Kochi Beef Controversy: Rajasthan Man's Post Triggers Malayali Trolls Facebook
Kerala

'കൊച്ചിയില്‍ ബീഫ് വില്‍ക്കുന്നത് കണ്ട് ഹൃദയം തകര്‍ന്നു'; മോദിയും യോഗിയും ഇടപെടണമെന്ന് യുവാവ്; കമന്റില്‍ റെസിപ്പിയിട്ട് മലയാളികള്‍

കേരളത്തിലെ വിവിധ ബീഫ് വിഭവങ്ങളുടെ പേരുകള്‍ നിരത്തിയാണ് ചിലരുടെ മറുപടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

കൊച്ചി: കൊച്ചിയിലെ വഴിയോര ഭക്ഷണശാലയില്‍ ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നതിനെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട രാജസ്ഥാന്‍ സ്വദേശിക്ക് മറുപടിയുമായി മലയാളികള്‍. സഞ്ജയ് ശര്‍മ എന്ന യുവാവാണ് കേരളത്തിലെ ബീഫ് വില്‍പ്പനയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പും ചിത്രവും പങ്കുവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിഷയത്തില്‍ ഇടപെടണമെന്നും രാജ്യവ്യാപകമായി നടപടി സ്വീകരിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. പോസ്റ്റ് ചര്‍ച്ചയായതോടെ പരിഹാസവും വിമര്‍ശനവുമായി നിരവധി മലയാളികളാണ് രംഗത്തെത്തിയത്.

'കൊച്ചിയിലെ ഈ കാഴ്ച എന്നെ ഏറെ വേദനിപ്പിച്ചു. ഈ ചിത്രം കേരളത്തിലെ ഒരു വഴിയോര ഭക്ഷണശാലയില്‍നിന്ന് എടുത്തതാണ്. യാതൊരു മറയുമില്ലാതെ ഇവിടെ ബീഫ് വില്‍ക്കുന്നു. പശുവിനെ പരിശുദ്ധമായി കാണുകയും ഹൈന്ദവ പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ചെയ്യുന്ന രാജ്യത്ത് ഇത്തരമൊരു കാഴ്ച കാണുന്നത് വേദനാജനകമാണ്' എന്നായിരുന്നു സഞ്ജയ് ശര്‍മയുടെ കുറിപ്പ്. രാജ്യത്തിന്റെ വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണമെന്നും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും യുവാവ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, പോസ്റ്റിന് താഴെ മലയാളികളുടെ രസകരവും രൂക്ഷവുമായ പ്രതികരണങ്ങളാണ് നിറയുന്നത്. കേരളത്തില്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം മലയാളികള്‍ക്കാണെന്നും മറ്റുള്ളവരുടെ ഭക്ഷണശീലങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് പലരും വ്യക്തമാക്കിയത്. കേരളത്തില്‍ ജീവിക്കുന്ന സസ്യാഹാരികള്‍ക്കുപോലും മറ്റുള്ളവര്‍ ബീഫ് കഴിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. 'ബീഫ് കഴിച്ചുകൊണ്ടാണ് ഈ പോസ്റ്റ് വായിക്കുന്നത്', 'ബീഫ് എന്നാല്‍ പശുവിറച്ചി മാത്രമല്ലെന്ന് മനസിലാക്കണം' തുടങ്ങിയ കമന്റുകളും ശ്രദ്ധേയമായി. ബീഫ് ഫ്രൈ, ബീഫ് റോസ്റ്റ്, ബീഫ് സ്റ്റ്യൂ, ബീഫ് കുറുമ, പെപ്പര്‍ ഫ്രൈ, ചില്ലി ബീഫ്, ബീഫ് മഞ്ചൂരിയന്‍, കപ്പയും ബീഫും, കപ്പ ബിരിയാണി തുടങ്ങി കേരളത്തിലെ വിവിധ ബീഫ് വിഭവങ്ങളുടെ പേരുകള്‍ നിരത്തിയാണ് ചിലരുടെ മറുപടി. മറ്റു ചിലരാകട്ടെ ബീഫ് കറി തയ്യാറാക്കുന്നതിനുള്ള പാചകക്കുറിപ്പുകളും പങ്കുവച്ചു.

കേരളത്തില്‍ മാത്രമല്ല, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബീഫ് വില്‍ക്കുകയും കഴിക്കുകയും ചെയ്യുന്നുണ്ടെന്നും അവിടങ്ങളിലെത്തി ഇത്തരം കാഴ്ചകള്‍ ചിത്രീകരിക്കണമെന്നും ചിലര്‍ പരിഹസിച്ചു. സ്വന്തം സംസ്ഥാനത്തെ കാര്യങ്ങള്‍ ആദ്യം നോക്കിയശേഷം കേരളത്തിലെ ഭക്ഷണരീതികളെക്കുറിച്ച് അഭിപ്രായം പറയണമെന്ന പ്രതികരണങ്ങളും പോസ്റ്റിന് താഴെയുണ്ട്.

കഴിഞ്ഞ മാസം ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ ബീഫ് വിളമ്പുന്നതിനെ വിമര്‍ശിച്ച് വിഡിയോ പങ്കുവച്ച 'ലിട്ടി ചോഖ' എന്ന സമൂഹമാധ്യമ അക്കൗണ്ടിന്റെ ഉടമ അമൃത് സിങ് ഡാരനെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചിയിലെ ബീഫ് വില്‍പ്പന ചൂണ്ടിക്കാട്ടിയ സഞ്ജയ് ശര്‍മയുടെ പുതിയ പോസ്റ്റും ചര്‍ച്ചയായിരിക്കുന്നത്. കേരളത്തിന്റെ ഭക്ഷണസംസ്‌കാരത്തെയും ഭക്ഷണസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്യാനുള്ള ശ്രമമായാണ് പലരും പുതിയ പോസ്റ്റിനെ വിമര്‍ശിക്കുന്നത്.

Rajasthan Man Criticises Open Beef Sale in Kochi; Malayalis Respond with Hilarious Trolls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക്, ലോറന്‍സ് ബിഷ്‌ണോയി സംഘവുമായി ബന്ധം, ഫോട്ടോഗ്രാഫര്‍; ഗുരുമൂര്‍ത്തി തൃശൂരില്‍ പിടിയില്‍

പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാവ്; പൃഥ്വിരാജിന്റെ മറുപടി കേട്ട് അദ്ദേഹം ഞെട്ടി; വെളിപ്പെടുത്തി രഞ്ജിത് ശങ്കര്‍

പത്താം ക്ലാസ് മതി; കേന്ദ്ര ഗവേഷണ സ്ഥാപനത്തിൽ ജോലി നേടാം, 25 മൾട്ടി ടാസ്‌കിങ് സ്റ്റാഫ് ഒഴിവുകൾ

14കാരിയെ പീഡിപ്പിച്ചു, നിര്‍ബന്ധിപ്പിച്ച് ഗര്‍ഭച്ഛിദ്രം നടത്തി; കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പരാതി; ഒടുവില്‍ ട്വിസ്റ്റ്

മകളുടെ വിദ്യാഭ്യാസത്തിന് പണം ഓര്‍ത്ത് ആശങ്ക വേണ്ട!; ഇതാ മൂന്ന് സമ്പാദ്യ പദ്ധതികള്‍