കെഎം ഷാജി 
Kerala

റേഞ്ച് റോവർ തിരിച്ചുനൽകിയാലും കുരുക്കഴിയുമോ? കെ.എം. ഷാജിക്ക് മുന്നിൽ നിയമവഴികൾ പ്രതിസന്ധിയാകുമോ

വാഹനം മടക്കി നൽകിയെങ്കിലും വിവാദം പുകയുന്നു; എംബ്ലം ആക്ടും ലോകായുക്ത പരിശോധനയും മന്ത്രിക്കെതിരെ തിരിയുമോ?

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: തിരുവനന്തപുരം: ഔദ്യോഗിക പദവി വ്യക്തമാക്കുന്ന 'കേരള സ്റ്റേറ്റ് 13' എന്ന ബോർഡും ദേശീയ ചിഹ്നവും സ്ഥാപിച്ച് സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവർ കാർ ഉപയോഗിച്ച സംഭവത്തിൽ, വാഹനം തിരികെ നൽകിയെങ്കിലും കെ.എം. ഷാജിക്ക് മുന്നിൽ നിയമപ്രശ്നങ്ങൾ വഴിതുറക്കുമോ എന്ന ചോദ്യം ശക്തമാകുന്നു. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധത്തിനും മാധ്യമവാർത്തകൾക്കും പിന്നാലെ വാഹനം ഉടമയ്ക്ക് തിരിച്ചുനൽകുകയും, സുഹൃത്തുക്കൾ നൽകുന്ന വാഹനം ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വാഹനം കൈമാറിയതുകൊണ്ട് മാത്രം പ്രശ്നം അവിടെ അവസാനിക്കുമോ അതോ തുടർ നിയമനടപടികൾക്ക് സാധ്യതയുണ്ടോ എന്നാണ് രാഷ്ട്രീയ-നിയമ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

തനിക്ക് സർക്കാർ അനുവദിച്ച ഔദ്യോഗിക വാഹനം പഴകിയതിനാലും ദീർഘദൂര യാത്രകൾക്ക് ബുദ്ധിമുട്ടായതിനാലുമാണ് സുഹൃത്തായ വ്യവസായിയുടെ ആഡംബര കാർ ഉപയോഗിച്ചതെന്നാണ് ഷാജി വിശദീകരിച്ചത്. എന്നാൽ ഒരു മന്ത്രിക്ക് ഔദ്യോഗിക വാഹനം തകരാറിലായാൽ സ്വകാര്യ വ്യക്തികളിൽ നിന്ന് മുന്തിയ വാഹനം വാങ്ങി സർക്കാർ ബോർഡ് വെച്ച് ഉപയോഗിക്കാൻ ചട്ടങ്ങൾ അനുവദിക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. 1989-ലെ കേരള മോട്ടോർ വെഹിക്കിൾ റൂൾസിൽ 2015-ൽ കൊണ്ടുവന്ന ഭേദഗതിയായ റൂൾ 92A പ്രകാരം, സർക്കാരിൽനിന്ന് മന്ത്രിമാർക്ക് ഔദ്യോഗികമായി അനുവദിച്ച വാഹനങ്ങളിൽ മാത്രമേ 'കേരള സ്റ്റേറ്റ്' ബോർഡും നമ്പറും സ്ഥാപിക്കാൻ പാടുള്ളൂ. മന്ത്രിമാർ പ്രത്യേക സാഹചര്യങ്ങളിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ പൊതുഭരണ വകുപ്പിൽനിന്ന് പ്രത്യേക സർക്കാർ ഉത്തരവ് മുൻകൂറായി വാങ്ങി പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്നിരിക്കെ, ഈ റേഞ്ച് റോവറിന്റെ കാര്യത്തിൽ അത്തരമൊരു സർക്കാർ ഉത്തരവോ ഔദ്യോഗിക അനുമതിയോ നിലവിലില്ലാത്തത് ചട്ടലംഘനമായി വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ട്. മുൻപ് മന്ത്രിയായിരുന്ന കെ.ബി. ഗണേഷ് കുമാർ ഇത്തരത്തിൽ സ്വകാര്യ വാഹനത്തിൽ ബോർഡ് വെക്കാൻ അപേക്ഷ നൽകിയപ്പോൾ സർക്കാർ അത് നിരസിച്ച മുൻകാല ചരിത്രവുമുണ്ട്.

