തിരുവനന്തപുരം: കേരള സർവകലാശാല ക്യാംപസുകളിലും അഫിലിയേറ്റഡ് കോളജുകളിലും വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് തയാറാക്കിയ വിദ്യാർഥി പെരുമാറ്റച്ചട്ടത്തിനെതിരെ പ്രതിഷേധം പുകയുന്നു. ചട്ടങ്ങൾ പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് എതിർപ്പ് ശക്തമായെങ്കിലും, ഇത് കരട് രേഖ മാത്രമാണെന്നും അന്തിമമായി നടപ്പാക്കിയിട്ടില്ലെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
സർവകലാശാല സിൻഡിക്കേറ്റ് പരിഗണിച്ച നിർദേശങ്ങളിൽ വിദ്യാർഥി സംഘടനകളുടെ സംഘടനാ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് നിർദേശിച്ചിട്ടുള്ളതെന്ന് ഇടത് അനുകൂല സംഘടനയായ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കാട്ടി. ക്യാംപസിനകത്ത് സമരങ്ങളും ധർണ്ണകളും സംഘടിപ്പിക്കുക, പുതിയ അംഗങ്ങളെ ചേർക്കുക, ചുവരെഴുത്തുകളും പോസ്റ്ററുകളും പതിക്കുക, ഫണ്ട് പിരിവ് നടത്തുക, രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് പരിപാടികൾ സംഘടിപ്പിക്കുക, ഓൺലൈൻ വഴി രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുക എന്നിവയ്ക്കെല്ലാം ചട്ടത്തിൽ വിലക്കുണ്ട്.
നിർദിഷ്ട ചട്ടങ്ങൾ ലംഘിക്കുന്ന വിദ്യാർഥികൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സർവകലാശാലാ വകുപ്പ് മേധാവികൾക്കും അഫിലിയേറ്റഡ് കോളജ് പ്രിൻസിപ്പൽമാർക്കും അധികാരം നൽകുന്നതാണ് പുതിയ കരട്. ക്യാംപസുകളിൽ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഒരു വർഷം വരെ സസ്പെൻഷൻ ലഭിക്കാം. നിയമം ലംഘിക്കുന്ന വിദ്യാർഥികൾക്ക് അയ്യായിരം രൂപയും സംഘടനകൾക്ക് പതിനായിരം രൂപയും പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ചട്ടലംഘനം ആവർത്തിച്ചാൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാനും കരടിൽ ശുപാർശ ചെയ്യുന്നു. പിഴ അടയ്ക്കാതിരുന്നാൽ അത് കുടിശ്ശികയായി കണക്കാക്കി റവന്യൂ റിക്കവറി, സ്വത്ത് കണ്ടുകെട്ടൽ, പരീക്ഷാഫലം തടഞ്ഞുവെക്കൽ തുടങ്ങിയ കർശന നടപടികളിലേക്ക് കടക്കും. കൂടാതെ ഭാരതീയ ന്യായ സംഹിത, പൊതുമുതൽ നശീകരണ നിരോധന നിയമം എന്നിവ പ്രകാരം ക്രിമിനൽ നടപടികളും സ്വീകരിക്കാവുന്നതാണ്.
കരട് പെരുമാറ്റച്ചട്ടം വിദ്യാർഥികളുടെ സംഘടനാ സ്വാതന്ത്ര്യത്തെയും സംഘടനാ പ്രവർത്തനങ്ങളിലെ പങ്കാളിത്തത്തെയും പൂർണ്ണമായി ഇല്ലാതാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. ഇത് പൂർണ്ണമായും അടിച്ചമർത്തൽ നടപടിയാണെന്നും നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും യൂണിയൻ നേതൃത്വം മുന്നറിയിപ്പ് നൽകി.
അതേസമയം വിഷയത്തിൽ വിശദീകരണവുമായി കേരള സർവകലാശാല രജിസ്ട്രാർ രശ്മി ആർ. രംഗത്തെത്തി. നിലവിൽ ചട്ടങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും സിൻഡിക്കേറ്റിന് മുന്നിലെത്തിയത് ഒരു കരട് രേഖ മാത്രമാണെന്നും അവർ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെയും കോട്ടയം എം.ജി സർവകലാശാലയിലെ പെരുമാറ്റച്ചട്ടത്തിന്റെയും മാതൃകയിലാണ് ഒരു പ്രാഥമിക കരട് തയാറാക്കിയത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷം മാത്രമേ അന്തിമ ചട്ടങ്ങൾക്ക് രൂപം നൽകൂ എന്നും നിർദിഷ്ട ചട്ടങ്ങൾ നടപ്പാക്കിക്കൊണ്ട് സർവകലാശാല യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates