

രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന നിതേഷ് തിവാരിയുടെ ‘രാമായണ’യുമായി ബന്ധപ്പെട്ട സീതാ വിവാദം സോഷ്യൽ മീഡിയയിൽ തുടരുന്നതിനിടെ പഴയകാല ചിത്രം പങ്കുവെച്ച് നടി ജയപ്രദ. 1997ൽ പുറത്തിറങ്ങിയ ‘ലവ് കുശ്’ എന്ന ചിത്രത്തിൽ സീതയായി വേഷമിട്ടപ്പോഴുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ജയപ്രദയുടെ പോസ്റ്റ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.
‘ത്രോ ബാക്ക് പിക് ലവ് കുശ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ഫോട്ടോ പങ്കുവെച്ചതിനു പിറകേ നിരവധി ആരാധകരാണ് ജയപ്രധയുടെ സീതാ വേഷത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. സീതയാകാൻ ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പ് ജയപ്രദയായിരുന്നുവെന്നും ആരാധകർ കമന്റ് ബോക്സിൽ കുറിച്ചു. ജയപ്രദയെ സീതയായി കണ്ട പഴയ ഓർമകളും പലരും പങ്കുവെച്ചു.
സായ് പല്ലവിയുടെ സീതാ വേഷത്തെെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ചർച്ചകൾ തുടരവേയാണ് ജയപ്രദയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നപ്പോൾ മുതൽ സീതയുടെ രൂപത്തെയും വേഷത്തെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. കഥാപാത്രത്തിന്റെ സൗന്ദര്യസങ്കൽപ്പത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമുള്ള ചർച്ചകൾ വിവാദമായി മാറുകയായിരുന്നു.
വി. മധുസൂധന റാവു സംവിധാനം ചെയ്ത ചിത്രമാണ് ‘ലവ് കുശ്’. ജീതേന്ദ്ര രാമനായും ജയപ്രദ സീതയായും അരുണ്‍ ഗോവിൽ ലക്ഷ്മണനായും ദാരാ സിങ് ഹനുമാനായും ചിത്രത്തിൽ വേഷമിട്ടു. പ്രാൺ വാത്മീകിയുടെ വേഷവും അവതരിപ്പിച്ചു. ദിലീപ് കനികരിയയാണ് ദേവ്യങ്ക് ആർട്സിന്റെ ബാനറിൽ ചിത്രം നിർമിച്ചത്.
അതേസമയം, ചിത്രത്തിൽ ലക്ഷ്മണനായി അഭിനയിക്കാൻ ആദ്യം തനിക്ക് താൽപര്യമുണ്ടായിരുന്നില്ലെന്ന് അടുത്തിടെ അരുണ്‍ ഗോവിൽ വെളിപ്പെടുത്തിയിരുന്നു. രാമാനന്ദ് സാഗറിന്റെ ടെലിവിഷൻ പരമ്പരയിൽ രാമനായി അഭിനയിച്ചതിനുശേഷം ലക്ഷ്മണന്റെ വേഷം ചെയ്യുന്നത് ശരിയാകില്ലെന്ന് നിർമാതാവിനോട് പറഞ്ഞിരുന്നുവെന്നും അവർ തീരുമാനത്തിൽ ഉറച്ചുനിന്നതോടെ അഭിനയിക്കുകയായിരുന്നുവെന്നും താരം ഓർത്തെടുത്തു. ചിത്രം തിയറ്ററുകളിൽ ഒരു ദിവസം പോലും പ്രദർശിപ്പിച്ചില്ലെന്നും അധികമാരും ഈ സിനിമയെക്കുറിച്ച് അറിയില്ലെന്നും അരുണ്‍ ഗോവിൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates