കൊച്ചി: എറണാകുളം മുണ്ടംവേലിയിലെ ഫ്‌ലാറ്റിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച താമസക്കാരെ കുറ്റപ്പെടുത്തി സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ ജെ മാക്‌സി. ഒന്നുമില്ലാത്തവര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരാണ് എല്ലാം ചെയ്തു കൊടുത്തത്. സര്‍ക്കാര്‍ മാറിയപ്പോള്‍ ഇവരെല്ലാം ഒറ്റ മറിച്ചിലായിരുന്നു. അവര്‍ക്ക് ഈ ചെയ്തു കൊടുത്തതെല്ലാം പഴയ സര്‍ക്കാരാണെന്ന് ഓര്‍ക്കണം. കെ ജെ മാക്‌സി പറഞ്ഞു.
മഴക്കാലമല്ല, വേനല്‍ക്കാലത്തു പോലും വേലിയേറ്റം വന്നാല്‍ വെള്ളം കയറുന്ന സ്ഥലത്താണ് അവര്‍ കഴിഞ്ഞിരുന്നത്. അവരെ ഇടതു സര്‍ക്കാര്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി പുനരധിവസിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ജിസിഡിഎയുടെ കൈവശമുള്ള മുണ്ടംവേലിയിലെ 80 സെന്റ് സ്ഥലം സര്‍ക്കാര്‍ ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് അനുവദിച്ചത്.
ലൈഫ് മിഷന്റെ കീഴില്‍ നിര്‍മ്മിച്ച പദ്ധതിയുടെ പ്ലാന്‍ നോക്കിയിരുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് ആയിരുന്നു. ചെന്നൈ ഐഐടി അടക്കം പരിശോധിച്ച്, എല്ലാ അംഗീകാരങ്ങളോടെയാണ് പണി ആരംഭിച്ചത്. പുനരധിവാസം കഴിഞ്ഞപ്പോഴാണ് ഇത്തരത്തില്‍ ചില അപാകതകള്‍ കണ്ടതെന്ന് കെ ജെ മാക്‌സി പറഞ്ഞു. ഇപ്പോഴത്തെ കോലാഹലത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. എല്‍ഡിഎഫ് കൊണ്ടു വന്ന പദ്ധതി മോശമാണെന്നും, തെറ്റായിരുന്നെന്നും ഒരു രാഷ്ട്രീയം യുഡിഎഫ് കാണുന്നുവെന്നും കെ ജെ മാക്‌സി പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ്. ഫ്‌ലാറ്റ് നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം. വിജിലന്‍സോ, ആരു വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് മാക്‌സി പറഞ്ഞു. ഫ്‌ലാറ്റ് പൊളിച്ചു നീക്കണമെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞദിവസം പറഞ്ഞത്. പൊളിച്ചു നീക്കേണ്ടതാണെങ്കില്‍ പൊളിച്ചു നീക്കണം. അതില്‍ ആര്‍ക്കും എതിരഭിപ്രായമില്ല. പക്ഷെ വിശദമായ പരിശോധനയ്ക്ക് ശേഷം വേണം അതെന്നും കെജെ മാക്‌സി കൂട്ടിച്ചേര്‍ത്തു.
വിവാദമായതോടെ, മുണ്ടംവേലി ഫ്‌ലാറ്റുകളിലെ താമസക്കാരെ അപമാനിച്ച പ്രസ്താവന തിരുത്താന്‍ തയ്യാറാണെന്ന് കൊച്ചി മുന്‍ എംഎല്‍എ കെ ജെ മാക്‌സി വ്യക്തമാക്കി. താമസക്കാര്‍ക്ക് വേദന ഉണ്ടായെങ്കില്‍ പ്രസ്താവന പിന്‍വലിക്കാം. നിര്‍മ്മാണ അപാകതയില്‍ അന്വേഷണം നടത്തുകയാണെങ്കില്‍ സഹകരിക്കും. പിന്നാക്ക അവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ഫ്‌ലാറ്റിലെ പാവങ്ങളായ താമസക്കാരെ സംരക്ഷിക്കണമെന്നാണ് തന്റെ നിലപാടെന്നും കെ ജെ മാക്‌സി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates