തിരുവനന്തപുരം: സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറ വയ്ക്കണമെന്ന നിര്‍ദേശത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവദിച്ച സമയവും കഴിഞ്ഞിട്ടും ഇപ്പോള്‍ കാമറ ഘടിപ്പിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
ഇനിയും കാമറ സ്ഥാപിക്കാതെ മുന്നോട്ട് പോകാമെന്ന് കരുതേണ്ടന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രി, രക്ഷിതാക്കളും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും ഉദ്യോഗസ്ഥരും സ്‌കൂള്‍ ബസുകളില്‍ കാമറ സ്ഥാപിച്ചിട്ടുണ്ടോയെന്ന് ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു. ഈ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശമായി കൂടി കണക്കാക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ കാമറയുണ്ടോയെന്ന കാര്യത്തില്‍ പരിശോധന ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
വളരെ കര്‍ശനമായ പരിശോധനയായിരിക്കും ഉദ്യോഗസ്ഥര്‍ നടത്തുക. കാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ കനത്ത പിഴ ഈടാക്കും. പിന്നീട് കാമറകള്‍ സ്ഥാപിച്ച ശേഷം മാത്രമായിരിക്കും വാഹനങ്ങള്‍ വിട്ടുനല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. മന്ത്രിക്ക് ഒരു നിയമം മറ്റുള്ളവര്‍ക്ക് ഒരു നിയമം എന്ന് പറഞ്ഞ് ആരും വരേണ്ട. ഈ നിര്‍ദേശം വന്നയുടന്‍ തന്നെ ഞാന്‍ മാനേജ്മെന്റിന്റെ ചുമതല വഹിക്കുന്ന സ്‌കൂളിലെ എല്ലാ ബസുകളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2025 ജനുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് എല്ലാ മാസവും സ്‌കൂള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്നാണ് കണ്ടെത്താനായത്. പല അപകടത്തിലും മരണം പോലുമുണ്ടായിട്ടുണ്ട്. സ്‌കൂള്‍ ബസ് അപകടത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കുകയെന്നത് അങ്ങേയറ്റം ദുഃഖകരമാണ്. കുഞ്ഞുങ്ങള്‍ക്ക് അപകടമില്ലാത്ത യാത്ര ഉറപ്പാക്കുകയെന്നത് എല്ലാ ജനങ്ങളുടെയും ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates