

പ്രതിഫലത്തെ ചൊല്ലിയുള്ള താരങ്ങളുടെ നിബന്ധനങ്ങളും പിടിവാശികളും നിര്‍മാതാക്കള്‍ക്ക് തലവേദനയാകുന്നതിനെക്കുറിച്ച് പലരും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായൊരു അനുഭവം പറയുകയാണ് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. നടന്‍ പൃഥ്വിരാജിനെക്കുറിച്ച് രഞ്ജിത് ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്
പൃഥ്വിരാജിനെ നായകനാക്കി അര്‍ജുനന്‍ സാക്ഷി എന്ന സിനിമ ഒരുക്കിയപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം പറയുന്നത്. 2011 ലാണ് അര്‍ജുനന്‍ സാക്ഷി തിയേറ്ററുകളിലെത്തിയത്. എസ് സുന്ദരരാജന്‍ ആയിരുന്നു സിനിമയുടെ നിര്‍മാണം. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് രഞ്ജിത് ശങ്കര്‍ ഓര്‍മ പങ്കിട്ടത്. ആ വാക്കുകളിലേക്ക്:
''അര്‍ജുനന്‍ സാക്ഷിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ്. അതിനിടയില്‍ നിര്‍മാതാവയ സുന്ദരരാജന്‍ ചേട്ടന്‍ എന്നെ വിളിച്ചു. എന്റെ കൂടെ പൃഥ്വിരാജിനെ കാണാന്‍ വരണം. അദ്ദേഹത്തിന്റെ ഫൈനല്‍ സെറ്റില്‍മെന്റാണ്. അദ്ദേഹത്തോട് എന്തെങ്കിലും പൈസ കുറയ്ക്കാമോ എന്ന് സംസാരിക്കണം. ചെയ്ത് പരിചയമുള്ള കാര്യമല്ല, എന്നാലും അദ്ദേഹം അത് പറയുമ്പോള്‍, നമുക്ക് ഇഷ്ടമുള്ള സിനിമയുണ്ടാക്കാന്‍ സഹായിച്ചയാളാണ്. തീര്‍ച്ചയായും വരാമെന്ന് പറഞ്ഞു.
അവസാനത്തെ പെയ്‌മെന്റ് കുറച്ച് വലിയൊരു തുകയുണ്ട്. അതില്‍ വലിയൊരു ശതമാനവും കൊടുക്കാന്‍ അദ്ദേഹം തയ്യാറാണ്. മുഴുവന്‍ കൊടുക്കാനും തയ്യാറാണ്. അത് സമ്മതിച്ചിട്ടാണല്ലോ തുടങ്ങുന്നത്. കുറേ പൈസ കൊണ്ടു വന്നിട്ടുണ്ട്. ഇനിയും വേണ്ടി വരുമെന്ന് എടിഎമ്മില്‍ നിന്നും എടുക്കുകയും ചെയ്തു. എന്നിട്ടൊക്കെയാണ് പൃഥ്വിയുടെ ഫ്‌ളാറ്റില്‍ പോകുന്നത്.
സംസാരിച്ചു കൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു, നമ്മളെ സിനിമയെടുക്കാന്‍ സഹായിച്ച ആളല്ലേ, ബജറ്റ് നമ്മള്‍ വിചാരിച്ചതിലും കൂടിപ്പോയി. താങ്കള്‍ പ്രതിഫലം കുറച്ചാല്‍ അദ്ദേഹത്തിന് ഉപകാരമായിരിക്കും. പൃഥ്വി പെട്ടെന്നു പറഞ്ഞത് എനിക്ക് ഈ പ്രതിഫലം മൊത്തത്തില്‍ വേണ്ട എന്നായിരുന്നു. എനിക്കിത് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. അതിനാല്‍ അവസാനത്തെ പ്രതിഫലം വേണ്ട. അത് സുന്ദരരാജന്‍ ചേട്ടന് പോലും സര്‍പ്രൈസായിപ്പോയി''.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates