തിരുവനന്തപുരം: കെഎസ്ആർടിസി ഡൊമെെന്റെ കാര്യത്തിൽ വിട്ടുവീഴച്ച ചെയ്യില്ലെന്ന് സിഎംഡി ബിജുപ്രഭാകർ. വിഷയം സ്പർദ്ധയില്ലാതെ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സർക്കിരിന്റെയും കെഎസ്ആർടിസിയുടെയും ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കർണാടക സർക്കാരുമായി ഒരു തുറന്ന പോരാട്ടത്തിനില്ലെന്നും കേരളം വ്യക്തമാക്കി. ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കെഎസ്ആർടിസി എന്ന പേരും, ലോഗോയും, ആനവണ്ടിയും അംഗീകരിച്ച് ലഭിച്ചതിന് പിന്നാലെയാണ് കേരള ആർടിസി നിലപാട് വ്യക്തമാക്കിയത്.
രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. സെക്രട്ടറിമാർ തലത്തിലും, ആവശ്യമെങ്കിൽ മന്ത്രിമാർ തലത്തിലും ചർച്ച നടത്തും. ഈ വിവരം ഔദ്യോഗികമായി കർണാടകയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാർ ഓൺലൈനിൽ ടിക്കറ്റിനായി തെരയുമ്പോൾ കെഎസ്ആർടിസി എന്ന ഡൊമെെന്റെ പേര് കർണാടക കൈവശം വെച്ചിരിക്കുന്നതിനാൽ ടിക്കറ്റ് മുഴുവൻ കർണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തർ സംസ്ഥാന സർവീസുകൾ ബംഗളുരുവിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതുകൊണ്ട് കർണാടകയ്ക്കാണ് കൂടുതൽ വരുമാനം ലഭിക്കുന്നത്. ഇത് കേരളത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്.
KSRTC.IN , KSRTC.ORG, KSRTC.COM എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്ക്സിന്റെ ഉത്തരവ് പ്രകാരം കെഎസ്ആർടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുമെന്ന് ബിജുപ്രഭാകർ പറഞ്ഞു. ലോഗോയും മറ്റു കാര്യങ്ങളിലും ചർച്ച ചെയ്ത് സമവായത്തിലേക്ക് എത്താൽ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates