്ക്ക് 48 മുതൽ 56 രൂപ വരെ നിരക്കിൽ പൊതുവിപണിയിൽ വിൽക്കുകയും ചെയ്യുന്ന വൻ അന്തർസംസ്ഥാന മാഫിയ തന്നെ പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

അർഹരായവർക്ക് പുതിയ അവസരം; ഇ-കെവൈസി നിർബന്ധം

മുൻഗണനാ കാർഡുകളുടെ പട്ടികയിൽ നിന്ന് ആളുകളെ നീക്കം ചെയ്യുന്നത്, കാലങ്ങളായി മുൻഗണനാ കാർഡിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് നിർദ്ധന കുടുംബങ്ങൾക്ക് പട്ടികയിലേക്ക് കടന്നുവരാൻ അവസരമൊരുക്കും. സംസ്ഥാന സർക്കാർ അടുത്തിടെ 73,000 പുതിയ മുൻഗണനാ കാർഡുകൾ അനുവദിച്ചിരുന്നു. അതേസമയം, ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നവർക്ക് അർഹതയുണ്ടെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴി പുനഃപരിശോധനയ്ക്ക് വീണ്ടും അപേക്ഷിക്കാം. ആറ് മാസം റേഷൻ വാങ്ങാത്ത കാർഡുകൾ ആദ്യഘട്ടത്തിൽ മരവിപ്പിക്കും. തുടർന്ന് മൂന്ന് മാസത്തിനകം കാർഡിലെ മുഴുവൻ അംഗങ്ങളും ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കുകയും വിഹിതം വാങ്ങുകയും ചെയ്താൽ മാത്രമേ റേഷൻ വിതരണം പുനഃസ്ഥാപിച്ചു നൽകുകയുള്ളൂ. ഒന്നിലധികം കാർഡുകളിൽ പേരുള്ളവർ ഒരു കാർഡ് മാത്രം നിലനിർത്തി മറ്റുള്ളവയിൽ നിന്ന് പേര് നീക്കം ചെയ്യേണ്ടി വരും.

Over six lakh ration cards in Kerala, encompassing more than 16 lakh beneficiaries, face imminent deactivation as the Union Government rolls out the technology-driven 'Smart PDS' (Scheme for Modernisation and Reforms through Technology in Public Distribution System

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം'; തച്ചങ്കരിയെ പരിഹസിച്ച് ആര്‍ ശ്രീലേഖ

'കറുത്ത മഹാലക്ഷ്മിയുടെ വി​ഗ്രഹം, നോക്കിയപ്പോൾ എന്റെ അമ്മയുടെ അതേ മുഖം'; അമ്മയെക്കുറിച്ച് ഉർവശി

റിയല്‍ എസ്റ്റേറ്റിലേക്ക് പോയ ചാക്കോച്ചനും ദുഃഖിച്ചിരുന്ന മീര ജാസ്മിനും റീ എന്‍ട്രിയ്ക്ക് കാരണമായത് എന്റെ സിനിമകള്‍: ഉര്‍വശി

'100 ഡോട് ബോൾ കളിക്കാൻ ഒരു മടിയുമില്ല, ബൗളർക്ക് ഒരു അവസരവും കിട്ടില്ല'

തൃശൂരിലെ സർക്കാർ സ്ഥാപനത്തിൽ 9 തെറാപ്പിസ്റ്റ് ഒഴിവ്; ശമ്പളം 39,690 രൂപ !