കേന്ദ്ര ചിഹ്ന ദുരുപയോഗ നിയമപ്രകാരമുള്ള ലംഘന സാധ്യതയും ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സ്വകാര്യ വാഹനങ്ങളിൽ അനുമതിയില്ലാതെ സ്റ്റേറ്റ് എംബ്ലം പതിക്കുന്നത് 2005-ലെ 'സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (പ്രൊഹിബിഷൻ ഓഫ് ഇംപ്രോപ്പർ യൂസ്) ആക്ട്' സെക്ഷൻ 3-ന്റെ പരിധിയിൽ വരുമോ എന്ന സംശയവും ഉയരുന്നുണ്ട്. ഇത്തരം നിയമങ്ങൾ മുൻനിർത്തി ഏതെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നാൽ അത് നിയമപരമായ വിശദീകരണങ്ങൾ തേടുന്നതിലേക്ക് നയിച്ചേക്കാം.

ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു മന്ത്രി, സ്വകാര്യ വ്യക്തികളിൽ നിന്നോ വ്യവസായികളിൽ നിന്നോ പ്രതിഫലമില്ലാതെ ഇത്തരത്തിൽ ആഡംബര വാഹനങ്ങൾ കൈപ്പറ്റുന്നത് വഴിവിട്ട സഹായമായി കണക്കാക്കപ്പെടുമോ എന്ന ധാർമ്മിക ചോദ്യങ്ങളും ബാക്കിയാണ്. ഇത് സത്യപ്രതിജ്ഞാ ലംഘനത്തിലേക്കോ അഴിമതി നിരോധന നിയമം, കേരള ലോകായുക്ത ആക്ട് തുടങ്ങിയവയുടെ പരിധിയിലുള്ള അന്വേഷണ സാധ്യതകളിലേക്കോ വഴിതുറക്കുമോ എന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്. വാഹനം തിരികെ നൽകി വിവാദത്തിൽ നിന്ന് പിന്മാറാൻ ശ്രമിക്കുമ്പോഴും, നടപടിക്രമങ്ങളിലെ ഇത്തരം അവ്യക്തതകൾ ഷാജിയെ പുതിയ ഭരണ-നിയമ പ്രതിസന്ധികളിലേക്ക് നയിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുടി പിന്നിയിടുമ്പോൾ സ്ത്രീകളെ കാണാൻ നല്ല ഭംഗിയാണ്, എല്ലാവരും അതിലേക്ക് മടങ്ങണ'മെന്ന് നാനി; 'ഉപദേശം കയ്യിൽ വച്ചാൽ മതി'യെന്ന് വിമർശനം

'ഭാര്യയുടെ അടിമ, പെണ്‍ കോന്തന്‍'; അശ്വിനെതിരെ അതിരുവിട്ട അധിക്ഷേപം; മറുപടിയുമായി ദിയ കൃഷ്ണ

ഷൂ വാങ്ങുമ്പോൾ ഭംഗി മാത്രം നോക്കിയാൽ പോരാ; കാലിൻ്റെ ആരോഗ്യത്തിന് ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കണം

'ഭൂമിയിൽ ഒരവകാശവും ഇല്ലാത്തത് മനുഷ്യന് മാത്രമാണ്; അഞ്ച് പൈസ ചെലവില്ലാതെയാണ് ബാക്കിയെല്ലാ മൃ​ഗങ്ങളും ജീവിക്കുന്നത്'

ഹോക്കിയില്‍ സൂപ്പര്‍ സണ്‍ഡേ! '32 ​ഗോളുകളുടെ' പെരുമഴ തീർത്ത് ഇന്ത്യ!